കോഴിക്കോട് മഴക്ക് ശമനം

Web Desk
Posted on August 12, 2019, 9:01 pm
ക്യാപ്ഷന്‍: വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായി നാലുപേര്‍ മരിച്ച സ്ഥലം മന്ത്രി ടി പി രാമകൃഷ്ണന്‍, ഇ കെ വിജയന്‍ എം എല്‍ എ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു.

കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമായതോടെ ജില്ല സാധാരണ സ്ഥിതിയിലേക്ക് മടങ്ങുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികളാണ് പലയിടത്തും നടന്നുവരുന്നത്. ജില്ലയില്‍ 72 ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. നിലവില്‍ ജില്ലയില്‍ 245 ക്യാമ്പുകളിലായി 16794 കുടുംബങ്ങളില്‍ നിന്നുള്ള 53815 ആളുകളാണുള്ളത്.  ശക്തമായ മഴയെത്തുടര്‍ന്ന് തടസ്സപ്പെട്ട ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് സ്‌പെഷ്യല്‍ പാസഞ്ചറായി കടത്തിവിട്ടു. പാളയങ്ങള്‍ ഗതാഗത യോഗ്യമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഷൊര്‍ണൂര്‍-പാലക്കാട് പാത തുറന്നിരുന്നു.

ജില്ലയില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകളെല്ലാം സര്‍വ്വീസ് പുനരാരംഭിച്ചു. കോഴിക്കോട് നിന്നുള്ള എല്ലാ സര്‍വ്വീസുകളും സാധാരണനിലയില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.
ജില്ലയില്‍ നൂറു കണക്കിന് വീടുകള്‍ നശിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടായ മലയോര മേഖലകളില്‍ ജീവിതം സാധാരണ നിലയിലായിട്ടില്ല. ഉരുള്‍പൊട്ടലില്‍ നാലു ജീവനുകള്‍ നഷ്ടപ്പെട്ട വിലങ്ങാട് മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് വിലങ്ങാട് പാരിഷ് ഹാളിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളും പ്രദേശത്തെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. വിലങ്ങാട് സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളിലെ ക്യാമ്പില്‍ ഇരുന്നൂറോളം പേരാണ് ഉള്ളത്. പാലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ എണ്‍പതോളം ആളുകളും കുറ്റൂര്‍ സേവാ മന്ദിരത്തിലെ ക്യാമ്പില്‍ 25 ഓളം കുടുംബങ്ങളും ആണ് നിലവില്‍ ഉള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച ലിസിയുടെ ബന്ധുക്കളെയും മന്ത്രി സന്ദര്‍ശിച്ചു. ഇ കെ വിജയന്‍ എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി ഗവാസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വെള്ളപ്പൊക്ക മേഖലകളില്‍ പുഴകളില്‍ വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുതുടങ്ങിക്കഴിഞ്ഞു. ദുരന്ത നിവാരണ സേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയുമെല്ലാം കഠിന പ്രയത്‌നത്തിന്റെ ഫലമായി ദുരന്തത്തെ അതിജീവിച്ച് കോഴിക്കോട് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള സഹായങ്ങള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്.