Monday
18 Feb 2019

ഓര്‍ത്തഡോക്‌സ് വൈദികരെ അറസ്റ്റു ചെയ്യാം: ഹൈക്കോടതി

By: Web Desk | Wednesday 11 July 2018 10:18 PM IST

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്ന് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി മാത്യുവിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിന് തടസമില്ലെന്ന് വ്യക്തമാക്കി. കേസ് ഡയറി വിശദമായി പരിശോധിച്ചു. പ്രതികളെ അറസ്റ്റുചെയ്യാന്‍ പര്യാപ്തമായ തെളിവുകളുണ്ട്. സുപ്രിംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. വൈദികര്‍ വേട്ട മൃഗത്തെപ്പോലെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ യുവതി സഭാ സമിതിക്ക് നല്‍കിയ സത്യവാങ് മൂലത്തില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് എഴുതി നല്‍കിയിരുന്നു. സഭാസമിതിയില്‍ നിന്നും ലഭിച്ച യുവതിയുടെ സത്യവാങ് മൂലം അടക്കം സമര്‍പ്പിച്ചാണ് വൈദികര്‍ രക്ഷാ പഴുത് കണ്ടെത്തിയത്. ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും അതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. അതേസമയം വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വൈദികര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയോ കീഴടങ്ങിയേക്കുമെന്നാണ് വിവരം. ഈ മൂന്ന് വൈദികര്‍ക്കുമെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നത്.
വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
വൈദികര്‍ പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നുള്ള പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. കുമ്പസാരത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ദുരുപയോഗിച്ചു. മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നുമുള്ള ആരോപണങ്ങളുണ്ടെന്നും മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴിയും അനുബന്ധമായ തെളിവുകളും പരിശോധിച്ചാല്‍ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും വാദത്തിനിടെ കോടതി പരാമര്‍ശിച്ചു. യുവതി വിദ്യാസമ്പന്നയാണെന്നും പതിനഞ്ചിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവത്തില്‍ പരാതി വൈകിയതിനു ന്യായീകരണമില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു. രഹസ്യമൊഴി വിശ്വസനീയമല്ലെന്നും വാദിച്ചു. യുവതിയുടെ ഭര്‍ത്താവ് പരാതിക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കേണ്ടതാണെന്നു സര്‍ക്കാര്‍ വാദിച്ചു.
അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്നും യുവതിക്കുവേണ്ടി കക്ഷിചേരാന്‍ ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. യുവതിയുടെ മൊഴിയുടെ വിശ്വാസ്യത ഇവിടെ വിലയിരുത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related News