Monday
25 Mar 2019

ശശി തരൂരിനെ വിളിക്കൂ, തെറ്റുതിരുത്താന്‍ സൂപ്പര്‍കാലിഫ്രാജിലിസ്റ്റിക് എക്‌സ്പിയാലിഡോസിസ്!

By: Web Desk | Sunday 16 December 2018 10:22 PM IST


devika

ഫാല്‍ വിമാന കുംഭകോണത്തില്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി വാങ്ങിയ മോഡി സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്തുകിടന്ന് ഉരുളുന്നതുകാണാന്‍ എന്തൊരു ചന്തം. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യാകരണപിശകുണ്ടെന്നും അതു തിരുത്തി വിധി പറയണമെന്നുമാണ് പുതിയ ആവശ്യം. തിരുത്തല്‍ ഹര്‍ജിയിലെങ്കില്‍ അപ്പാടെ മൊണ്ണത്തെറ്റുകളെന്നാണ് ശ്രുതി. കള്ളം മറയ്ക്കാന്‍ വ്യാകരണത്തെ കൂട്ടുപിടിക്കുന്ന മോഡി സര്‍ക്കാര്‍ ഇംഗ്ലീഷ് വാചകത്തെറ്റു തിരുത്താന്‍ പരക്കം പായുന്നതു കാണുമ്പോള്‍ അമിത്ഷായും കൂട്ടരും പറയുന്നത് ‘ശശിതരൂരിനെ വിളിക്കൂ തെറ്റു തിരുത്തൂ’ എന്നാണത്രെ. കാരണം ഇംഗ്ലീഷിന്റെ എഴുത്തച്ഛനായ ചാസര്‍ മഹാകവിയുടെ ആധുനിക പതിപ്പായ തരൂറിന് കോടതിയെ കുരുക്കാനുള്ള ഇംഗ്ലീഷ് ഭാഷാപാടവം ഉണ്ടത്രേ. പാര്‍ലമെന്റില്‍ തരൂര്‍ പ്രസംഗിക്കന്ന ഒറ്റയക്ഷരം സഭയ്ക്ക് മനസിലാകില്ല. ഇംഗ്ലീഷില്‍ ഉള്ളതും ഇല്ലാത്തതുമായ വാക്കുകള്‍ എടുത്ത് അമ്മാനമാടിയ ശേഷം ലോക്‌സഭയേയും തന്നെ തെരഞ്ഞെടുത്ത തിരുവനന്തപുരത്തെയും പറ്റിച്ചേ എന്ന സംതൃപ്തിയോടെ പിന്നെ സീറ്റില്‍ ഒറ്റയിരിപ്പാണ്. പോളിമാനിപ്പുലിസമെന്നും പൊളിറ്റിക്കല്‍ സൊംനാംബുലിസമെന്നുമൊക്കെ പറഞ്ഞാല്‍ മോഡിക്കെന്നല്ല സ്പീക്കര്‍ സുചിത്ര മഹാജനു പോലും ഒരെത്തും പിടിയും കിട്ടില്ല.
തെറ്റുതിരുത്താന്‍ തരൂരിനെ വിളിച്ചുനോക്കൂ. തിരുത്തല്‍ രേഖയില്‍ സൂപ്പര്‍ കാലിഫ്രാജിലിസ്റ്റിക് എക്‌സ്പിയാലിഡോസിസ് എന്നു കാണും. അപ്പാലിങ്, കൊളോസല്‍, ലുഗൂബ്രിയോസ്, ഗര്‍ഗാല്‍ഷ്വാ തുടങ്ങിയ സ്ഥിരം വാക്കുകള്‍ തിരുകിക്കയറ്റും. ചിലപ്പോള്‍ ഇംഗ്ലീഷ് നിഘണ്ടുവിലെ 45 അക്ഷരങ്ങളുള്ള ‘ന്യുമോണോ അള്‍ട്രാ മൈക്രോസ്‌കോപിക് സിലികോ വോയിക് അനോകോണിയോസിസ്’ എന്ന വിചിത്ര വാക്കും കാണും. (സിലിക്കാ ഖനികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുണ്ടാകുന്ന മാരകമായ ഒരുതരം ക്ഷയരോഗത്തിന്റെ വൈദ്യശാസ്ത്ര നാമമാണ് ഈ നെടുനെടുങ്കന്‍ വാക്ക്) സൂപ്പര്‍ കാലി ഫ്രാജിലിസ്റ്റിക് എന്നു തുടങ്ങുന്ന വാക്ക് മേരി പോപ്പിന്‍സ് സിനിമയിലെ ഒരസംബന്ധ വാക്കും. ഇതെല്ലാം കൂട്ടിക്കലര്‍ത്തി ബിജെപിക്കു വേണ്ടി ശശിതരൂര്‍ ഒരു തെറ്റുതിരുത്തല്‍ രേഖയുണ്ടാക്കിയാല്‍ അതു വായിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ബെഞ്ച് ഒടിഞ്ഞുവീഴുകയേ ഗത്യന്തരമുള്ളു. നടുവൊടിഞ്ഞ ന്യായാധിപന്‍മാര്‍ എണീറ്റുനിന്ന് തരൂരിന് കപ്പം പ്രഖ്യാപിക്കുകയും ചെയ്യും. റഫേല്‍ കുംഭകോണം ക്ലോസാവുകയും ചെയ്യും.
