കനേഡിയൻ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് വിജയം, ഭൂരിപക്ഷം നഷ്ടമായി

Web Desk
Posted on October 22, 2019, 2:59 pm

മോണ്ട്രിയൽ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ന്യൂനപക്ഷ സർക്കാരായി അധികാരത്തിൽ തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 338 സീറ്റുകളിൽ 156 എണ്ണവും ലിബറൽ പാർട്ടി നേടി. കേവല ഭൂരിപക്ഷത്തിന് പക്ഷേ 170 സീറ്റുകൾ വേണം.

ജനകീയ മുഖവുമായാണ് 2015ൽ ട്രൂഡോ അധികാരത്തിലേറിയത്. എന്നാൽ പിന്നീട് ഇദ്ദേഹത്തിന് വൻ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. അഴിമതി ആരോപണങ്ങൾ വരെ ട്രൂഡോയ്ക്ക് നേരിടേണ്ടി വന്നു. ആരോപണങ്ങൾക്കിടയിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ട്രൂഡോയ്ക്ക് ജയിച്ച് കയറാനായി. തങ്ങൾ വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പല സീറ്റുകളിലും എൻഡിപിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എൻഡിപിയുടെ പിന്തുണയുള്ള ലിബറൽ സർക്കാർ ഇടതുപക്ഷത്ത് നിന്ന് കൂടുതൽ അകന്നത് സർക്കാരിന് വൻ തിരിച്ചടിയായെന്ന് മുൻ ലിബറൽ ധനമന്ത്രി ജോൺ മാൻലെ ചൂണ്ടിക്കാട്ടി. ഇദ്ദേഹം ഇപ്പോൾ സ്വകാര്യമേഖലയിൽ ജോലി ചെയ്യുകയാണ്.

സാധാരണയായി ന്യൂനപക്ഷ സര്‍ക്കാർ രാജ്യത്ത് രണ്ടര വർഷത്തിൽ കൂടുതൽ തുടരില്ലെന്നതാണ് മുൻകാല അനുഭവം.