Thursday
21 Feb 2019

കാമ്പസുകളെ ഹിംസയുടെയും അക്രമത്തിന്റെയും സംസ്‌കാരത്തില്‍ നിന്ന് വിമോചിപ്പിക്കണം

By: Web Desk | Monday 2 July 2018 11:02 PM IST

കുറച്ചേറെക്കാലമായി ഹിംസാവിമുക്തവും താരതമ്യേന സംഘര്‍ഷമുക്തവുമായിരുന്ന കേരളത്തിന്റെ കാമ്പസ് ജീവിതത്തെ നടുക്കിയ സംഭവമാണ് ഞായറാഴ്ച പുലര്‍ച്ചെ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന കൊലപാതകം. എസ്എഫ്‌ഐ നേതാവും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20)വിനെ ആസൂത്രിതമായി കൊലചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്തവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും പുറത്തുനിന്നുള്ളവരാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മതഭ്രാന്തോളം വളര്‍ന്ന വര്‍ഗീയത വച്ചുപുലര്‍ത്തുന്ന എസ്ഡിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ പേരിലാണ് അക്രമവും കൊലപാതകവും അരങ്ങേറിയത്. അകാലത്തില്‍ തല്ലിക്കൊഴിക്കപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തോടൊപ്പം ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകള്‍ കൂടിയാണ് നിഷ്‌ക്കരുണം തകര്‍ക്കപ്പെട്ടത്. കൊലയാളി സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരും വൈകാതെ പിടിയിലാകുമെന്നാണ് പൊലീസിന്റെ ജാഗ്രതയോടുകൂടിയ പ്രവര്‍ത്തനം സൂചിപ്പിക്കുന്നത്.