എന്നാല്‍ ഈ ഇംഗ്ലീഷ് തിരികിട വിദ്യകള്‍കൊണ്ട് മാലോകരേയും ലോക്‌സഭയേയും കബളിപ്പിക്കുന്ന തരൂരിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ പൂച്ച് ചില സമൂഹമാധ്യമ കില്ലാടികള്‍ പുറത്തുകൊണ്ടുവന്നുതുടങ്ങിയിരിക്കുന്നു. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഊഞ്ഞാലാടി കളിക്കുന്ന തരൂരിന് ഒരു സാധാരണ ഇംഗ്ലീഷ് വാക്കുപോലും തെറ്റുകൂടാതെ എഴുതാനാവില്ലെന്ന് ഈ നവമാധ്യമശിങ്കിടിമുങ്കന്‍മാര്‍ കണ്ടുപിടിച്ചുകളഞ്ഞു. നവീകരണം എന്നര്‍ഥമുള്ള ഇന്നവേഷന്‍ എന്ന വാക്ക് തരൂരിന്റെ അബദ്ധപഞ്ചാംഗത്തില്‍ ഇന്നിവേഷന്‍ ആയി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നമ്മുടെ ഭൂലോകകവയിത്രി ദീപാനിശാന്തിനെപോലെ ഒരു ഉരുണ്ടുകളി. ആ വാക്ക് വേണമെങ്കില്‍ ഇന്‍വിറ്റേഷന്‍ എന്നു തിരുത്തിക്കൊള്ളൂ എന്ന് കയ്യോടെ പിടിയിലായ കള്ളന്റെ ജാള്യതയോടെ ഒരു ‘തരൂരിയന്‍’ പ്രയോഗവും.
അനശ്വരനായ വയലാറിന്റെ ‘എന്നെ പുണ്യവാളത്തിയാക്കരുത്’ എന്ന ഒരു കവിതയുണ്ട്. കന്യാസ്ത്രീ മഠത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒരു കയറിന്‍തുമ്പില്‍ ജീവനൊടുക്കിയ ജസിന്ത എന്ന കര്‍ത്താവിന്റെ മണവാട്ടിയെക്കുറിച്ചുള്ള വിയോഗവ്യഥയുടെ വേപഥു നിറഞ്ഞ കവിത. സിസ്റ്റര്‍ ജസീന്ത തന്റെ ആത്മഹത്യകുറിപ്പില്‍ എഴുതി.’…. എന്നെ മരിച്ചുകഴിഞ്ഞാലൊരിക്കലും പുണ്യവാളത്തിയായി മാറ്റാതിരിക്കണേ…’ സെക്രട്ടേറിയറ്റ് പടിക്കലെ ബിജെപിയും നിരാഹാരപന്തലിനു ചുറ്റും ആത്മഹത്യ ചെയ്ത വേണഗോപാലന്‍ നായര്‍ എന്ന ഹതഭാഗ്യന്റെ ആത്മാവ് ചുറ്റിപ്പറ്റി നടന്നു പറയുന്നത്രേ ‘എന്നെ രക്തസാക്ഷിയാക്കരുത്.’ ഉറക്കം പിടിച്ചുവരുമ്പോള്‍ നിരാഹാര സത്യഗ്രഹി സി കെ പത്മനാഭന്റെ ചെവിയില്‍ വന്ന് വേണുഗോപാലന്‍ മന്ത്രിക്കും, ‘എന്നെ രക്തസാക്ഷിയാക്കരുതേ..’ നിരാഹാരവും നിദ്രാരാഹിത്യവും ദുഃസ്വപ്‌നവും കൂടിയായതോടെ ആശുപത്രിയിലേക്കു മുങ്ങാനാണ് പപ്പേട്ടന്റെ പരിപാടി. പക്ഷേ അവിടെയും കത്തുന്ന പന്തം പോലെ വേണുഗോപാലന്‍ നായര്‍ തന്നെ രക്തസാക്ഷിയാക്കരുതേ എന്ന ഡിമാന്‍ഡുമായി എത്തിയാലോ! വേണുവിനെ രക്തസാക്ഷിയാക്കിയ പി എസ് ശ്രീധരന്‍ പിള്ളയ്ക്കും പ്രേതഭയത്താല്‍ നിദ്രാവിഹീനങ്ങളാണ് രാപകലുകള്‍ എന്ന് അടുത്ത ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും വായിച്ചെടുക്കാം.

