June 3, 2023 Saturday

Related news

May 9, 2023
March 15, 2023
March 13, 2023
March 12, 2023
March 6, 2023
March 5, 2023
February 25, 2023
February 21, 2023
February 20, 2023
February 18, 2023

മറക്കാനാകുമോ മട്ടാഞ്ചേരിയെ ? തുറമുഖം റിവ്യൂ

അഞ്ജലി ദാമോദരൻ
March 13, 2023 3:37 pm

സ്കൂൾ കാലഘട്ടത്തിൽ പാഠപുസ്തകങ്ങളിലൂടെ നമ്മൾ കണ്ടും കേട്ടും പഠിക്കുന്നത് മാത്രമാണോ ചരിത്രം ? എന്താണ് യഥാർത്ഥ കേരള ചരിത്രം ? ഇന്നും മായാതെ നിൽക്കുന്ന, നമ്മളിൽ പലർക്കും അറിയാത്ത, അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെയും, അതിരൂക്ഷമായ പോരാട്ടത്തിന്റെയും ദൃശ്യാവിഷ്കാരമാണ് രാജീവ് രവി ചിത്രം തുറമുഖം.

1930 — 1950 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തിന്‍റെയും മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും അവിടുത്തെ തൊഴിലാളി സമൂഹത്തിന്‍റെയും രാഷ്ട്രീയ ചരിത്രമാണ് തുറമുഖം ചൂണ്ടിക്കാട്ടുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി അവിടത്തെ തൊഴിലാളികള്‍ നടത്തിയ കഠിനപോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്.

മട്ടാഞ്ചേരി കലാപത്തെ ആസ്പദമാക്കി കെ.എം. ചിദംബരൻ എഴുതിയ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മകൻ ഗോപന്‍ ചിദംബരനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സിനിമാറ്റിക് എലമെന്റുകൾ തിരുകികയറ്റികൊണ്ടുള്ള മറ്റു ചരിത്ര സിനിമകൾക്കിടയിൽ തുറമുഖം വ്യത്യസ്തമാവുന്നത് ചരിത്രം ചരിത്രമായി തന്നെ അടയാളപ്പെടുത്തിയത്കൊണ്ടാണ്. കാലഘട്ടങ്ങളെ പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കാനായി സ്വാതന്ത്ര്യത്തിനു മുമ്പുള്ള ജോജു ജോര്‍ജിന്റെ മൈമു എന്ന കഥാപാത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത് ബ്ലാക് ആന്റ് വൈറ്റ് രീതിയിലാണ്. പിന്നീട് അടുത്ത തലമുറയിലേക്ക് എത്തുമ്പോൾ നിവിൻ പോളിയുടെ മൊയ്തുവിലേക്ക് എത്തുമ്പോഴാണ് ചിത്രത്തിലേക്ക് നിറങ്ങൾ കയറി വരുന്നത്. 

ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളികൾ തുടങ്ങിയ പോരാട്ടം മുതൽ 1953 സെപ്റ്റംബർ 15 ന് മട്ടാഞ്ചേരി വെടിവെപ്പ് വരെയുള്ള സംഭവങ്ങൾ മൂന്നുമണിക്കൂറോളം പ്രേക്ഷകനെ യാതൊരു തരത്തിലും മടുപ്പിക്കാതെ തന്നെയാണ് അവതരിപ്പിച്ചത്. 

ചിത്രത്തിലെ ഓരോ പുരുഷ — സ്ത്രീ കഥാപാത്രങ്ങളും തുല്യപ്രാധാന്യം അർഹിക്കുന്നുണ്ട്. കാലഘട്ടത്തിനും അവർ അനുഭവിക്കുന്ന കഷ്ടതകൾക്കും അനുസരിച്ചുള്ള രൂപമാറ്റങ്ങൾ കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് അത്രമാത്രം അടുപ്പിക്കുന്നുണ്ട്. സിനിമയിൽ മുഴുനീളം എത്തുന്ന പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഉമ്മ, കാലത്തിനനുസരിച്ചുള്ള രൂപമാറ്റത്തിലും ഇരിപ്പിലും നടപ്പിലും ഭാവത്തിലുമെല്ലാം തന്നെ അവിശ്വസനീയ പ്രകടനമാണ് കാഴ്ച വെച്ചത്. സുദേവ് നായരുടെ പച്ചീക്കയും ശരീരഭാഷയിലും ഭാവത്തിലും സമാനമായ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. നിവിൻ പോളിയുടെ മൊയ്തുവും ഓരോ ഘട്ടത്തിലും തന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ രൂപത്തിലും കൊണ്ട് വന്നിട്ടുണ്ട്. കലയോടൊപ്പം കഥാപാത്രങ്ങളുടെ മേക്കോവറും കാലത്തിനോട് ചേർത്തു വെക്കുന്നതാണ്.

ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ റോളുകൾ ​അതിഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.

കലാ സംവിധായകനായ ഗോകുല്‍ ദാസ്, സമീറ സനീഷിന്റെ വസ്ത്രാലങ്കാര വും കാലഘട്ടത്തിനോട് നീതി പുലർത്തുന്നതാണ്. അന്‍വര്‍ അലിയുടെ വരികളും ഷഹബാസ് അമന്‍ ഒരുക്കിയ സംഗീതവും സയനോര ഫിലിപ്പിന്റേയും ബിജു നാരായണന്റേയും ശബ്ദവും ചിത്രത്തിന് മറ്റൊരു തലം സമ്മാനിക്കുന്നുണ്ട്.

രാഷ്ട്രീയ ചരിത്രങ്ങളിൽ പലയിടങ്ങളിലും പുരുഷ വീരകഥകൾ മാത്രം കുറിച്ചിടുമ്പോൾ പെൺജീവിതങ്ങളെകുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെകുറിച്ചൊന്നും അധികം ആരും തന്നെ പ്രതിപാദിക്കാറില്ല. എന്നാൽ ബോധപൂർവം രാജീവ് രവി തന്റെ സ്ത്രീ കഥാപാത്രങ്ങളുടെ വൈകാരിതയും യാതനയും ആഴത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. മക്കൾ നഷ്ടപ്പെട്ട ഉമ്മമാർ തെരുവിലൂടെ കരഞ്ഞ് ഓടിവരുന്ന അവസാനരംഗം അതിന് ഉത്തമ ഉദാഹരണമാണ്. 

1947ൽ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്ന് ചരിത്ര പുസ്തകങ്ങൾ പറയുമ്പോഴും സ്വതന്ത്രമായതിന് ശേഷവും, വലിയ ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെട്ട ഒരു ജനതയെകുറിച്ചുള്ള ഓർമപെടുത്തലാണ് തുറമുഖം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.