കാലിഫോർണിയയിൽ ഹൈസ്കൂൾ വിദ്യാർഥിയുടെ വെടിയേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു

Web Desk
Posted on November 15, 2019, 12:10 pm

സാന്റ ക്ലാരിറ്റ: കാലിഫോർണിയയിൽ ഹൈസ്കൂൾ വിദ്യാർഥിയുടെ വെടിയേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു, മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. സ്കൂൾ സമയം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ബാഗിലൊളിപ്പിച്ച കൊത്തോക്കെടുത്ത് വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. വിദ്യാർഥിയുടെ 16ാം പിറന്നാളായ വ്യാഴാഴ്ചയായിരുന്നു സംഭവം. ലോസ് ആഞ്ചലിസിൽ നിന്ന് മുപ്പത് മൈൽ അകലെയുള്ള സോഗസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്.

തോക്കിൽ അവശേഷിച്ച വെടിയുണ്ടയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തതായി പോലീസ് അറിയിച്ചു. വിദ്യാർഥിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. ഏകദേശം 2,400 വിദ്യാർഥികൾ സോഗസ് ഹൈസ്കൂളിലുണ്ട്.