Saturday
24 Aug 2019

കലാലയ ജനാധിപത്യം തിരിച്ചുപിടിക്കണം

By: Web Desk | Friday 12 July 2019 11:12 PM IST


തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ് വീണ്ടും വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. സര്‍ഗാത്മകതയുടെയോ പ്രൗഢമായിരുന്ന പൂര്‍വകാല പാരമ്പര്യത്തിന്റെയോ പേരിലല്ല, അക്രമത്തിന്റെയും സ്വേച്ഛാധികാരത്തിന്റെയും പേരില്‍ തന്നെയാണ് വീണ്ടും അതുണ്ടായിരിക്കുന്നത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണെങ്കില്‍ തലസ്ഥാന ജില്ലയിലെ എം ജി കോളജും സംസ്‌കൃതകോളജുമൊക്കെ ഒരേ സ്വഭാവവിശേഷത്തിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിക്കുന്ന കലാലയങ്ങളാണ്. സംസ്ഥാനത്ത് ഇതേ സ്വഭാവവിശേഷമുള്ള ഒട്ടനവധി കലാലയങ്ങളുണ്ടെന്നതും വസ്തുതയാണ്. ഇത്തരം കലാലയങ്ങളില്‍ നേരത്തേതന്നെ തടിമിടുക്കുറപ്പിച്ച സംഘടനകളാണ് സ്വേച്ഛാധികാരത്തിന്റെയും അക്രമത്തിന്റെയും പാത സ്വീകരിക്കുന്നത്. യൂണിവേഴ്‌സിറ്റി, സംസ്‌കൃതകോളജുകളില്‍ അത് എസ്എഫ്‌ഐയെങ്കില്‍ എംജി കോളജില്‍ എബിവിപിയും മറ്റു ചില കോളജുകളില്‍ കെഎസ്‌യുവും എംഎസ്എഫുമൊക്കെയാണെന്നു മാത്രം. തങ്ങള്‍ക്ക് മേധാവിത്തമുറപ്പിച്ചുനിര്‍ത്താന്‍ സാധിച്ച കലാലയങ്ങളില്‍ ഈ വിദ്യാര്‍ഥി സംഘടനകള്‍ അവര്‍ക്കാകാവുന്ന എല്ലാ സ്വേച്ഛാധികാര പ്രവണതകളും കാട്ടാറുണ്ട്.
വിദ്യാര്‍ഥികളുടെ പ്രവേശനം മുതല്‍ അത് ആരംഭിക്കുന്നു. തങ്ങളുടെ സംഘടനയില്‍ ചേരാന്‍ തയ്യാറാകുന്നവരെമാത്രം പ്രവേശിപ്പിക്കുക, പ്രവേശനം നേടിക്കഴിഞ്ഞാല്‍ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്നില്ലെങ്കില്‍ കായികമായിതന്നെ നേരിടുക എന്നതൊക്കെ നിത്യസംഭവങ്ങളാണ്. ഭയംകൊണ്ട് പലതും പുറത്തറിയുന്നില്ല. ഒട്ടും പൊരുത്തപ്പെടാന്‍ പറ്റാത്തവര്‍ പഠനമുപേക്ഷിച്ചുപോകേണ്ട സ്ഥിതിവിശേഷം വരെ ഇത്തരം കലാലയങ്ങളിലെല്ലാമുണ്ട്.
കഴിഞ്ഞയാഴ്ച സംസ്‌കൃത കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആഷിക്ക് ബി സജീവ് എന്ന എഐഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവമുണ്ടായിരുന്നു. എഐഎസ്എഫിന്റെ പ്രവര്‍ത്തകനായതുകൊണ്ട് കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയതുമുതല്‍ എസ്എഫ്‌ഐക്കാര്‍ ആഷിക്കിനെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചത്.
കോളജിനകത്തുണ്ടായ സംഭവങ്ങളുടെ അനന്തരഫലമായാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെ ഒരു വിദ്യാര്‍ഥിക്ക് നേരെ വധശ്രമമുണ്ടായത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമാണെന്നതിനാല്‍ അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. കോളജിനകത്ത് എങ്ങിനെയാണ് മാരകായുധങ്ങളെത്തിയത് എന്നത് ഗൗരവതരമായ പരിശോധന