6 February 2025, Thursday
KSFE Galaxy Chits Banner 2

ലോകത്തിന് കാനഡ നൽകുന്ന മുന്നറിയിപ്പ്

രാജാജി മാത്യു തോമസ്
January 14, 2025 4:30 am

നുവരി ഏഴിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാ‌റ്റ്ഫോം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ‘ഐക്യനാടുകളുടെ’ (യുണൈറ്റഡ് സ്റ്റേറ്റ്സ്) ഭൂപടം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ വളർന്നുവരുന്ന പുതിയ ഭൗമ രാഷ്ട്രീയത്തിന്റെ ദിശാസൂചകമാണെന്നുവേണം വിലയിരുത്താൻ. അമേരിക്കൻ ഐക്യനാടുകളെയും കാനഡയെയും വേർതിരിക്കുന്ന അതിർവരമ്പുകളില്ലാത്ത പുതിയ ഐക്യനാടുകളുടെ ഭൂപടമാണ് നിയുക്ത യുഎസ് പ്രസിഡന്റ് പുറത്തുവിട്ടത്. യുഎസ് ദേശീയ പതാകകൊണ്ട് അടയാളപ്പെടുത്തിയ പുതിയ ഐക്യനാടുകളുടെ മറ്റൊരു ചിത്രം ‘ഓ കാനഡ’ എന്ന അടിക്കുറിപ്പോടെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വീണ്ടും രംഗത്തുവന്നു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ രാജി പ്രഖ്യാപനം നടത്തി ഒരു ദിവസം മാത്രം പിന്നിടുമ്പോൾ പ്രത്യക്ഷപ്പെട്ട പ്രസ്തുത പോസ്റ്റുകൾ ട്രൂഡോയുടെ രാജിയുടെ കാര്യകാരണങ്ങളെപ്പറ്റി എന്തെങ്കിലും സംശയം അവശേഷിച്ചിരുന്നവരുടെ സമസ്ത സംശയങ്ങളെയും ദൂരീകരിക്കാൻ പോന്നതാണ്. 

ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ സ്വന്തം പാർട്ടിയിലും മുന്നണിയിലും അടുത്തകാലത്തായി വളർന്നുവന്ന എതിർപ്പ് അവഗണിക്കാനാവാത്ത വസ്തുതയാണ്. സമീപകാലത്തായി കാനഡയുടെ സമ്പദ്ഘടനയിൽ ഉളവായ പ്രതിസന്ധികളാണ് അത്തരം എതിർപ്പുകളുടെ അടിസ്ഥാനം. നാണ്യപ്പെരുപ്പം, വിലക്കയറ്റം, മതിയായ പാർപ്പിടങ്ങളുടെ അഭാവം, അവയുടെ ഉയർന്ന വാടക, പാർപ്പിട വായ്പകളുടെ ഉയർന്ന പലിശനിരക്ക് തുടങ്ങിയവയാണ് ജനങ്ങളുടെ അസംതൃപ്തിക്ക് കാരണം. ഈ പ്രതികൂല സാഹചര്യത്തെ ഫലപ്രദമായി മുതലെടുക്കാൻ ട്രംപിനും അദ്ദേഹത്തിന്റെ ഇലോൺ മസ്കടക്കം പുതിയ കൂട്ടാളികൾക്കും കഴിഞ്ഞിടത്താണ് ഒരു ദശകത്തോളമായി പ്രധാനമന്ത്രിയായി തുടർന്നുപോന്ന ട്രൂഡോയുടെ പതനത്തിലേക്കുള്ള പാത തുറന്നത്. 

