23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024

കോൺഗ്രസിന് പുനർജ്ജനി സാധ്യമോ

ഹബീബ് റഹ്മാന്‍ കൊടുവള്ളി
April 3, 2022 7:00 am

ലോകചരിത്രം ഉത്ഥാന പതനങ്ങളുടേതാണ്. അതിൽ രാജ്യവും പാർട്ടിയും സംസ്കാരവുമൊക്കെ പെടും. ഉത്ഥാന ശേഷമുള്ള പതനം തുടങ്ങിക്കഴിഞ്ഞാൽ ഒരു ശക്തിക്കും അതിനെ പിടിച്ചുനിർത്തുക സാധ്യമല്ല. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിനെപ്പറ്റി പഠിക്കുമ്പോൾ ഈ ചരിത്രം നമ്മൾ മറന്നുകൂട. 1885ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടാവില്ലൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്നാണ് പ്രസ്ഥാനം രൂപീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യത്തിന് ശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിക്കാം. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ള ആദ്യഘട്ടത്തിൽ ജനകീയ മുന്നേറ്റമായ കോൺഗ്രസ് പിന്നീട് അധികാര രാഷ്ട്രീയത്തിലേക്ക് വന്നു. 1964 ൽ നെഹ്രുവിന്റെ മരണശേഷം കോൺഗ്രസ് പാർട്ടി ആഭ്യന്തര പ്രതിസന്ധി നേരിടാൻ തുടങ്ങി. പാർട്ടിയുടെ ഭാവിയെക്കുറിച്ച് കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും തൽഫലമായി ഇന്ത്യയിൽ കോൺഗ്രസ് പേരുള്ള നിരവധി പാർട്ടികൾ രൂപീകരിക്കപ്പെടുകയും ചെയ്തു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് പുരോഗമന നയങ്ങളെ പിന്തുടരാനോ ഉറച്ച മതേതരത്വം കാത്ത് സൂക്ഷിക്കാനോ തുടർന്നുവന്ന ഭരണാധികാരികൾക്കും സാധിച്ചില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനവും രാജീവ് ഗാന്ധിയുടെ കാലത്തെ ബാബറി ഭൂമിയിലെ രാമ ക്ഷേത്രത്തിനായുള്ള ശിലാന്യാസവും പി വി നരസിംഹ റാവുവിന്റെ കാലത്തെ ബാബറി മസ്ജിദ് ധ്വംസനവും കോൺഗ്രസിന് വലിയ ക്ഷീണം ചെയ്തു. ഏകാധിപത്യത്തിലേക്കും ഹിന്ദുത്വ വർഗീയതയിലേക്കുമുള്ള കോൺഗ്രസിന്റെ ഈ പോക്ക് മത ന്യൂനപക്ഷങ്ങളിലും മതേതര വിശ്വാസികളിലും ഒരുപോലെ ആശങ്കയുണ്ടാക്കി. ബിജെപി തീവ്ര ഹിന്ദുത്വ കാർഡ് ഇറക്കിയപ്പോൾ കോൺഗ്രസ് ജനാധിപത്യ മതേതരത്വത്തിൽ ഉറച്ചു നിൽക്കുന്നതിന് പകരം മൃദുഹിന്ദുത്വ കാർഡ് കളിച്ചു. ഇത് യഥാർത്ഥത്തിൽ കോൺഗ്രസിനെ കുത്തുപാളയെടുപ്പിച്ചു. പി വി നരസിംഹ റാവുവും മൻമോഹൻ സിങ്ങും നടപ്പാക്കിയ ആഗോളവല്ക്കരണം, സ്വകാര്യവല്ക്കരണം, ഉദാരവല്ക്കരണം എന്നിവയിലൂടെ കോൺഗ്രസ് ഒരു സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു നവലിബറൽ സാമ്പത്തിക വീക്ഷണത്തിലേക്ക് ക്രമാനുഗതമായി മാറിക്കൊണ്ടിരുന്നു. അതോടൊപ്പം സംഘടന, അധികാരസാമ്പത്തിക താല്പര്യങ്ങൾക്ക് കീഴടങ്ങുകയും പതിറ്റാണ്ടുകളോളമുള്ള അധികാരം പാർട്ടിയെയും അണികളെയും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്തു. ഈ ഗർത്തത്തിൽ നിന്നും പാർട്ടിയെ രാഹുൽ‑പ്രിയങ്കമാരുടെ വ്യക്തി പ്രഭാവത്തിനോ കുടുംബ പശ്ചാത്തലത്തിനോ പിടിച്ചുയർത്തുക സാധ്യമല്ല. 2014 ൽ നരേന്ദ്രമോഡി അധികാരത്തിൽ വന്നപ്പോൾ ഉയർത്തിയ മുദ്രാവാക്യമായിരുന്നു കോൺഗ്രസ് മുക്ത ഭാരതം എന്നത്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ബിജെപി വളരുകയല്ല, കോൺഗ്രസ് ബിജെപിയെ വളർത്തുകയാണ് ഉണ്ടായത്.


