വാടക അമ്മമാരുടെ കൂട്ടത്തെ റെയിഡില്‍ പിടികൂടി

Web Desk
Posted on June 24, 2018, 4:09 pm

നോംപെന്‍. കുട്ടികളെ പ്രസവിച്ചു വില്‍ക്കാനുള്ള വാടക അമ്മമാരുടെ കൂട്ടത്തെ കംബോഡിയയില്‍ നടന്ന റെയിഡില്‍ അധികൃതര്‍ പിടികൂടി.
ചൈനക്കാര്‍ക്കായാണ് 33 വാടകഅമ്മമാരെ തയ്യാറാക്കിയിരുന്നത്. ഒരു ചീനക്കാരന്‍ അടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

അമ്മമാരില്‍ ചിലര്‍ പ്രസവിച്ചുകഴിഞ്ഞവരും ചിലര്‍ ഗര്‍ഭിണികളുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ഒറ്റക്കുട്ടി പോളിസിയില്‍ ചൈന ഇളവുവരുത്തിയതിനുശേഷം ചൈനയില്‍നിന്നും കുട്ടികള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ഏതാണ്ട് ആറുലക്ഷം രൂപവരെ വാഗ്ദാനംചെയ്താണ് കുട്ടികളെ വാങ്ങുന്നത്.

ബീജവും അണ്ഡവും ക്ലിനിക്കിൽ സംയോജിപ്പിച്ചു വാടക അമ്മമാരുടെ ഗർഭപാത്രത്തിൽ  നിക്ഷേപിച്ച് സാധാരണ രീതിയില്‍ വളര്‍ത്തി പ്രസവിച്ച് ക്‌ളിനിക്കിനു നല്‍കി പണം വാങ്ങിമടങ്ങുന്ന രീതിക്ക് സറോഗേറ്റീവ് മദര്‍ എന്നാണ് പറയാറ്. ചൈന ഈ രീതി നിഷേധിച്ചതാണ് കംബോഡിയ അടക്കം ചില രാജ്യങ്ങളെ ഇതിനായി കച്ചവടക്കാര്‍ സമീപിക്കാനിടയാക്കിയത്. സാമ്പത്തികമായി പിന്നോക്കമുള്ള നാടുകളിലെ സ്ത്രീകള്‍ ഇതൊരു വരുമാനമാര്‍ഗമാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ 2016ല്‍ കംബോഡിയ വാടക അമ്മ ബിസിനസ് അവസാനിപ്പിച്ചു. ഒരു ഓസ്‌ട്രേലിയന്‍ നഴ്‌സിനെ സറോഗസി ക്‌ളിനിക് നടത്തിയതിന് കംബോഡിയ18മാസം ജയില്‍ശിക്ഷവിധിക്കുകയും ചെയ്തിരുന്നു.