അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും പത്താം ക്ലാസ് പരീക്ഷയെഴുതി; ഫലം അറിയാന്‍ കാക്കാതെ അവന്‍ മാഞ്ഞു

Web Desk
Posted on May 27, 2019, 2:47 pm

ഹരിപ്പാട്: രക്താര്‍ബുദത്തോട് പൊരുതി പത്താം ക്ലാസ് പരീക്ഷയെഴുതിയ ഗൗതം ഇനി ഓര്‍മ്മ. അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും പരീക്ഷ എഴുതാന്‍ ഉത്സുകത പ്രകടിപ്പിക്കുമായിരുന്നു ഗൗതം. എന്നാല്‍, എഴുതിത്തീര്‍ത്ത പരീക്ഷകളുടെ ഫലം അറിയാന്‍ കാക്കാതെ അവന്‍ പോയി. കാന്‍സര്‍ വാര്‍ഡില്‍ നിന്ന് നൂറു കിലോമീറ്ററിലധികം യാത്ര ചെയ്ത് പരീക്ഷയെഴുതിയ ഗൗതമിനെ അഭിനന്ദിച്ച് മന്ത്രി കെ കെ ഷൈലജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പത്താംക്ലാസ് ഫലം വന്നപ്പോള്‍ മൂന്ന് പരീക്ഷകളില്‍ എ പ്ലസ്, ഒന്നിന് എ ഗ്രേഡ്, രണ്ടെണ്ണത്തിന് ബി പ്ലസും ഒന്നിന് ബിയുമായിരുന്നു. ആര്‍സിസിയില്‍ കീമോതെറാപ്പി കഴിഞ്ഞിറങ്ങിയപ്പോഴാണ് അവന്റെ പത്താം ക്ലാസ് ഫലം അറിയുന്നത്. മൂന്ന് പരീക്ഷകള്‍ എഴുതാത്തതിനാല്‍ സാങ്കേതികമായി ഗൗതം തോറ്റു. പക്ഷേ, സേ പരീക്ഷയെഴുതിയിരുന്നു. ഛര്‍ദിച്ച് അവശനായാണെങ്കിലും എഴുതിയ ഏഴ് പരീക്ഷകളും എഴുതാന്‍ കഴിയാതെ പോയ ബാക്കി പരീക്ഷകളും എഴുതി തീര്‍ത്ത് ഇന്ന് രാവിലെ 9.30നാണ് ഗൗതം മരണത്തിന് കീഴടങ്ങുന്നത്.

പത്താംക്ലാസ്സിലെ ഏഴ് പേപ്പറുകളില്‍ നാലും തിരുവനന്തപുരം ആര്‍സിസിയില്‍നിന്ന് നൂറുകിലോമീറ്ററിലധികം യാത്രചെയ്ത് ഹരിപ്പാട്ടെത്തിയാണ് ഗൗതം എഴുതിയിരുന്നത്. പരീക്ഷാഹാളിന് മുന്നില്‍ ഛര്‍ദിച്ച് അവശനായിട്ടും അവന്‍ പിന്മാറിയില്ല. എന്നാല്‍, മൂന്ന് പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തതിനാല്‍ സാങ്കേതികമായി തോല്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി കെകെ ഷൈലജ ഗൗതമിന് നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റുമിടുകയും ചെയ്തു.

പള്ളിപ്പാട് രാമങ്കേരിയില്‍ അജയകുമാറിന്റെയും ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ജിഷയുടെയും രണ്ടാമത്തെ മകനാണ് ഗൗതം. ഹരിപ്പാട് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി. ഒന്‍പതാം ക്ലാസിലെ അവസാന നാളുകളിലാണ് രോഗം തിരിച്ചറിയുന്നത്. അന്നുമുതല്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. പത്താം ക്ലാസില്‍ കഷ്ടിച്ച് ഒരുമാസം മാത്രമാണ് ക്ലാസിലിരുന്നത്. മാസങ്ങളോളം ആര്‍സിസിയിലായിരുന്നു. ഇതിനിടെ എട്ട് പ്രാവശ്യം കീമോതെറാപ്പിക്കും 10 റേഡിയേഷനും വിധേയനായി.

സേ പരീക്ഷകളില്‍ മൂന്നെണ്ണവും കഴിഞ്ഞ ആഴ്ചയാണ് എഴുതി തീര്‍ത്തത്. ക്ലാസ്സില്‍ ഛര്‍ദ്ദിച്ചു കൊണ്ടാണ് പരീക്ഷയെഴുതിയത്. പിന്നീട് വീണ്ടും ആര്‍സിസിയില്‍ പ്രവേശിപ്പിച്ച ഗൗതം ഇന്ന് രാവിലെ 9.30നാണ് മരണത്തിന് കീഴടങ്ങുന്നത്.

You May Also Like This: