നാട്ടിടവഴികളില്‍ അവര്‍ കാത്തുനിന്നു; സാനു പറയുന്ന പോരാട്ടത്തിന്റെ രാഷ്ട്രീയം കേള്‍ക്കാന്‍

Web Desk
Posted on April 19, 2019, 11:39 am

മഹേഷ് കോട്ടക്കല്‍

മലപ്പുറം: ഇടതുപക്ഷ ആഭിമുഖ്യം എന്നും നെഞ്ചോട് ചേര്‍ക്കുന്ന പന്തല്ലൂര്‍. മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തിനെതിരെ അടിസ്ഥാനവര്‍ഗത്തിന്റെ ജീവിതരാഷ്ട്രീയം പറയുന്ന ഈ നാട് എക്കാലത്തും പിന്തിരിപ്പന്‍ വര്‍ത്തമാനക്കാര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമേറിയ മണ്ണാണ്. കടുംവേനലില്‍ ചുവന്നുതുടുത്ത പന്തല്ലൂരില്‍ നിന്നായിരുന്നു മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ പന്തല്ലൂരിലെ കിടങ്ങയത്തുനിന്ന്. ചൂട് ഏറും മുമ്പേ പരമാവധി നാട്ടുകാരെ നേരില്‍ കാണാനാണ് തീരുമാനം. രാവിലെ എട്ടുമണിക്ക് തങ്ങളുടെ പ്രിയ സ്ഥാനാര്‍ഥി എത്തുമെന്നറിഞ്ഞ് കിടങ്ങയത്തെ സ്വീകരണ കേന്ദ്രത്തിലേക്ക് എണ്‍പത് വയസിന് മുകളില്‍ പ്രായം വരുന്ന ആ മണ്ഡലത്തിലെ തന്നെ മുതിര്‍ന്ന വോട്ടര്‍മാരായ കളത്തില്‍ മൊയ്തീനും പുഴയ്ക്കല്‍ അബ്ദുല്‍ ഖാദറും സ്വീകരണ വേദിയില്‍ എത്തി. ആവേശം ചോരാതെ നാട്ടിടവഴികളിലൂടെ പ്രായം ചെന്നവര്‍ കൂട്ടത്തോടെ ഇളം തലമുറക്കാരനായ പോരാളിയെ കാണാനും ആശിര്‍വദിക്കാനും എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം വാനോളം.
വാര്‍ധക്യസഹജമായ നിരവധി അസുഖങ്ങളുമായി മല്ലിടുന്ന കളത്തില്‍ മൊയ്തീന്‍ അരമണിക്കൂര്‍ മുന്നേ തന്നെ സ്വീകരണ കേന്ദ്രത്തിലെത്തിയിരുന്നു. സാനു അടുത്തെത്തിയപ്പോള്‍ മൊയ്തീനും അബ്ദുള്‍ ഖാദറും ഒരേസ്വരത്തില്‍ പറഞ്ഞു, ‘സാനു മോനെ, വേണം ഇവിടെയും വേണം ഒരുമാറ്റം. മോന്‍ ജയിക്കും അതുറപ്പാണ്.’ ക്ഷേമ പെന്‍ഷന്‍ കിട്ടിയതിന്റെ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ അവര്‍ മറന്നില്ല. സ്ഥാനാര്‍ഥിയുടെ കൈപിടിച്ച് കളത്തില്‍ മൊയ്തീന്‍ പറഞ്ഞു, ഒരുപാട് കാലം താന്‍ പെന്‍ഷന്‍ കൈപ്പറ്റിയിട്ടുണ്ട് പക്ഷെ എല്ലാത്തിനും ഒരുപാട് കാലതാമസം ഉണ്ടായിരുന്നു. നമ്മുടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോ കുടിശിക പോലുമില്ല. കര്‍ഷകനായ തനിക്ക് ഇതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ക്കുശേഷം സാനുവിന്റെ ചെറുപ്രസംഗം. പോരാട്ടരാഷ്ട്രീയത്തിന്റെ തീഷ്ണാനുഭവങ്ങളില്‍ നിന്നുള്ള നേര്‍ക്കാഴ്ച. വാക്കുകളില്‍ നിറയെ ആവേശം. പ്രസംഗം കഴിയുമ്പോഴേക്കും കണ്ഠം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളികളുയര്‍ന്നു. പോരാട്ടനായകന് അഭിവാദ്യങ്ങള്‍. പന്തല്ലൂരില്‍ ഹൃദയം കൂടെ എന്ന് ഉച്ചത്തില്‍. മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം സാനു അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. വിഷുദിനം കഴിഞ്ഞുവെങ്കിലും സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആദ്യം ലഭിക്കുന്നത് കൊന്നപ്പൂ തന്നെയാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു കരയുന്ന രണ്ടുവയസുകാരനെ കാണാനും സ്ഥാനാര്‍ഥിയെത്തി. കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍ തൊടി നിഷാദ്-ലുബ്‌ന ദമ്പതികളുടെ ഏക മകന്‍ ഫൈസാനാണ് ഈ കൊച്ചുമിടുക്കന്‍. തന്റെ ഹീറോയായ വി പി സാനുവിനെ കണ്ട സന്തോഷത്തിലായ ഫൈസാനാണ് ഇപ്പോള്‍ മണ്ഡലത്തില്‍ താരം.
ഉജ്ജ്വല സ്വീകരണങ്ങള്‍. മണ്ഡലത്തില്‍ മാറ്റം ഉറപ്പാക്കുന്ന തരത്തിലുള്ള പിന്തുണയാണ് എവിടെ നിന്നും സാനുവിന് ലഭിക്കുന്നത്. ഓരോ സ്വീകരണ കേന്ദ്രത്തില്‍ നിന്നും മറ്റ് സ്വീകരണ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ഥി വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും, ‘സാനുക്ക ഇങ്ങള് ധൈര്യമായി മുന്നോട്ടു പോകൂ… ഞങ്ങളുണ്ട് കൂടെ,’ എന്നറിയിച്ചു കൊണ്ട് ഫോണില്‍ സ്‌നേഹ സന്ദേശങ്ങള്‍. കൂടാതെ വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി ഫോണ്‍ കോളുകളും. രാത്രി 9.30 ഓടെ പര്യടനത്തിന് പുല്‍പ്പറ്റയില്‍ സമാപനം.
പോളിംഗ് ബൂത്തിലേക്കെത്താനുള്ള ദിവസങ്ങള്‍ അടുത്ത് വരും തോറും വി പി സാനു തന്നെയാണ് മലപ്പുറത്തിന്റെ ആവേശം. പിന്തുണകള്‍ സൂചിപ്പിക്കുന്നത് മലപ്പുറം മണ്ഡലത്തില്‍ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ്.