29 March 2024, Friday

അവർ വീണ്ടുമെത്തി; അരനൂറ്റാണ്ടുകാലം പോയതറിയാതെ, കാൽപന്താരവത്തിന്റെ ഓർമ്മചെപ്പും തുറന്ന്

സുരേഷ് എടപ്പാൾ
മലപ്പുറം/തേഞ്ഞിപ്പലം
October 19, 2021 10:48 pm

അവർ വീണ്ടും ഒത്തുചേർന്നു, ഓർമ്മകളിൽ ഇപ്പോഴും ഗ്യാലറിയിൽ നിന്നുള്ള ആരവങ്ങൾ ഉയരുന്നുകൊണ്ടിരിക്കുന്നു, ഒരുനാളും മായാത്ത ആ സുവർണ്ണ സുരഭിലനിമഷങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ.… ക്യാമ്പസ് ഒരുപാട് മാറിയെങ്കിലും ആ മണ്ണും മൈതാനവും ഉച്ചത്തിൽ ഓരോരുത്തരേയും പേരെടുത്തുവിളിക്കുന്നു. അഞ്ചുപതിറ്റാണ്ടുകാലം പോയതറിഞ്ഞില്ല… അകാലത്തിൽ പൊലിഞ്ഞ നാലു സുഹൃത്തുക്കളുടെ ഓർമ്മകൾ അവരുടെ കണ്ണുകളെ ഈറനണിയിച്ചു… പിന്നെ എല്ലാം മറന്ന് പുഞ്ചിരിച്ചു, ചേർത്തുപിടിച്ചു… ഓർമ്മകകളുടെ സുഗന്ധം ഇത്രമാത്രം ആസ്വദിച്ച ഒരു വേള എന്റെ ജീവിതത്തിലുണ്ടായിട്ടില്ല വിക്ടർ.… നമ്മൾ ഭാഗ്യവാന്മാരാണ്. രാജ്യം കണ്ട എക്കാലത്തേയും മികച്ച ഗോൾ കീപ്പറായ വിക്ടർമഞ്ഞിലയെ ചേർത്തു പിടിച്ച് അന്നത്തെ പ്രതിരോധത്തിലെ ഉരുക്കമനുഷ്യൻ എം വി ഡേവീസ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ പുൽമൈതാനത്തിലേക്ക് നടന്നു നീങ്ങി. ഇന്നലെ കാലിക്കറ്റ് സർവ്വകലാശാലക്ക് ആഘോഷത്തിന്റെ ദിനമായിരുന്നു. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ 19 നായിരുന്നു ആ നേട്ടം. അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ കിരീടത്തിൽ കാലിക്കറ്റ് ആദ്യമായി മുത്തമിട്ട സുദിനം. വർഷങ്ങൾക്കിപ്പുറം ആ ടീം വീണ്ടും സർവകലാശാലയിലെത്തി. കലാശാലയുടെ ആദരവും സ്നേഹവായ്പും ഏറ്റുവാങ്ങാൻ. കാൽപന്തുകളിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും അവിസ്മരണീയമായ മുഹൂർത്തമായിരുന്നു ഇന്നലെത്തേത്. കാലിക്കറ്റിലൂടെ പന്തുതട്ടി വളർന്ന് രാജ്യത്തെ മികച്ച ഫുട്ബോളർമാരെന്ന കാലം അടയാളപ്പെടുത്തിയ ഒരുപിടിതാരങ്ങൾ തങ്ങളുടെ നേട്ടത്തിന്റെ ആവേശഭരിതമായ ഓർമ്മകളിലൂടെ സഞ്ചരിച്ചപ്പോൾ വേദിയും സദസും അക്ഷരാർത്ഥത്തിൽ ഉൾപ്പുളകത്തിലമർന്നു. 1971 ഒക്ടോബർ 19 നാണ് സ്വന്തം മണ്ണിൽ കാലിക്കറ്റ് ആദ്യമായി അശുതോഷ് മുഖർജിയുടെ പേരിലുള്ള കപ്പുയർത്തിയത്. കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും അതുവരെ നേടാൻ കഴിയാത്ത ചരിത്രനേട്ടം.

