20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 15, 2024
September 15, 2024
September 14, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024

ദത്തെടുക്കാം നിയമപരമായി

ജി.എൽ അരുൺഗോപി
കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
August 6, 2024 2:07 pm

കാരുണ്യവും മഹത്തരവും അനുകമ്പ സമർപ്പിതവുമായ മനസ്സുകളുടെ നന്മയും നിശ്ചയമായും മാനവികതയുടെ ഐക്യപ്പെടലുമാണ്. ദുരന്തങ്ങളുടെ ദയനീയതയുടെ മുഖം അനാഥമാകപ്പെടുന്ന കുട്ടികളും യാതൊരു ദുരന്ത മേഖലയിലും ആദ്യസംരക്ഷണവും കരുതലും വീണ്ടെടുപ്പും കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും തന്നെയാണ്. കേരളം അതിൻറെ നാളിതുവരെയുള്ള ചരിത്രത്തിൽ
നേരിടുന്നതും ഉണ്ടായതുമായ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമാണ് വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ചത്. മനുഷ്യത്വത്തിൻറെ ഉറവ വറ്റാത്ത സകല മനുഷ്യരും അവിടുത്തെ ദുരിതത്തിൽപ്പെട്ട സർവ്വതിനോടും അതിജീവിക്കാനുള്ള സമരത്തിലും ഉയർപ്പിലും പുനഃരുജ്ജീവിപ്പിക്കലിലും ഐക്യപ്പെടുകയാണ്. 1956 നവംബർ 1‑ന് പ്രഖ്യാപിതമായ ഐക്യകേരളമെന്ന തത്വവും സങ്കൽപ്പവും എല്ലാ മേഖലയിലും ഏതു ഘട്ടത്തിലും ഉയർത്തിപ്പിടിച്ചവരാണ് മലയാളി സമൂഹം. മഹാപ്രളയവും മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും അതിജീവിച്ച ഒരു മനസ്സുള്ള കേരളം വയനാട് ദുരന്തവും മാതൃ-പിതൃ നിർവ്വിശേഷമായ കരുതലും വാത്സല്യവും സഹാനുഭൂതിയും കൊണ്ട് മറികടക്കുക തന്നെ ചെയ്യും. അമ്മയും ഉറ്റവരും നഷ്ടപ്പെട്ട് അനാഥമായ കുഞ്ഞുങ്ങളെ സനഥമാക്കാനും ജീവിപ്പിക്കാനും മുലപ്പാൽ നൽകാൻ തയ്യാറായി രംഗത്തു വന്ന കേരളത്തിലെ അമ്മമാർ ദുരന്ത മുഖങ്ങളിലെ അതിജീവന മാതൃകകളിൽ ലോകത്തെതന്നെ വിസ്മയിപ്പിക്കുകയാണ്. അതിരുകളില്ലാത്ത അനുകമ്പയുടേയും സഹാനുഭൂതിയുടേയും വിജൃംഭിതമായ ഹൃദയവുമായ കുഞ്ഞുങ്ങളെ ദത്തെടുക്കാനും സംരക്ഷിക്കാനും സമൂഹം തയ്യാറാകുന്നത് കേരളത്തിൻറെ ഭാവി കാലത്തെ ശോഭനമാക്കുന്നു. ആ മനസ്സിനും കരുതലിനും അഭിവാദ്യം അർപ്പിക്കുമ്പോഴും ആ നിലയ്ക്കുള്ള ഏതു പ്രവൃത്തിയും അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിയമങ്ങൾക്കും രാജ്യത്ത് നിലവിലുള്ള ബാലനീതി നിയമത്തിനും വിധേയമായി മാത്രമേ സാധ്യമാകുകയുള്ളൂ എന്ന വസ്തു നമുക്ക് ബോധ്യപ്പെടാം. രക്ഷകർത്തൃത്വ വൈകാരികതകൾ അതേ ഭാവത്തിൽ തന്നെ അംഗീകരിക്കുന്നതിനൊപ്പം ഒരു കുട്ടിയുടെ ഏതു കാലത്തെയും ജീവിക്കാനുള്ള അവകാശവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനാണ് രാജ്യത്തെ ബാലനീതി നിയമം (Juve­nile Jus­tice ( Care and Pro­tec­tion of chil­dren) Act) പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്. ഏതു സാഹചര്യത്തിലും അതിനനുസരിച്ചു മാത്രമേ ദത്തെടുക്കലും കുട്ടികളുടെ അപര രക്ഷകർത്തിത്വവും സാധ്യമാകുകയുള്ളൂ. ആ നിലയിൽ അവ സുതാര്യമായും സുരക്ഷിതമായും എങ്ങനെ നടപ്പിലാക്കാമെന്ന് നോക്കാം.