ബിജെപിയെയാകെ തന്നെ പ്രേതബാധ ബാധിച്ചിരിക്കുന്നുവെന്നാണ് വര്‍ത്തമാനം. ഈയടുത്ത് എയിഡ്‌സ് ബാധിച്ചുമരിച്ച ഒരു യുവാവിന്റെ പ്രേതം ഉറക്കത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ ചെവിയില്‍ വന്നു മന്ത്രിച്ചുവത്രെ; ദുരിതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യ ചെയ്ത ആ പാവം വേണു എന്റെ സുഹൃത്തായിരുന്നു. അയാളെ നിങ്ങള്‍ ബിജെപിയുടെ രക്തസാക്ഷിയാക്കി ഹര്‍ത്താലാചരിച്ച് നാടാകെ കുട്ടിച്ചോറാക്കി. എന്റെ കയ്യിലിരിപ്പുകൊണ്ടുമാത്രം സംഭവിച്ച എയ്ഡ്‌സ് ബാധിച്ചുമരിച്ച എന്നെ രക്തസാക്ഷിയാക്കി ജനത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വലയ്ക്കരുത്. എന്റെ ആത്മാവിനെയെങ്കിലും വെറുതെവിടുക. സംസ്ഥാനത്തെ ആശുപത്രികളില്‍ വയറിളക്കവും വൈറല്‍പനിയും ബാധിച്ചുമരിച്ച കുട്ടികളുടെ കുരുന്ന് ആത്മാക്കളും ശ്രീധരന്‍പിള്ളയുടെ വീട്ടിലും മാരാര്‍ജി ഭവനിലുമായി ക്യൂ നില്‍പ്പാണത്രെ. ആ ആത്മാക്കള്‍ നാമജപമല്ല നടത്തുന്നത്, പ്രത്യുത മുദ്രാവാക്യങ്ങള്‍ മാത്രം; തങ്ങളെ രക്തസാക്ഷികളും കച്ചവടച്ചരക്കുമാക്കരുതെന്ന്!

