ലോക് ഡൗണ്‍ തീരുന്നതോടെ പ്രവാസികളെ തിരിച്ചെത്തിക്കുക്കുന്നതിനു മുന്നോടിയായി മലപ്പുറം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം, തിരിച്ചെത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലുണ്ടാവുക. പ്രത്യേക വിമാനങ്ങളില്‍ എത്തുന്നവരെ പുറത്തിറങ്ങുന്നതോടെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും. മറ്റുള്ളവരെ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവരുമായി നിരന്തരം ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും. യാതൊരു കാരണവശാലും ഇവരെ വീട്ടില്‍ നിന്ന് 28 ദിവസത്തേയ്ക്ക് പുറത്തു പോകാന്‍ അനുവദിക്കില്ല.
ഇത് ദ്രുത കര്‍മ്മ സംഘങ്ങള്‍ നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തും. തിരിച്ചെത്തുന്നവര്‍ക്കെല്ലാം 28 ദിവസത്തെ പ്രത്യേക നിരീക്ഷണം നിര്‍ബന്ധമാണെന്ന്് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രവാസികളെ ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കും. ഇതിന് ആരോഗ്യം, പൊലീസ്, മോട്ടോര്‍ വാഹനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ സേവനമുണ്ടാവും. ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്കും ഇതര ജില്ലകളിലേയ്ക്കും യാത്രക്കാരെ എത്തിക്കാന്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ലഗേജുകള്‍ പരമാവധി കുറയ്ക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. തിരിച്ചെത്താന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ജില്ലാ ഭരണകൂടത്തിന് ലഭ്യമാവും.
ഇതനുസരിച്ച് തിരിച്ചെത്തുന്നവരുടെ വീടുകളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായി സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണത്തിന് സൗകര്യങ്ങളുണ്ടോയെന്ന് നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തും. ഇതിന് സൗകര്യങ്ങളില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിക്കുക. ലോക് ഡൗണ്‍ തീരുന്നതോടെ മലപ്പുറം ജില്ലയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെന്ററുകളാണ് നിലവില്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനത്താവള അതോറിട്ടി, സിഐഎസ്എഫ്, എമിഗ്രേഷന്‍, കസ്റ്റംസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.