പറക്കുന്ന വിമാനത്തിന്‍റെ മുകളില്‍ കയറി താരത്തിന്‍റെ സാഹസികത; ഒടുവില്‍ മരണത്തിലേക്ക്

Web Desk

ഒട്ടാവ

Posted on October 24, 2018, 4:41 pm

സാഹസികത ഒടുവില്‍ എത്തിച്ചേര്‍ന്നത് യുവാവിന്‍റെ മരണത്തിലേക്ക്. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്‍റെ മുകളില്‍ കയറിയ യൂട്യൂബ് താരം താഴേക്ക് വീണു മരിച്ചു. സാഹസികത നിറഞ്ഞ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് സംഭവം.

ആകാശത്ത് പാറിപറന്ന വിമാനത്തിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിച്ച് യു ട്യൂബില്‍ പോസ്റ്റ് ചെയ്യാനായിരുന്നു കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസ് ശ്രമിച്ചത്. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി ഈ സാഹസികതയ്ക്ക് ഒരുങ്ങിയത്.

വിമാനത്തിന്‍റെ ചിറകിലേക്ക് നടന്നടുക്കുമ്പോള്‍ പെട്ടെന്ന് വിമാനം കുത്തനേ താഴേക്ക് ചെരിയുകയും പെട്ടെന്നുള്ള അപകടമായിരുന്നതിനാല്‍ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുമ്പ് ജോണ്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.