ജന്മം നൽകിയ മാതാപിതാക്കളിൽ നിന്നും സ്ഥായിയായി വേർപിരിയുകയും ജന്മം നൽകിയ മാതാപിതാക്കളുമായി ബന്ധപ്പെട്ടതായ എല്ലാ അവകാശങ്ങളോടും പ്രത്യേക അധികാരങ്ങളും ഉത്തരവാദിത്തങ്ങളോടും കൂടി പുതിയ (ദത്തെടുത്ത) മാതാപിതാക്കളുടെ കുട്ടിയായി മാറുകയും ചെയ്യുന്ന നിയമപരമായ പ്രക്രിയയാണ് ദത്തെടുക്കൽ. പുരാതന കാലം മുതൽ തന്നെ നമ്മുടെ സമൂഹത്തിൽ വിവിധങ്ങളായ തലത്തിൽ ദത്തെടുക്കൽ സാധ്യമായിരുന്നു. പുരാണങ്ങളിലും കേട്ടു പരിചയിച്ച കഥകളിലും എല്ലാം ദത്തെടുക്കൽ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉണ്ടായിരുന്നുവെന്നത് നമുക്ക് അറിയാവുന്നതുമാണ്. ഇന്ന് ഇപ്പോൾ രാജ്യത്ത് ദത്തെടുക്കൽ സംബന്ധിച്ച കർശനമായ നിയമ വ്യവസ്ഥകൾ നിലനിൽക്കുന്നു. 2015‑ലെ ബാലനീതി നിയമം തന്നെയാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾക്കൊള്ളുന്നത്. അതോടൊപ്പം ഹിന്ദു ദത്തെടുക്കൽ പരിപാലന നിയമം (HAMA) അനുസരിച്ചും ദത്തെടുക്കൽ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. 2015 ലെ ബാലനീതി നിയമം അനുസരിച്ച് 2022‑ൽ വന്ന ദത്തെടുക്കൽ റഗുലേഷൻ അനുസരിച്ചാണ് ദത്തെടുക്കൽ പ്രക്രിയ
കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി നടന്നു വരുന്നത്. ബാലനീതി നിയമം വന്നതോടുകൂടി നിലവിൽ വന്ന Cen­tral Adop­tion Resource Author­i­ty (CARA) ആണ് രാജ്യത്തിനകത്ത് കുട്ടികളെ ദത്തെടുക്കുന്നത് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. വിദേശത്തേക്ക് ദത്ത് നൽകുന്നതും ദത്തെടുക്കുന്നതും 1993‑ലെ രാജ്യാന്തര ദത്തെടുക്കൽ സംബന്ധിച്ച ഹേഗ്
കൺവെൻഷൻറെ അടിസ്ഥാനത്തിൽ 2003 ‑ൽ ഇന്ത്യ നൽകിയ നിയമ പ്രാബല്യം കണക്കിലെടുത്താണ് CARA വിദേശ ദത്തെടുക്കലുകളെ നിയന്ത്രിക്കുന്നത്. ദത്തെടുക്കൽ നടപടിക്രമങ്ങളെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതും പുറപ്പെടുവിക്കുന്നതും കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന CARA തന്നെയാണ്. 