അര്‍ഹിക്കുന്നുണ്ട്. ഇവിടെ പ്രത്യേക ആയുധപ്പുരയുണ്ടെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഇതേ കലാലയത്തിലാണ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചതും ഒടുവില്‍ പഠനമുപേക്ഷിച്ചുപോയതും. ആ ഘട്ടത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 187 വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങിപ്പോയെന്ന കണക്കും പുറത്തുവരികയുണ്ടായി.
ചിലര്‍ വാദിക്കുന്നതുപോലെ സെക്രട്ടേറിയറ്റ്, നിയമസഭ എന്നിങ്ങനെ ഭരണസിരാകേന്ദ്രങ്ങളുടെ തൊട്ടടുത്തുള്ള കലാലയങ്ങളെന്ന നിലയില്‍ മാത്രമല്ല യൂണിവേഴ്‌സിറ്റി, സംസ്‌കൃതകോളജുകളിലെ സ്വേച്ഛാധികാര പ്രവണതകള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. ഇവിടങ്ങളിലെ ലീലാവിലാസങ്ങള്‍ക്ക് കാഠിന്യം കൂടുതലാണെന്നതുകൊണ്ടുതന്നെയാണ്. സ്വേച്ഛാധികാരപ്രവണതകള്‍ കാരണം രൂപംകൊണ്ട ക്രിമിനല്‍വല്‍ക്കരണമാണ് പ്രധാനപ്രശ്‌നം. സംഘടനാപരമായ മേധാവിത്തത്തിനുപയോഗിക്കപ്പെടുന്ന ക്രിമിനല്‍ സ്വഭാവമുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും ലഭിക്കുന്നു. ക്രിമിനല്‍വാസനയുള്ളവരാണെന്നതുകൊണ്ട് സംഘടനയ്ക്ക് ആവശ്യമില്ലാത്ത ഘട്ടങ്ങളിലും ഇവരുടെ കൈക്കരുത്തിന് മറ്റ് വിദ്യാര്‍ഥികള്‍ ഇരയാകേണ്ടിവരുന്നു. അവശ്യഘട്ടങ്ങളില്‍ തങ്ങളുടെ ഉപകരണങ്ങളെന്ന നിലയില്‍ ഈ ഘട്ടത്തില്‍ അവരെ തള്ളിപ്പറയാന്‍ നേതൃത്വത്തിന് കഴിയാതെ വരുന്നു. ഇതാണ് ദുരവസ്ഥയ്ക്ക് പ്രധാന കാരണം. യൂണിവേഴ്‌സിറ്റി കോളജ് ഇതിന്റെ പാരമ്യത്തിലാണ് നില്‍ക്കുന്നത്. ക്രിമിനല്‍സംഘങ്ങള്‍ ചില ഘട്ടങ്ങളില്‍ പോറ്റിവളര്‍ത്തുന്നവരെക്കാള്‍ വളര്‍ന്നെന്നിരിക്കുമെന്ന പഴമൊഴിയുണ്ട്. അതുകൂടിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
ഇത് മൊത്തത്തിലുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനെതിരായ ചിന്ത വളര്‍ന്നുവരാനും പ്രതിലോമകാരികള്‍ക്ക് ഇടം നല്‍കാനും കാരണമായിട്ടുണ്ട്. ഏത് കലാലയത്തിലായാലും ആരുടെ ഭാഗത്തുനിന്നായാലും ഇത്തരം പ്രവണതകള്‍ ഏറ്റവും കൂടുതല്‍ ദോഷമുണ്ടാക്കിയത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാണെന്നത് മനസിലാക്കുവാന്‍ വൈകിക്കൂടാ. കലാലയങ്ങളുടെ സര്‍ഗാത്മകതയും ജനാധിപത്യവും തിരിച്ചുപിടിച്ചുകൊണ്ടുമാത്രമേ പുരോഗമനചിന്തയും പ്രതികരണശേഷിയുമുള്ള ഭാവിതലമുറയെ സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍ ഗൗരവതരമായ വീണ്ടുവിചാരങ്ങള്‍ക്കും തിരുത്തലുകള്‍ക്കും പ്രേരകമാവണം. അതിന് പ്രധാനമായും വേണ്ടത് ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും കര്‍ശന നടപടിയുമാണ്. അതിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കുറ്റാരോപിതരായ സംഘടനകളും മുന്‍കയ്യെടുക്കണം.

Related News