Web Desk

September 23, 2020, 7:50 pm

ക്യാന്‍സറും മാനസിക പ്രശ്‌നങ്ങളും

Janayugom Online

വികസ്വര രാജ്യങ്ങളിലെ മരണ കാരണങ്ങളില്‍ രണ്ടാം സാഥാനത്താണ് ക്യാന്‍സര്‍ രോഗം. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം ക്യാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, ക്യാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക ജീവിത സൗകര്യങ്ങളുെ അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും വിവിധതരം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estra­di­ol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ ക്യാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാംെ അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രധാനം ചെയ്യുന്നു. സമൂഹത്തില്‍ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപോയഗം, പാന്‍മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്.

തുടക്കത്തിലെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് മാറ്റാവുന്നതാണ് 50% ക്യാന്‍സര്‍ രോഗങ്ങളും. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം ക്യാന്‍സര്‍ രോഗങ്ങളും ആരംഭ ദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ ക്യാന്‍സര്‍ വരാനും ഉയര്‍ന്ന സ്‌റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ടഡ്. അതിനാല്‍ താഴെ പറയുന്ന ചില രോഗ ലക്ഷണങ്ങള്‍ ക്യാന്‍സര്‍ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ആരംഭ ദിശയിലെ കണ്ടുപിടിക്കാനുള്ള അവസരവുമാണ്.

1. സ്തനങ്ങളില്‍ കാണുന്ന വേദനരഹിതമായ തടിപ്പുകളും മുഴകളും, ഉള്‍വലിഞ്ഞ മുലഞെട്ടുകള്‍, മാറിടങ്ങള്‍ തമ്മില്‍ അടുത്തകാലത്തുണ്ടായ വലിപ്പത്തിലും രൂപത്തിലും വന്ന മാറ്റങ്ങള്‍, കക്ഷ ഭാഗത്തെ മുഴകള്‍ എന്നിവ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.

2. ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള ഗര്‍ഭാശയ ബ്ലീഡിംഗ്, അമിതമായ രക്തസ്രാവം, രക്തം കലര്‍ന്ന യോനീ സ്രവം എന്നിവ പരിശോധനാ വിധേയമാക്കി ക്യാന്‍സറിന്റെ ലക്ഷണമല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതാണ്.

3. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉള്ള രക്തസ്രാവം, രക്തക്കുറവ്, വിളര്‍ച്ച, അടിക്കടിയുണ്ടാകുന്ന അണുബാധ എന്നിവ ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. ശബ്ദത്തില്‍ വരുന്ന വ്യത്യാസം, വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

4. വായ്ക്കുള്ളിലെ തൊലിയില്‍ കാണുന്ന വെളുച്ചപാട പോലുള്ള ആവരണം, വേദന രഹിതമായ തടിപ്പുകള്‍ എന്നിവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തുടര്‍ച്ചയായ ചുമ, ശ്വാസം മുട്ടല്‍, രക്തം കലര്‍ന്ന കഫം എന്നിവ ശ്വാസകോശ ക്യാന്‍സറിനെ സൂചിപ്പിക്കുന്നു.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വളരെയധികം സാധാരണ അസുഖങ്ങളുടെ ലക്ഷണമായും കാണാറുണ്ട്. ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.

സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ത്ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.

സാമൂഹികമായ പ്രശ്‌നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊളിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊളില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്‌നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാസനിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്‌നമാണ്. മേല്‍പ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും, കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സാമൂഹവും ഭരണാധികാരികളും മേല്‍പ്പറഞ്ഞ പ്രശ്‌ന പരിഹാരത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ക്യാന്‍സറിനോടുള്ള സാധാരണ പ്രിതികരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരശ്രയത്വം വൈരൂപ്യത്തെക്കുറിച്ചുള്ള പേടി, അംഗവൈകല്യം, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോയെന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍, അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ്.

ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചുള്ള തുടര്‍ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാനും അതുവഴി അനുയോജ്യമായ തീരുമാനം എടുക്കാനും ഈ സാന്നിധ്യം ഉപകരിക്കും.

സങ്കടവും ആശങ്കയും ഉറക്കകുറവും സാധാരണയായി ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ച്ചയില്‍ കൂടുതല്‍ അത് നില്‍ക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാസമയത്തും തുടര്‍ന്ന് പോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ ഒരു മാനസിക രോഗ വിദഗ്ദന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.

ക്യാന്‍സര്‍ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. ക്യാന്‍സര്‍ രോഗം കണ്ടെത്തിക്കഴിഞ്ഞ് ആദ്യത്തെ ആഴ്ച്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത ക്യാന്‍സര്‍ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യ വര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ക്യാന്‍സര്‍ ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കും കുടുംബത്തിനും സാമൂഹികമായ പിന്തുണ, രോഗികളുടെകുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴില്‍ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാക്കാന്‍ നമുക്ക് കഴിയണം.

ഡോ. എസ്. പ്രമീളാദേവി

Eng­lish sum­ma­ry; Can­cer and men­tal problems

You may also like this video;