ദത്തെടുക്കൽ നടപടിക്രമങ്ങൾ എങ്ങനെയാണ് ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരുമായവർക്കും എന്നാൽ ജീവന് ഭീഷണിയുള്ള രോഗങ്ങൾ ഇല്ലാത്ത ഏതൊരാളിനും Cen­tral Adop­tion Resource Author­i­ty യുടെWebsite ആയ www.cara.wcd.gov.in സന്ദർശിച്ച് പാരൻറ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 25 വയസ്സ് പൂർത്തിയായ 55 വയസ്സ് കഴിയാത്ത വ്യക്തികൾക്കും വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും സ്ഥിരതയാർന്ന ദാമ്പത്യമുള്ള 110 വയസ്സ് പിന്നിടാത്ത ദമ്പതികൾക്കും ദത്തെടുക്കലിനായി അപേക്ഷിക്കാം. ദമ്പതിമാർ ദത്തെടുക്കുമ്പോൾ രണ്ടു പേരുടേയും സമ്മതം ആവശ്യമാണ്. ഒരാളുടെ താൽപര്യത്തിൻറെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ സാധ്യമല്ല. അവിവാഹിതരോ വിവാഹബന്ധം ഉപേക്ഷിച്ച സ്ത്രീയോ പുരുഷനോ ദത്തെടുക്കുകയാണെങ്കിൽ സ്ത്രീയ്ക്കാണെങ്കിൽ ഏതു ലിംഗത്തിൽപ്പെട്ട കുട്ടിയെയും ദത്തെടുക്കാം പുരുഷനാണെങ്കിൽ ആൺകുട്ടിയെ മാത്രമേ ദത്തെടുക്കാൻ സാധിക്കുകയുള്ളു. ദമ്പതികളുടെ കാര്യത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ എന്ന മുൻഗണന നിശ്ചയിക്കാൻ സാധിക്കും. കുട്ടികൾ ഉള്ള ദമ്പതികളും ദത്തെടുക്കാൻ അർഹരാണ്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള ദമ്പതികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മാത്രമേ ദത്തെടുക്കാൻ കഴിയുകയുള്ളൂ. Rel­a­tive Adop­tion, Step Par­ents Adop­tion എന്നിവയുടെ കാര്യത്തിൽ ഇത് ബാധകമായിരിക്കില്ല. ആയുർ ദൈർഘ്യം കൂടി പരിഗണിച്ച് ദത്തെടുക്കുന്ന മാതാപിതാക്കളുടേയും കുട്ടികളുടേയും പ്രായഘടന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ദത്തെടുക്കുന്ന കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള പ്രായ വ്യത്യാസം 25 വയസ്സിൽ കവിയരുത്. രജിസ്റ്റർ ചെയ്യുന്ന സമയത്തെ പ്രായമാണ് ദത്തെടുക്കലിനായി കണക്കാക്കുന്നത്. വ്യക്തിയെ സംബന്ധിച്ചാണെങ്കിൽ 40 വയസ്സു വരെയുള്ളവർക്ക് 0 മുതൽ 2 വയസ്സു വരെയുള്ള കുട്ടികളെയും 45 വയസ്സു വരെയുള്ളവർക്ക് 2 മുതൽ 4 വയസ്സു വരെയുള്ള കുട്ടികളെയും 50 വയസ്സു വരെയുള്ളവർക്ക് 4 മുതൽ 8 വയസ്സു വരെയുള്ള കുട്ടികളെയും 55 വയസ്സു വരെയുള്ളവർക്ക് 8 മുതൽ 18 വയസ്സു വരെയുള്ള കുട്ടികളെയും ലഭിക്കും ദമ്പതികളെ സംബന്ധിച്ചാണെങ്കിൽ രണ്ടു പേരുടേയും ആകെ പ്രായം 85 വയസ്സുവരെയാണെങ്കിൽ 0 മുതൽ 2 വയസ്സുവരെയുള്ള കുട്ടികളെയും 90 വയസ്സുവരെയാണെങ്കിൽ 2 മുതൽ 4
വയസ്സുവരെയുള്ള കുട്ടികളെയും 100 വയസ്സുവരെയാണെങ്കിൽ 4 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളെയും 110 വയസ്സുവരെയാണെങ്കിൽ 8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെയും ലഭിക്കും.

രജിസ്റ്റർ ചെയ്തതിൻറെ ക്രമത്തിലും വയസ്സ് ലിംഗം കുട്ടികൾ ലഭ്യമാകുന്നതിൻറെ അടിസ്ഥാനത്തിലുമാണ് ദത്തു നൽകുന്നതിനുള്ള മുൻഗണന നിശ്ചയിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നടപടികൾ www.cara.wcd.gov.in Par­ents Res­i­dent Indi­an Reg­is­ter online Sub­mit അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ ഈ പറയുന്ന രേഖകൾ കൂടി അപ് ലോഡ് ചെയ്യണം.
