ഇനി കണ്ണ് പരിശോധിച്ച് ഹൃദയരോഗങ്ങള്‍ കണ്ടെത്താം

Web Desk
Posted on February 21, 2018, 2:27 pm

ചിത്രം; ഗൂഗിള്‍

ന്യൂഡല്‍ഹി: കണ്ണ് പരിശോധനയിലൂടെ ഹൃദയ രോഗങ്ങള്‍ കണ്ടെത്താനുള്ള
സാങ്കേതിക വിദ്യയിലേക്കുള്ള ആരോഗ്യ പരീക്ഷണങ്ങള്‍ വിജയത്തിലെത്താന്‍
പോകുന്നു. ഗൂഗ്ള്‍ റിസര്‍ച്ചിന്റെ ഭാഗമായ വെരിലി സയന്‍സ് ആന്‍ഡ്
സാന്‍ഫോര്‍ഡ് സ്‌കൂളാണ് ഹൃദയ രോഗ നിര്‍ണയത്തില്‍ നിര്‍ണായകമാകുന്ന ഗവേഷണ
വിജയത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന വിവരം
പുറത്തുവിട്ടിരിക്കുന്നത്.
കൃത്രിമ ബുദ്ധിശക്തിയുടെ സഹായത്തോടെ കണ്ണിനകത്ത് കൃഷ്ണമണി ഉള്‍പ്പെടെ
പരിശോധിച്ച് ഒരാളുടെ ഹൃദയാരോഗ്യം വിലയിരുത്താമെന്നും ഹൃദയ രോഗങ്ങള്‍
കണ്ടെത്താമെന്നുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയവരെ ഉദ്ധരിച്ച്
നാച്വര്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് എന്ന പ്രസിദ്ധീകരണം
പറഞ്ഞിരിക്കുന്നത്.
‘തുടക്കമാണെങ്കിലും പ്രതീക്ഷാ നിര്‍ഭരമാണ്. ബാക്കി പരീക്ഷണങ്ങള്‍ കൂടി
പൂര്‍ത്തിയാകുന്നതോടെ ലളിതമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ
കൃഷ്ണമണിയുടെ ഫോട്ടോയെടുത്ത് ആന്തരികഘടനയുടെ അവസ്ഥ വിലിരുത്തി
ഹൃദയാരോഗ്യവും രോഗാവസ്ഥയും കണ്ടെത്താവുന്നതാണ്. ശാസ്ത്രീയമായ നിരവധി
ജോലികള്‍ ബാക്കിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഴത്തിലുള്ള പരീക്ഷണങ്ങലിലൂടെ കൃത്യമായ മാതൃകകള്‍
വികസിപ്പിച്ചെടുക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നേരിട്ട് രോഗ
നിര്‍ണയം നടത്തുന്നതിനുള്ള വിദ്യ വികസിപ്പിച്ചെടുക്കുകയാണ്
ലക്ഷ്യമിടുന്നതെന്ന് ഗവേഷക ലിലി പെന്‍ഗ് പറഞ്ഞു. മനുഷ്യ ശരീരഘടനയുടെ
മാറ്റങ്ങള്‍ കണ്ടെത്താന്‍ ഇതുവഴി സാധ്യമാകുമെന്നും അവര്‍
വ്യക്തമാക്കുന്നു.