ഇതുകൂടി വായിക്കാം; നന്നാവില്ലെന്നുറച്ച് കോണ്‍ഗ്രസ്


അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എംഎൽഎമാർ. 2016 മുതൽ 2020 വരെ നടന്ന തെരഞ്ഞെടുപ്പ് സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ് എംഎൽഎമാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്രം ജനങ്ങൾ വഞ്ചിതരായ അഞ്ചു സംസ്ഥാനങ്ങൾ നമുക്ക് പരിശോധിക്കാം. അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിൽ 44 സീറ്റ് നേടി കോൺഗ്രസ് ജയിച്ചതിൽ മുഖ്യമന്ത്രിയടക്കം 43 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. അങ്ങനെ ജനങ്ങൾ തോൽപ്പിച്ച ബിജെപിയെ, ജയിച്ച കോൺഗ്രസുകാർ അധികാരത്തിലെത്തിച്ചു. ഗോവയിൽ ബിജെപിയെ തോല്പിക്കാൻ ജനങ്ങൾ കോൺഗ്രസിനെ തെരഞ്ഞെടുത്തു. എന്നാൽ 12 എംഎൽഎമാർ കൂറുമാറി. ജനങ്ങൾ തോൽപ്പിച്ച ബിജെപിയെ ജയിച്ച കോൺഗ്രസുകാർ അധികാരത്തിൽ എത്തിച്ചു. കർണാടകയിലാകട്ടെ കോൺഗ്രസ് ജനതാദൾ സഖ്യത്തിന് ഭൂരിപക്ഷം നൽകി ജനങ്ങൾ ബിജെപിയെ പുറത്താക്കി. എന്നാൽ 17 കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടി. ഇവിടെയും ജനങ്ങൾ തോൽപിച്ച ബിജെപിയെ, ജയിച്ച കോൺഗ്രസുകാർ അധികാരത്തിലെത്തിച്ചു. മധ്യപ്രദേശിൽ തുടർച്ചയായി ഭരിച്ച ബിജെപിയെ ജനങ്ങൾ വോട്ട് ചെയ്ത് തോല്പിച്ചു. ജയിച്ച കോൺഗ്രസിലെ 23 എംഎൽഎമാർ കൂറുമാറി തോറ്റ ബിജെപിയെ ഭരണത്തിൽ എത്തിച്ചു. പുതുച്ചേരിയിലാകട്ടെ ജനങ്ങൾ ബിജെപിക്ക് കൊടുത്തത് സീറോ സീറ്റ്. എന്നാൽ ജയിച്ച കോൺഗസിലെ അഞ്ച് എംഎൽഎമാർ ചാടിപ്പോയി ബിജെപിയിൽ ചേർന്ന്, സർക്കാറിനെ താഴെ വീഴ്ത്തി. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള നെറികെട്ട രാഷ്ട്രീയത്തെ ഇനിയും ജനങ്ങൾ സഹിക്കണമെന്ന് പറയുന്നത് മിതമായി പറഞ്ഞാൽ വൃത്തികേടാണ്. ഇന്ദിരാഗാന്ധി മുതൽ രാഹുൽഗാന്ധി വരെ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചവർ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ഒന്നും ചെയ്തില്ല. അതിന്റെ ഫലമായാണ് കോൺഗ്രസ് ഇന്നത്തെ വിഷമഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ തിരിച്ചുവരവ് നടത്തണമെങ്കിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണം. സംസ്ഥാനങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയാണ് കോൺഗ്രസ് ദീർഘകാലം അധികാരത്തിൽ തുടർന്നത്. ആ കൂട്ടായ്മ തകർന്നിരിക്കുന്നു. അതിന്റെ ഭാഗമായിരുന്ന പലരും ബിജെപിക്കൊപ്പം പോയി. മതന്യൂനപക്ഷങ്ങൾ മറ്റു ചില കക്ഷികളിലേക്കും മാറി. നിരവധി ചെറിയ ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. അവരിൽ പലരും വിവിധ ജാതി-സാമൂഹിക വിഭാഗങ്ങളുടെ പിന്തുണയിലാണ് നിലനിൽക്കുന്നത്. ഈ വിഭാഗങ്ങൾ കോൺഗ്രസിനെ വിട്ടുപോയത് അതിന് അവരോട് നീതി കാട്ടാൻ കഴിയാത്തതുകൊണ്ടാണ്. കോൺഗ്രസിന്റെ പ്രധാന പ്രശ്നം ഇപ്പോൾ അതിന്റെ മുന്നിൽ വ്യക്തമായ ഒരു ദൗത്യം ഇല്ലെന്നതാണ്. രാജ്യത്തെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച കക്ഷിയാണ് കോൺഗ്രസ്. ആ തത്വങ്ങൾ ഭരണകൂടം ബലികഴിക്കുന്ന ഈ കാലത്ത് അതിനെതിരെ പൊരുതുന്ന വിഭാഗങ്ങൾക്കൊപ്പം നിൽക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടാകണം. അതിലൂടെ മാത്രമേ അതിനു സ്വന്തം ഭാവി ഉറപ്പിക്കാൻ കഴിയു.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.