കുടുംബ ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മാര്യേജ് സർട്ടിഫിക്കറ്റ്, വ്യക്തികളുടെ കാര്യത്തിൽ കുട്ടിയെ സംരക്ഷിക്കാമെന്നുള്ള അടുത്ത ബന്ധുവിൽ നിന്നുള്ള സാക്ഷ്യപത്രം, കുട്ടികളുള്ള ദമ്പതികളാണെങ്കിൽ ആ കുട്ടിയുടെ സമ്മതപത്രം (5 വയസ്സിനു മുകളിൽ പ്രായം) സമർപ്പിച്ച രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും, ആയതിൻറെ ഭാഗമായി ഗാർഹിക പഠന റിപ്പോർട്ട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻറെ നേതൃത്വത്തിൽ ദത്തെടുക്കൽ ഏജൻസിയുടെ പ്രതിനിധി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, അംഗൻവാടി വർക്കർ എന്നിവർ ഉൾപ്പെടുന്ന ടീം തയ്യാറാക്കുകയും ആയത് യോഗ്യരായ ദമ്പതികളെ ദത്തെടുക്കലിന് മാനസ്സികമായി തയ്യാറെടുപ്പിക്കുകയും (കൌൺസിലിംഗ്) ചെയ്യുന്നു. തുടർന്ന് പ്രസ്തുത റിപ്പോർട്ട് കാരയുടെ സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു. രാജ്യത്തിന് പുറത്തുള്ള ദമ്പതികളുടെ കാര്യത്തിൽ NRI (നോൺ റസിഡൻറ് ഇന്ത്യൻ), OCI (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർ), For­eign (വിദേശികൾ) എന്ന നിലയിൽ മുൻഗണന നിശ്ചയിച്ചിട്ടുള്ളത്.

ഏതെങ്കിലും പ്രവാസിയായ ഇന്ത്യക്കാരനും ഇന്ത്യൻ ഓവർസീസ് പൌരനോ, വിദേശിയോ ദത്തെടുക്കാനാഗ്രഹിക്കുന്ന മാതാപിതാക്കളോ ഹേഗ് അഡോപ്ഷൻ കൺവെൻഷൻ പ്രതിനിധിയായ് ഒപ്പു വച്ച രാജ്യത്തിൽ താമസിക്കുന്നയാളും ഇന്ത്യക്കാരനായ കുട്ടിയെ ദത്തെടുക്കാനാഗ്രഹിക്കുന്നുവെങ്കിൽ അതാത് അധികാരപ്പെടുത്തിയ വിദേശ ദത്തെടുക്കൽ ഏജൻസിയോ ബന്ധപ്പെട്ട കേന്ദ്ര അതോറിറ്റിയോ അല്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര സംഘത്തെയോ സമീപിക്കണം. ബന്ധപ്പെട്ട അധികാരപ്പെടുത്തിയ വിദേശ ദത്തെടുക്കൽ
ഏജൻസിയോ കേന്ദ്ര അതോറിറ്റിയോ സർക്കാർ വകുപ്പോ ഇന്ത്യൻ നയതന്ത്ര സംഘമോ കുട്ടികളെ ദത്തെടുക്കാ നാഗ്രഹിക്കുന്ന മാതാപിതാക്കളുടെ യോഗ്യത നിർണ്ണയിച്ച ശേഷം അവരുടെ ഭവന പഠന റിപ്പോർട്ട് പൂർത്തീകരിച്ച് അവരുടെ അപേക്ഷകൾ അവശ്യ രേഖകളടക്കം ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതാണ്. ദത്തെടുക്കാനാഗ്രഹിക്കുന്ന മുഴുവൻ മാതാപിതാക്കളുടെ സീനിയോറിറ്റി ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസസ് സിസ്റ്റത്തിൽ അവരുടെ രജിസ്ട്രേഷൻ അവശ്യ രേഖകൾ അപ് ലോഡ് ചെയ്യുന്നതുമായ തീയതിമുതൽ ആണ് കണക്കാക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ ദത്തെടുക്കുന്നതിന് നിയമപരമായി സ്വതന്ത്രമായി പ്രഖ്യാപിക്കുന്ന കുട്ടികളെയാണ് ദത്തെടുക്കാൻ കഴിയുക. അനാഥനോ (Orphan) ഉപേക്ഷിക്കപ്പെട്ടതോ (അമ്മത്തൊട്ടിൽ മുഖേനയും അല്ലാതെയും ലഭിക്കുന്ന കുട്ടികൾ) ആയ ഒരു കുട്ടിയുടെ കാര്യത്തിൽ രക്ഷിതാവിനെ കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുകയും ഇത്തരം അന്വേഷണങ്ങൾ
പൂർത്തിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു കുട്ടി അനാഥനോ അല്ലെങ്കിൽ സംരക്ഷിക്കാൻ ആരുമില്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെടുന്നതും ഏൽപ്പിച്ചു നൽകിയതുമായ (സറണ്ടർ ചെയ്തത് – നിശ്ചിത സമയ പരിധിക്കുള്ളിൽ തിരികെ വരാത്തതുമായ) ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് 0 മുതൽ 18 വയസ്സുവരെയുള്ള കുട്ടിയെ നിയമപരമായി സ്വതന്ത്രനായി പ്രഖ്യാപിക്കാം.