2019ലെ തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് 338 അംഗ പാർലമെന്റിൽ 153 സീറ്റുകളെ നേടാൻ കഴിഞ്ഞിരുന്നുള്ളു. എൻഡിപിയുടെ 25 അംഗങ്ങളുടെ പിന്തുണയോടെയാണ് ട്രൂഡോ അധികാരത്തിൽ തുടർന്നത്. സെപ്റ്റംബറിൽ എൻഡിപി അവരുടെ പിന്തുണ പിൻവലിച്ചിരുന്നു. തന്റെ ഉറ്റ സഹചാരിയും മന്ത്രിസഭയിലെ ശക്തയായ ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് ഡിസംബർ 20ന് രാജിവച്ചതോടെ പ്രധാനമന്ത്രി ട്രൂഡോയുടെ നിലനില്പ് പരുങ്ങലിലായി. ലിബറൽ പാർട്ടിയിലെ ഒരുവിഭാഗം രാജി ആവശ്യപ്പെടുകയും അവിശ്വാസ ഭീഷണി മുഴക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതായി. അതാണ് ജനുവരി ആറിന് തന്റെ രാജി പ്രഖ്യാപിക്കാൻ ട്രൂഡോയെ നിര്‍ബന്ധിതനാക്കിയത്. ഭരണ കക്ഷിയിലെയും മുന്നണിയിലെയും ഈ നാടകങ്ങൾക്ക് പിന്നിൽ ട്രംപ് നേതൃത്വം നൽകുന്ന യുഎസിലെ തീവ്ര വലതുപക്ഷ‑ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയത്തിന് നിർണായക പങ്കുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കാനഡയുടെ സമ്പദ്ഘടന അയൽരാഷ്ട്രമായ യുഎസുമായുള്ള വ്യാപാരബന്ധങ്ങളെ ആശ്രയിച്ചാണ് ഏറെയും നിലനിൽക്കുന്നത്. ഏതാണ്ട് 70,000 കോടി ഡോളറിന്റെ വ്യാപാരമാണ് കാനഡയ്ക്ക് യുഎസുമായുള്ളത്. കാനഡയുടെ എ‌ണ്ണ, പ്രകൃതിവാതകം, സിമന്റ്, തടിഉല്പന്നങ്ങൾ, ഉ‌രുക്ക്, അലുമിനിയം തുടങ്ങിയവയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. ട്രൂഡോ ഭരണം മരിയുവാനയുടെ വിനോദപരമായ ഉപയോഗത്തെ നിയമവിധേയമാക്കിയിരുന്നു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റമാർഗങ്ങളിൽ ഒന്നാണ് കാനഡയുടെ അതിര്‍ത്തി. വിശാലമായ അതിർത്തി പങ്കിടുന്ന കാനഡയിൽനിന്നുള്ള കുടിയേറ്റവും മരിയുവാനയുടെ ഒഴുക്കും തടയണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അത് യുഎസിന്റെ മെക്സിക്കോ അതിർത്തിവഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതുപോലെതന്നെ ദുഷ്കരമാണ്. കാനഡയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ അല്ലെങ്കിൽ ആ രാജ്യം യുഎസിന്റെ 51-ാം സംസ്ഥാനമായി മാറുകയെന്ന ഭ്രാന്തവും അപ്രായോഗികവുമായ പ്രതിവിധിയാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. പ്രശ്നപരിഹാരത്തിനുവേണ്ടി ട്രൂഡോ ട്രംപിനെ അദ്ദേഹത്തിന്റെ മാറാ ലാഗോ എസ്റ്റേറ്റ് വസതിയിൽ സന്ദർശിച്ചുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതോടെ ട്രൂഡോ അക്ഷരാർത്ഥത്തിൽ അപമാനിതനായി മടങ്ങേണ്ടിവന്നു. തുടർന്നാണ് ഗത്യന്തരമില്ലാതെ രാജിവച്ചൊഴിയാൻ ട്രൂഡോ നിർബന്ധിതനായത്. 

ട്രൂഡോയുടെ നേതൃത്വത്തിൽ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കാനാവില്ലെന്നാണ് ലിബറൽ പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളും അഭിപ്രായ വോട്ടെടുപ്പുകളും സൂചിപ്പിക്കുന്നത്. ലിബറൽ പാർട്ടി മാർച്ച് ഒമ്പതിന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. പക്ഷെ, പുതിയ നേതൃത്വത്തിൻകീഴിലും ലിബറൽ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപും ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ എലോൺ മസ്കും ഉൾപ്പെട്ട പുതിയ ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടായിരിക്കും കാനഡയുടെ ഭാവി നിർണയിക്കുക എന്ന ഭീഷണമായ അവസ്ഥയാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സംജാതമായിരിക്കുന്നത്. സമൂഹ മാധ്യമമായ എക്സ്, പഴയ ട്വിറ്ററിന്റെ മസ്ക് അവതാരം, ഈ പുതിയ അന്താരാഷ്ട്ര രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കൈകളിൽ അതിശക്തമായ ആയുധമായി മാറുകയാണ്. മസ്കിന്റെ പണവും എക്സും അതിർത്തികൾ ഭേദിക്കുന്ന രാഷ്ട്രീയ അട്ടിമറിക്കുള്ള ആയുധമായി മാറുന്നത് കാനഡകൊണ്ട് മാത്രം അവസാനിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

ഉത്തര അറ്റ്ലാന്റിക് ദ്വീപ് രാഷ്ട്രമായ ഗ്രീന്‍ലാൻഡ് യുഎസിന്റെ ഭാഗമാക്കി മാറ്റുന്നതുസംബന്ധിച്ച പ്രചരണവും അവകാശവാദങ്ങളും ട്രംപ്-മസ്ക് കൂട്ടുകെട്ട് ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങളിലെ തീവ്ര വലതുപക്ഷ, നവഫാസിസ്റ്റ് പാർട്ടികൾക്ക് പരസ്യ പിന്തുണയുമായി മസ്കും എക്സും രംഗത്തിറങ്ങിക്കഴിഞ്ഞു. അത് യൂറോപ്യൻ രാഷ്ട്രീയത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ജനുവരി 20ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണവും ട്രംപ്-മസ്ക് കൂട്ടുകെട്ടും ലോകത്തിന്റെ ഇപ്പോൾത്തന്നെ ദുർബലമായ രാഷ്ട്രീയാന്തരീക്ഷത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അത് തെക്കുവടക്ക് അമേരിക്കകളിലും യൂറോപ്പിലും മാത്രമായി ഒതുങ്ങിനിൽക്കുമെന്നും കരുതാനാവില്ല. അധികാരമേൽ‌ക്കും മുമ്പുതന്നെ ഉക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ സംബന്ധിച്ച് ട്രംപ് നടത്തിയ പ്രസ്താവനകൾ ഉത്കണ്ഠയോടെയാണ് ലോകം നോക്കി‌ക്കാണുന്നത്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.