വിലക്ക് അവഗണിച്ച് പ്രചാരണം: പ്രഗ്യക്ക് നോട്ടീസ്; വിദ്വേഷം പടര്‍ത്തി ബിജെപി

Web Desk
Posted on May 06, 2019, 11:42 am

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിദ്വേഷ പ്രസ്താവനകളും അവഹേളനപരമായ പരാമര്‍ശങ്ങളും ഭീഷണികളുമായി ബിജെപി. ബിജെപി സ്ഥാനാര്‍ഥികളുടെയും ദേശീയ നേതാക്കളുടെയും പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടിരിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് അവഗണിച്ച് പ്രചാരണം നടത്തിയ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന് ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസയച്ചു. കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 72 മണിക്കൂര്‍ വിലക്ക് അവഗണിച്ചാണ് പ്രഗ്യ പ്രചാരണം നടത്തിയത്.
2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ച് സംസാരിച്ചതിനും ബാബറി മസ്ജിദ് തകര്‍ത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞതിനുമാണ് കമ്മീഷന്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനൊപ്പം ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതും കമ്മീഷന്‍ പ്രഗ്യക്കു നല്‍കിയിരുന്നു. മേയ് രണ്ടിന് രാവിലെ ആറുമണിക്കാണു വിലക്ക് നിലവില്‍ വന്നത്.
മലേഗാവ് സ്‌ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രഗ്യാ സിങ് താക്കൂറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയാണ് അവര്‍. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ പ്രഗ്യയുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രഗ്യ ബിജെപിയില്‍ ചേരുകയും ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു.
സുല്‍ത്താന്‍പുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചുള്ള ബിജെപി എം പി വരുണ്‍ ഗാന്ധിയുടെ പ്രസംഗവും വിവാദമായി.
ബിജെപി സ്ഥാനാര്‍ഥിയും തന്റെ മാതാവുമായ മനേക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു വരുണ്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ബിഎസ്പി-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിങ് എന്ന സോനു സിങിനെ പോലെയുള്ളവര്‍ക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേയുള്ളൂവെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ഭീഷണി മുഴക്കിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഭാരതി ഘോഷും വിവാദനായകനായി. നായ്ക്കളെ അടിച്ചുകൊല്ലുന്നതുപോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ മുന്നറിയിപ്പ്.
ഭാരതി ഘോഷിന്റെ പ്രസ്താവനക്കെതിരെ മമതാ ബാനര്‍ജി രംഗത്തെത്തി. ലക്ഷ്മണ രേഖ കടക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിപ്പിക്കാന്‍ എന്റെ വാ തുറപ്പിക്കരുതെന്നുമായിരുന്നു മമതാ ബാനര്‍ജി പറഞ്ഞത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.