Friday
19 Jul 2019

ബിജെപിയ്ക്ക് ഇതൊന്നും ബാധകമല്ലായിരിക്കും: പ്രചരണം നടത്തി, ഒടുവില്‍ തടിതപ്പി പ്രവര്‍ത്തകര്‍

By: Web Desk | Monday 22 April 2019 4:30 PM IST


കൊച്ചി: തിരഞ്ഞെടുപ്പിന്റെ തലേദിവസം പരസ്യപ്രചരണം നടത്തരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ചട്ടം നിലനില്‍ക്കേ ബിജെപിക്കായി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച് ഉദയംപേരൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയും, ശ്രീ അയ്യംകാളി സാംസ്‌കാരിക സമിതിയും. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുകൂട്ടരും ബിജെപിക്കായി പരസ്യ പ്രചാരണം നടത്തിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന പത്രക്കുറിപ്പും ലഘുലേഖയും വിതരണം ചെയ്താണ് ഉദയംപേരൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനം നടത്തിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ ബിജെപി പ്രവര്‍ത്തകര്‍ പത്രക്കുറിപ്പുകള്‍ ഉള്‍പ്പെടെ തിരികെ വാങ്ങി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് തടിതപ്പുകയായിരുന്നു. കേരളത്തിലെ ഇടത് വലതുമുന്നണികളെ നിശിതമായി വിമര്‍ശിച്ചാണ് ഇവര്‍ വാര്‍ത്താക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

എറണാകുളത്തെ പ്രതിനിധീകരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം ലോക്‌സഭയില്‍ എത്തിയാല്‍ ഉദയംപേരൂരില്‍ നടപ്പിലാക്കേണ്ട പരിപാടികളെ സംബന്ധിക്കുന്ന വീക്ഷണരേഖ സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം, കായല്‍ മലിനീകരണം, മത്സ്യതൊഴിലാളികളുടെ ജീവിത ക്ലേശങ്ങള്‍, അടിസ്ഥാനവികസനം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല. ഉദയംപേരൂരിന്റെ പുരോഗതി ഉറപ്പ് വരുത്താന്‍ ഇടത് വലത് മുന്നണികള്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണം. ഗ്രാമവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും അറിയിക്കുന്ന സ്‌നേഹപൂര്‍വ്വം ബിജെപിക്ക് കത്ത് എഴുതി സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനവുമായി ഉദയംപേരൂരിലെ ബിജെപി നേതൃത്വം മുന്നോട്ടു പോകും. ‘മാതൃകാമത്സ്യഗ്രാമങ്ങള്‍’ എന്ന ആശയത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തും എന്‍ഡിഎയുടെ ഉദയംപേരൂരിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

പഞ്ചായത്തിലെ 2500ല്‍ അധികം വോട്ടര്‍മാരില്‍ നിന്നും ശേഖരിച്ച ആശയങ്ങള്‍ ക്രോഡീകരിച്ചു ചിട്ടപ്പെടുത്തിയ വീക്ഷണരേഖ രാജ്യത്തെ മാതൃക ഗ്രാമങ്ങളില്‍ ഒന്നായി ഉദയംപേരൂരിനെ ഉയര്‍ത്താനുള്ള ചട്ടക്കൂടാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജി രാജന്‍, സെക്രട്ടറി സി. എം ജയ്‌മോന്‍, വി. വി അജയന്‍, വൈസ് പ്രസിഡന്റ് കെ എസ് പ്രതാപന്‍ എന്നിവരും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുള്ള വാര്‍ത്താസമ്മേളനം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പത്രകുറിപ്പുകള്‍ തിരികെ വാങ്ങി ബിജെ പി നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്താണ് അയ്യങ്കാളി സാംസ്‌കാരിക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്. പരസ്യപ്രചരണമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ വാര്‍ത്താസമ്മേളനം തുടരുകയായിരുന്നു. പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പറയുമ്പോള്‍ മാത്രമാണ് പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. പട്ടിക ജാതി വര്‍ഗ്ഗജനതയെ രാഷ്ട്രീയമായി വഞ്ചിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അയ്യങ്കാളി സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് കെ എ വേലായുധന്‍ മഞ്ഞപ്ര. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ബാഹുലയന്‍, ജില്ലാ പ്രസിഡന്റ് പിബി രാജന്‍ എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന്റെ തലേദിവസം ഇത്തരരം പരസ്യ പ്രചരണങ്ങളും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായ പരാമര്‍ശങ്ങളും നടത്തരരുതെന്നുമുള്ള നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഇരുകൂട്ടരും ബിജെപിക്കായി പരസ്യ പ്രചാരണം നടത്തിയത്.

Related News