ദക്ഷിണമേഖലാതല മത്സരങ്ങളിൽ വലിയ വിജയങ്ങൾ നേടിയായിരുന്നു കാലിക്കറ്റ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. തേഞ്ഞിപ്പലത്ത് നടന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ നാല് സോണുകളിൽ നിന്നുള്ള ചാമ്പ്യൻ ടീമുകൾ മുഖാമുഖം. പശ്ചിമമേഖലയിൽ നിന്നുള്ള വിക്രം സർവകലാശാല, ഉത്തരമേഖലയിൽ നിന്നുള്ള പഞ്ചാബ്, കിഴക്കൻ മേഖലയിൽ നിന്ന് ഗോഹട്ടി എന്നിവയായിരുന്നു ആ നാല് ടീമുകൾ. ആദ്യമത്സരത്തിൽ വിക്രം സർവ്വകലാശലായെ തോൽപ്പിച്ചെങ്കിലും പഞ്ചാബുമായുള്ള രണ്ടാം മത്സരം വിവാദമായി. റഫറി പക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ച് പഞ്ചാബ് ടീം കളിക്കളം വിട്ടതോടെ കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിച്ചു. ഗോഹത്തിക്കെതിരെ സമനില നേടിയാണ് റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടന്ന ടൂർണ്ണമെന്റിലെ ജേതാക്കളായത്. മികച്ചതാരമായി തെരഞ്ഞെടുത്തത് കാലിക്കറ്റിന്റെ മുഹമ്മദ് ബഷീറിനെയായിരുന്നു. സർവകലാശാല നിലവിൽ വന്ന് മൂന്നാം വർഷത്തിലാണ് രാജ്യത്തെ കലാശാലകളുടെ കായിക ശേ­ഷിയിൽ കാലിക്കറ്റ് മികവിന്റെ കൈയ്യൊപ്പ് ചാർത്തിയതെന്നുതും ശ്രദ്ധേയമാണ്. പിന്നീട് പത്തുവട്ടം അഖിലേന്ത്യാതലത്തിൽ ഫുട്ബോളിൽ കിരീടവിജയം ആവർത്തിച്ചു. ചരിത്രനേട്ടത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ അന്ന് കിരീടനേട്ടത്തിനായി വിയർപ്പൊഴുക്കിയ കളിക്കാരുടെ കളിജീവിതത്തെ കുറിച്ചുള്ള വിലിയരുത്തൽ കൂടിയായി മാറി ചടങ്ങ്. ചിലർ ഇന്ത്യക്കായി കളിച്ചു. മറ്റുചിലർ സന്തോഷ് ട്രോഫിയിലും ക്ലബ്ബ് ഫുട്ബോളിലും ബൂട്ടുകെട്ടി. രത്നാകരൻ, എം ആർ ബാബു, ദിനേശ് പട്ടേൽ, ശശികുമാർ എന്നിവർ ജീവിതത്തിൽ നിന്ന് വിടവാങ്ങി.

കിരീടനേട്ടത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിച്ചു. അന്നത്തെ ടീം ക്യാപ്റ്റനും ഗോളിയുമായ വിക്ടർ മഞ്ജിലക്ക് മന്ത്രി വി അബ്ദുറഹ്‌മാൻ പന്തെറിഞ്ഞു കൊടുത്തായിരുന്നു ചരിത്രം കുറിച്ച കപ്പടിക്കലിന്റെ ഓർമ്മകളെ തിരികെ വിളിച്ചത്. പഴയ കളിക്കാരും പരിശീലകനും മാനേജരുമെല്ലാം പ­ന്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അന്നത്തെ ഫുട്ബോൾ ടീം പരിശീലകൻ സി പി എം ഉസ്മാൻ കോയ, മാനേജർ സി പി അബൂബക്കർ, കായികവിഭാഗം മേധാവി ഡോ. ഇ ജെ ജേക്കബ്, ക്യാപ്റ്റൻ വിക്ടർ മഞ്ജില, ടീമംഗങ്ങളായ പി അബ്ദുൾ ഹമീദ്, ഡോ. എം ഐ മുഹമ്മദ് ബഷീർ, എ അബ്ദുൾ റഫീഖ്, കെ സി പ്രകാശ്, പി പൗലോസ്, എം വി ഡേവിസ്, കെ പി പ്രദീപ്, എൻ കെ സുരേഷ്, ഇ രാമചന്ദ്രൻ, കുഞ്ഞിമുഹമ്മദ്, പി അശോകൻ പരേതരായ എം ആർ ബാബുവിന്റെ ഭാര്യ ഷൈനി കെ പി രത്നാകരന്റെ മകൾ ഡോ. കാജൽ എന്നിവർ സർവകലാശാലയുടെ ഉപഹാരം ഏറ്റുവാങ്ങി. ഒപ്പം വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ പ്രഖ്യാപനവും വന്നു, ഒക്ടോബർ 19 ഇനിമുതൽ കാലിക്കറ്റ് സർവകലാശാലയുടെ സ്വന്തം കായികദിനമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.