കോവളം തീരത്തിന്‍റെ സുരക്ഷക്കായി ക്യാമറക്കണ്ണുകളെത്തി

Web Desk
Posted on June 27, 2018, 9:09 pm

വിഴിഞ്ഞം: ഏറെ കാലത്തെ പരാതികൾക്കൊടുവിൽ കോവളം തീരത്തിന്‍റെയും സമീപ
പ്രദേശങ്ങളുടെയും സുരക്ഷക്കായുള്ള ക്യാമറക്കണ്ണുകളിൽ ഏകദേശവും മിഴി
തുറക്കുന്നു. ഇനി ബീച്ചിലിരുന്നു വിലസുന്നവരെ പോലീസ് കൈയ്യോടെ
അകത്താക്കും. വിദേശ വനിതയുടെ മരണത്തോടെ കോവളത്തിനേറ്റ പേര്ദോഷമകറ്റാൻ
ടൂറിസം ഡിപ്പാർട്ട്മെന്‍റ് ആദ്യഘട്ടമായി സ്ഥാപിക്കുന്ന അമ്പത് സിസിടിവി
ക്യാമറകളിൽ പകുതിയോളം ഉറപ്പിച്ച് കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ കോവളം ബീച്ചുകൾ,
ജംഗഷൻ, ആഴാകുളം, ലൈറ്റ് ഹൗസ്, അംബേദ്ക്കർ നഗർ ഉൾപ്പെടെ സഞ്ചാരികൾ വന്നു
പോകുന്ന എല്ലായിടവും പൂർണ്ണമായിനിരീക്ഷണത്തിലാകും. പക്ഷെ, കൂരിരുട്ടിൽ
അമരുന്ന ഹൗവ്വാ ബീച്ചിലെ രാത്രി കാല കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ
ക്യാമറകൾക്കും കഴിയാത്തത് അധികൃതരെ കുഴക്കുന്നുണ്ട് .

ഹൗവ്വാ ബീച്ച് മുതൽ പാലസ് ജംഗഷൻ വരെയുള്ള സാമൂഹ്യ വിരുദ്ധ മേലക്ക് അവസാനമാകണമെങ്കിൽ ഇനിയും അധികൃതർ കനിയണം. സ്വകാര്യ ഹോട്ടലുകാർ കൈയ്യടക്കി വച്ചിരിക്കുന്ന മേഖല രാത്രികാലങ്ങളിൽ പൂർണ്ണമായി ഇരുട്ടിലാണ്. മറ്റ് ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയ സാമൂഹ്യ വിരുദ്ധർ നിലവിൽ വിദേശികൾക്കും ഭീഷണിയായി.
ഒരാഴ്ച മുൻപ് രാത്രി എട്ടരയോടെ ഇതുവഴി നടന്നു പോയ വിദേശ ദമ്പതികളെ
സാമൂഹ്യ വിരുദ്ധരിൽ നിന്ന് രക്ഷിക്കാൻ പൊലീസിന് എത്തേണ്ടി വന്നു. ഏറെ
പരാതികൾക്ക് ശേഷം ടൂറിസം വകുപ്പ് സ്ഥാപിക്കാൻ ശ്രമിച്ച ഹൈമാസ്റ്റ്
ലൈറ്റിന്‍റെ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇവിടങ്ങളിൽ കാമറ
സ്ഥാപിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ കഴിയുന്നില്ലെന്ന് പോലീസ്
പറയുന്നു.  ക്യാമറകളിൽ നിന്നുള്ള കാഴ്ചകൾ കോവളം സ്റ്റേഷനിൽ
ഉറപ്പിച്ച മോണിറ്ററിലൂടെയാണ് നിരീക്ഷിക്കുക . ഒരു മാസം മുൻപ് ആരംഭിച്ച
പണികൾക്ക് തുടക്കം മുതൽ ഇലക്ടിസിറ്റി തടസമായിരുന്നു.

എല്ലാ മേഖലകളും ചുറ്റി പതിനാറ് മീറ്ററുകളും സ്ഥാപിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കെഎസ്ഇബി അധികൃതർ നൽകി. ഇതോടെ കൂടുതൽ കാമറകൾ ഘടിപ്പിക്കുന്നതിനുള്ള ജോലികൾ ധൃതഗതിയിൽ ആരംഭിച്ചു. പക്ഷെ ക്യാമറകളുടെ അറ്റകുറ്റപ്പണികളും കറണ്ട് ചാർജ്
ഉൾപ്പെടെയുള്ള ചിലവുകൾ ആര് വഹിക്കുമെന്നുള്ള തർക്കം ഇപ്പോഴും
തുടരുന്നു. എല്ലാ പണികളും പൂർത്തിയാക്കിയ ശേഷം മേൽനോട്ടം പൂർണ്ണമായിപൊലീസ്
വകുപ്പിന് കൈമാറുമെന്ന് ടൂറിസം വകുപ്പധികൃതർ പറയുന്നു. എന്നാൽ മറ്റു
ചിലവുകൾക്കുള്ള പണം തങ്ങൾക്കില്ലെന്നാണ് പൊലീസിലെ ബന്ധപ്പെട്ടവരുടെ വാദം.
പക്ഷെ രണ്ടു കൂട്ടരും ഒന്നിച്ചില്ലെങ്കിൽ മിഴി തുറന്ന കമറകളുടെ ഭാവിയും
അവതാളത്തിലാകും.