അങ്ങനെ ദത്തെടുക്കലിനായി സ്വതന്ത്രയാവുന്ന കുട്ടികളെ CARA യുടെ Car­ings പോർട്ടലിൽ അപ്സോഡ് ചെയ്യുകയും കുട്ടികളെയും
രക്ഷകർത്താക്കളെയും മാച്ച് ചെയ്യിപ്പിച്ച് മാതാപിതാക്കൾക്ക് (രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക്) റഫറൽ അയയ്ക്കുകയും ചെയ്യും. റഫറൽ ലഭിച്ചു കഴിഞ്ഞാൽ 48
മണിക്കൂറിനുള്ളിൽ റിസർവ്വ് ചെയ്യുക എന്നതാണ് പ്രധാനം (ഒരു രക്ഷകർത്താവിന് ഇടവേളകളിൽ പരമാവധി 3 റഫറലുകളാണ് വരിക. മൂന്നു കുട്ടികളിൽ ഒരാളെയെങ്കിലും
റിസർവ്വ് ചെയ്യാതെ ഇരുന്നാൽ അവരെ കാര ഒരു വർഷത്തേക്ക് ഡീബാർ ചെയ്യും.) മാതാപിതാക്കൾ റിസർവ്വ് ചെയ്തു കഴിഞ്ഞാൽ അതാത് ഇടങ്ങളിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, Spe­cial­ized Adop­tion Agency എന്നിവയുടെ മുൻകൈയിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് അഡോപ്ഷൻ യോഗം ചേർന്ന് ഈ രക്ഷകർത്താവ് കുട്ടിയെ ദത്തെടുക്കുന്നതിന് പ്രാപ്യമാണോ എന്ന പരിശോധന നടത്തുകയും രക്ഷകർത്താക്കൾക്ക് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് താത്ക്കാലിക സംരക്ഷണത്തിനായി (Pre Adop­tion Fos­ter Care) കുട്ടിയെ വിട്ടു നൽകുകയും ചെയ്യും. അതിനുശേഷം സ്ഥാപനം ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിൻറെ സാന്നിദ്ധ്യത്തിൽ ചേരുന്ന പ്രത്യേക യോഗമാണ് ദത്തെടുക്കൽ സാധ്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുക.തുടർന്ന് ദത്തെടുത്ത
രക്ഷകർത്താവിൻറെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള മുഴുവൻ നിയമപരമായ രേഖകളോടും അവകാശങ്ങളോടും കൂടി കുട്ടി ഇവരുടേത് മാത്രമാകും. ദത്തെടുത്തതിനു ശേഷം രണ്ടു വർഷക്കാലയളവിൽ കുട്ടിയെയും രക്ഷിതാവിനെയും പറ്റിയുള്ള തുടർ റിപ്പോർട്ടുകൾ താമസ സ്ഥലത്തെ ദത്തെടുക്കൽ ഏജൻസി തയ്യാറാക്കും. അതിൽ ദത്തെടുത്ത കുട്ടിയെ വളർത്തുന്നതിന് അനർഹരാണെന്ന് കണ്ടെത്തിയാൽ ദത്തെടുക്കൽ അസാധുവാക്കി കുട്ടിയെ ബന്ധപ്പെട്ട ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷിക്കും. സംസ്ഥാനാടിസ്ഥാനത്തിൽ ഈ പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നത് വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയാണ് (SARA). കേരളത്തിൽ ആറു ജില്ലകളിൽ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. കുട്ടികൾ ലോകത്തിൻറെ ആകെ സംരക്ഷിത സ്വത്തും ഭാവിയും ഹൃദ്യതയും ആണെന്ന ഏറ്റവും മനോഹരമായ സങ്കൽപ്പത്തിനൊപ്പം ഏതു ദുരിത സാഹചര്യത്തിലും മുൻഗണനാ സ്വഭാവത്തിൽ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ടതും അതിജീവിക്കപ്പെടേണ്ട വരുമെന്ന
ഉയർന്ന നിയമപരമായ മൂല്യബോധത്തിൽ കൂടി അറിഞ്ഞുകൊണ്ട് വയനാട് ചൂരൽ മലയിലും മുണ്ടക്കയിലുമുണ്ടായ മഹാ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ചുപോയ സമൂഹത്തിൻറെയും പ്രകൃതിയുടേയും കുട്ടികളുടേയും വീണ്ടെടുക്കലിനും അതിജീവനത്തിനും ഉചിതവും വൈകാരികവുമായ പരിശ്രമങ്ങളിൽ സർക്കാരിനൊപ്പം നമുക്ക് ഓരോരുത്തർക്കും കൈകൾ
കോർക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.