Wednesday
18 Sep 2019

കാമറൂണ്‍ സ്ട്രൈക്കെര്‍ മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

By: Web Desk | Saturday 24 August 2019 9:53 PM IST


കൊച്ചി: കാമറൂണ്‍  സ്ട്രൈക്കര്‍ റാഫേല്‍ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍. 186സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക. 27വയസുകാരനായ മെസ്സി 2013ല്‍ എഫ്എപി യാഉണ്ടേയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ, എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2016ലെ കാമറൂണിയന്‍ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമില്‍ അംഗമായിരുന്ന മെസ്സി ട്വന്റിഫോര്‍ ലീഗ് ഫിക്‌സ്ചറില്‍ 14ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയന്‍ ലീഗുകള്‍ കളിച്ച പരിചയ സമ്പത്തും തുണയാകും.

‘ഞങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ സ്വന്തം ‘മെസ്സി’ ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുന്‍നിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന  സ്ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതല്‍ ശക്തി നല്‍കുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനില്‍ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസ്സി. ‘അദ്ദേഹം ടീമിലെത്തിയതില്‍ വളരെ സന്തോഷമുണ്ട് ‘ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഈല്‍കോ ഷട്ടോരി പറയുന്നു.

‘സീസണിലെ ലക്ഷ്യങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബില്‍ ചേരുന്നതിലുള്ള ആവേശത്തിലാണ് ഞാന്‍. പരിശീലന വേളയിലും തുടര്‍ന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഞാന്‍ എന്റെ പരമാവധി പരിശ്രമിക്കും. ഇന്ത്യയില്‍ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതതില്‍ ഞാന്‍ സന്തോഷവാനാണ്. സീസണ്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍, മെസ്സി വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO