18 April 2024, Thursday

Related news

October 5, 2023
July 28, 2023
July 11, 2023
July 6, 2023
July 6, 2023
June 24, 2023
June 8, 2023
June 2, 2023
April 12, 2023
January 31, 2023

കാമ്പസുകൾ മാലിന്യരഹിതം

പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ  ആയിരം വിദ്യാർത്ഥികൾ ചേർന്ന് അവബോധ പ്രചാരണം നടത്തും
പദ്ധതി മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗം
സ്വന്തം ലേഖിക
തിരുവനന്തപുരം
June 2, 2023 10:21 pm

സംസ്ഥാനത്തെ കലാലയങ്ങള്‍ ഇനി മുതല്‍ ‘സീറോ വേസ്റ്റ്’ കാമ്പസുകളാകും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ കാമ്പസുകളടക്കം എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ കാമ്പസുകളായി പ്രഖ്യാപിക്കും. അന്ന് തന്നെ 1000 കലാലയ വിദ്യാർത്ഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ‘സീറോ വേസ്റ്റ്’ കാമ്പസ് പ്രഖ്യാപനം നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. എൻസിസി, എൻഎസ്എസ്, കോളജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ്’ സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, സർവകലാശാല രജിസ്ട്രാർമാർ, കോളജ് പ്രിൻസിപ്പാൾമാർ, വകുപ്പുതല കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത് വിളിച്ചുചേർത്ത യോഗമാണ് വിപുലമായ പദ്ധതിക്ക് രൂപം നൽകിയത്.  കാമ്പസുകളിൽ സമ്പൂർണ മാലിന്യ സംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനമായി നിർദേശിച്ചിരിക്കുന്നത്. അധ്യാപക-അനധ്യാപക‑വിദ്യാർത്ഥി പങ്കാളിത്തത്തിൽ കാമ്പസുകളിൽ നിന്ന് മാലിന്യം സമ്പൂർണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും. പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസ പരിപാടികൾക്ക് വിദ്യാർത്ഥികളെ സന്നദ്ധരാക്കും. തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാമ്പയിനുമായി സഹകരിക്കാൻ കലാലയ തലങ്ങളിൽ നടപടികളായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തുടക്കം തലസ്ഥാനത്ത്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യന്‍കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് ‘സീറോ വേസ്റ്റ്’ കാമ്പസ് പ്രചാരണഭാഗമായി കലാലയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നത്. വേസ്റ്റ് ഫ്രീ കാമ്പസ് പദ്ധതിയെക്കുറിച്ച് അവബോധമുണർത്താൻ വാർ മെമ്മോറിയൽ-രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻസിസി നിർവഹിക്കും.
മാനവീയം വീഥിയും അയ്യന്‍കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻഎസ്എസ് ഏറ്റെടുക്കും. ഇത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കും.

സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രോത്സാഹനം

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും. കോളജുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കും.

Eng­lish Summary:Campuses are Waste-free

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.