നവാഗത വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രചാരണ പ്രവര്‍ത്തനത്തിലെ തര്‍ക്കമാണ് അങ്ങേയറ്റം അപലപനീയമായ അരുംകൊലയില്‍ കലാശിച്ചത്. കേരളത്തിന്റെ കാമ്പസുകളില്‍ വേരുറപ്പിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുണ്ട്. അതിനെതിരെ പുരോഗമന ജനാധിപത്യ മതേതര ശക്തികള്‍ ശക്തമായ പ്രതിരോധവും ഉയര്‍ത്തിപ്പോന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അത്തരത്തിലുള്ള ചെറുത്തുനില്‍പുകളെ അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചുപോന്നിരുന്നത് സംഘ്പരിവാര്‍ ശക്തികളായിരുന്നു. ഇപ്പോള്‍ രാജ്യത്ത് നിലവിലള്ള ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയാന്തരീക്ഷത്തെ മുതലെടുത്ത് കാമ്പസ് ഫ്രണ്ടും അവരുടെ പ്രായോജകരുമാണ് അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പാത അവലംബിക്കുന്നത്. മതാധിഷ്ഠിത തീവ്രവാദശക്തികള്‍, അവര്‍ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയിക്കൊള്ളട്ടെ, ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്. കൊച്ചി നഗരത്തില്‍ സദാചാര പൊലീസിനെതിരെ നടന്ന പ്രതിഷേധത്തെ അക്രമം കൊണ്ട് അടിച്ചൊതുക്കാന്‍ ഇരുകൂട്ടരും ഒരുപോലെ രംഗത്തുവന്നത് ഈ പ്രതിലോമതയുടെ രാഷ്ട്രീയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ കാമ്പസുകള്‍ ഭയത്തിന്റെയും അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും നിഴലിലായിരുന്നു. ആ സാംസ്‌കാരിക-രാഷ്ട്രീയ വൈകൃതത്തിനെതിരെ വിദ്യാര്‍ഥി സംഘടനകളും സമൂഹമാകെതന്നെയും നടത്തിയ കൂട്ടായ ശ്രമങ്ങളാണ് താരതമ്യേന സമാധാനപൂര്‍ണമായ അന്തരീക്ഷത്തിന് വഴിയൊരുക്കിയത്. അക്രമത്തിന്റെ ആ സംസ്‌കാരം കാമ്പസ് രാഷ്ട്രീയത്തോട് പൊതുസമൂഹത്തില്‍ കടുത്ത വിമുഖതതന്നെ വളര്‍ന്നുവരാന്‍ ഇടയാക്കിയിരുന്നു. രാഷ്ട്രീയവിമുക്തമായ കാമ്പസുകള്‍ എന്ന അരാഷ്ട്രീയവാദത്തിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനും വലിയൊരളവ് അത് കാരണമായി. യുവതലമുറയുടെ ആരോഗ്യകരമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടം എന്ന നിലയില്‍ നിന്നും അരാഷ്ട്രീയ വാദത്തിന്റെയും അപഭ്രംശങ്ങളുടെയും വേദികളായി കാമ്പസുകള്‍ മാറി. ഭിന്നാഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ആള്‍ക്കൂട്ടത്തിന്റെ ആധിപത്യത്തില്‍ പല കാമ്പസുകളും അമര്‍ന്നു. അസഹിഷ്ണുതയോട് കലഹിക്കാനും ഭിന്നാഭിപ്രായം വച്ചുപുലര്‍ത്താനുമുള്ള അവകാശം നിരന്തരം നിഷേധിക്കപ്പെടുന്നതാണ് സംരക്ഷണം ഉറപ്പുനല്‍കുന്ന പ്രതിലോമശക്തികളുടെ പാളയത്തിലേക്ക് തിരിയാന്‍ പലരേയും നിര്‍ബന്ധിതരാക്കുന്നത്. പുരോഗമന ആശയങ്ങളും മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടുകളും പിന്തുടരുന്ന വ്യത്യസ്ത ചിന്താധാരകള്‍ക്കും സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം നിഷേധിക്കപ്പെടുന്നതിന്റെ കൂടി പ്രത്യാഘാതമാണ് പ്രതിലോമ പ്രവണതകളുടെയും ശക്തികളുടെയും കടന്നുകയറ്റത്തിന് അവസരം ഒരുക്കുന്നത്. വര്‍ഗീയതയേയും പ്രതിലോമതയെയും പ്രതിരോധിക്കാന്‍ വിശാലമായ ജനാധിപത്യ ബോധവും സംവാദ സ്വാതന്ത്ര്യവും യുവതയുടെ വൈവിധ്യവും അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധമായേ മതിയാവൂ.

മഹാരാജാസ് കാമ്പസിലെ ദാരുണ സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. കൊലപാതക രാഷ്ട്രീയത്തിന് ഉത്തരവാദികളായവരെ കാലവിളംബം കൂടാതെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പൊലീസില്‍ നിക്ഷിപ്തമാണ്. അത് വീഴ്ചകൂടാതെ നിര്‍വഹിക്കപ്പെടുമെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ള അക്രമിസംഘങ്ങള്‍ കാമ്പസുകളില്‍ കടക്കുന്നതും കാമ്പസുകളെ നിയന്ത്രിക്കുന്നതും അവസാനിപ്പിക്കാന്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിതാന്ത ജാഗ്രതയുണ്ടാവണം. മഹാരാജാസ് സംഭവം ഇതര കാമ്പസുകളെ സ്വാധീനിക്കാതിരിക്കാനും അക്രമം പടര്‍ന്നുപിടിക്കുന്നതു തടയാനും അത്യന്തം കരുതല്‍ ആവശ്യമാണ്. വര്‍ഗീയതയേയും മൗലികവാദത്തേയും അക്രമസംസ്‌കാരത്തെയും അകറ്റിനിര്‍ത്താനും കേരളത്തിന്റെ കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ആരോഗ്യകരമായ സംവാദസംസ്‌കാരത്തിന്റെയും അന്തരീക്ഷത്തില്‍ മാത്രമേ കാമ്പസുകളില്‍ സമാധാനം ഉറപ്പുവരുത്താനാകൂ.