ഇതിനിടെ ചില കല്യാണ, കക്കൂസ്, ശിശുമരണ ചിന്തകള്‍ മനസിലേക്ക് തിക്കിക്കയറിവരുന്നു. റഫാല്‍ കുംഭകോണം വഴി മുപ്പതിനായിരം കോടി രൂപയാണ് അംബാനി കുടുംബത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തിയതെന്ന വാര്‍ത്തകള്‍ക്കിടെ അംബാനിമാരില്‍ മൂത്തയാളായ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും പിരമലും തമ്മിലുള്ള വിവാഹത്തിന് പൊടിപൊടിച്ചത് 700 കോടിയിലേറെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിഥികളെ കൊണ്ടുവരാന്‍ പറന്നത് നൂറോളം വിമാനങ്ങള്‍. മുന്‍ യുഎസ് പ്രസിഡന്റ് ഹിലരി ക്ലിന്റനെ കൊണ്ടുവരാന്‍ മാത്രം 10 കോടി. പോപ്പ് ഗായിക ബിയോണിന് പ്രതിഫലം 28 കോടി. കല്യാണ മാമാങ്കത്തോടനുബന്ധിച്ച മൈലാഞ്ചിക്കല്യാണത്തിന് മദ്യം ഒഴുകുകയായിരുന്നു. അടിച്ചുപൂസായ മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായി വിവാഹത്തിലെ വാര്‍ത്താതാരമാകാന്‍ ബോധരഹിതയായി താളംതെറ്റിയ നൃത്തച്ചുവടുകള്‍ വച്ചു. ഈ വിവാഹധൂര്‍ത്തിന്റെ കോടികള്‍ മുഴുവന്‍ ആര്‍ജിച്ചത് മോഡി ഭരണത്തിന്റെ പരിലാളനയില്‍.

മറു പകുതിയില്‍ ‘ഞങ്ങളെ മാത്രം കറുത്ത ചായം കൊണ്ടെന്തിനീ മണ്ണില്‍ വരച്ചു’ എന്നു ചോദിക്കുന്ന ഇന്ത്യ. അഞ്ച് വയസു തികയുന്നതിനു മുമ്പ് പട്ടിണിയും പോഷകാഹാരക്കുറവും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുംമൂലം പ്രതിവര്‍ഷം 17 ലക്ഷം കുട്ടികള്‍ മരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. മോഡി അധികാരത്തിലേറുന്നതിനു മുമ്പ് ഇത് 12 ലക്ഷമായിരുന്നു അനൗദേ്യാഗിക കണക്കുകളനുസരിച്ച് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പട്ടിണിമരണസംഖ്യ പ്രതിവര്‍ഷം 28 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. പോഷകാഹാരക്കുറവുമൂലം ജനിക്കും മുമ്പേ മരിക്കുന്നവര്‍ 39 ശതമാനം. ഈ ഇന്ത്യയിലാണ് അംബാനി കല്യാണ മാമാങ്കങ്ങള്‍.
മോഡി അധികാരത്തിലേറുമ്പോള്‍ രണ്ട് മധുരമനോഹര വാഗ്ദാനങ്ങളുണ്ടായിരുന്നു. സ്വച്ഛഭാരതും ‘ബേഠീ പഠാവോ, ബേഠി ബച്ചാവോയും. ഇന്ത്യയിലെ വെളിയിട വിസര്‍ജനത്തിന് വിരാമമായി 10 കോടി കക്കൂസുകള്‍ നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. ചില കണക്കുകള്‍ അനുസരിച്ച് പത്തുലക്ഷം കക്കൂസുകള്‍ പോലും പണിതില്ല. വാഗ്ദാനം ഇപ്പോള്‍ ചാനല്‍ പരസ്യങ്ങളില്‍ മാത്രം. ഇതിനിടെ ചെന്നൈയിലെ ഏഴ് വയസുകാരി ഹനീഫാ സാറ തനിക്ക് ഒരു കക്കൂസ് നിര്‍മിച്ചുതരാത്ത പിതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാര്‍ത്ത വരുന്നു. കേസ് പിന്‍വലിക്കാന്‍ പൊലീസ് ഓഫീസര്‍ എ വളര്‍മതി സാറയെ നല്ലോണം ഉപദേശിച്ചു. അവളാകട്ടെ ‘അപ്പാവെ വിടമാട്ടെ’ എന്ന വാശിയിലും. സ്വച്ഛഭാരത് പദ്ധതിയനുസരിച്ച് സഹായം അഭ്യര്‍ഥിച്ചിട്ട് സര്‍ക്കാര്‍ കൈമലര്‍ത്തുന്നു. താനെന്തു ചെയ്യുമെന്ന് നിസഹായനായ പിതാവ്. ഇതും ഇന്ത്യ. മോഡിയുടേയും അംബാനിമാരുടെയും ഇന്ത്യ. കുഞ്ഞു സാറയുടെയും ഇന്ത്യ…