അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും നോക്കുകുത്തിയായി മോഡി സര്‍ക്കാര്‍

Web Desk
Posted on August 05, 2019, 12:30 am

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ അര്‍ബുദ രോഗികളുടെ എണ്ണം ആഗോള ശരാശരിയെക്കാള്‍ വര്‍ധിക്കുമ്പോഴും നോക്കുകുത്തിയായി മോഡി സര്‍ക്കാര്‍. ഭൂരിഭാഗം വിദേശരാജ്യങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയ കീടനാശിനികളുടെ ഉപയോഗമാണ് അര്‍ബുദ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇവയുടെ എണ്ണം കൂടുതലായുള്ളത്.
പഞ്ചാബിലെ മാള്‍വ, ധോബ, മാജ എന്നീ ജില്ലകളിലെ 2.65 ലക്ഷം പ്രദേശവാസികളില്‍ നടത്തിയ സര്‍വേയില്‍ 24,000 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തി. 84,453 പേര്‍ക്ക് അര്‍ബുദ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. മാന്‍സ, ഭട്ടിന്‍ഡ, ഫിറോസ്പൂര്‍ ജില്ലകളിലും അര്‍ബുദ രോഗികളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തി.
ഈ മേഖലകളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും സംരക്ഷക രാസവസ്തുക്കളുമാണ് അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്ന് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ജെ എസ് ഠാക്കൂര്‍ വ്യക്തമാക്കി. റാഡിഷ്, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികളില്‍ അര്‍ബുദത്തിന് കാരണമാകുന്ന കാഡ്മിയം, ലിഥിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
ഒരു കിലോഗ്രാം റാഡിഷില്‍ 11.80 മില്ലിഗ്രാം കാഡ്മിയം, 29.6 മില്ലിഗ്രാം ക്രോമിയം, 7.10 മില്ലിഗ്രാം ലെഡും കണ്ടെത്തി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ യഥാക്രമം 0.10 എംജി, 0.50 എംജി, 0.50 എംജി കാഡ്മിയം, ക്രോമിയം, ലെഡ് എന്നിങ്ങനെയാണ് അനുവദനീയമായ അളവ്. ഈ മേഖലയിലെ കുടിവെള്ളത്തില്‍ ആഴ്‌സനിക്, കാഡ്മിയം, ക്രോമിയം, ലെഡ് എന്നിവയുടെ സാന്നിധ്യം അനുവദനീയമായ അളവിനെക്കാള്‍ ഏറെ കൂടുതലാണെന്ന് കണ്ടെത്തി.
രാജസ്ഥാനിലെ ബിക്കാനീര്‍, ജോധ്പൂര്‍, ബാമര്‍ എന്നീ ജില്ലകളിലും ആന്ധ്രാ പ്രദേശിലെ റായലസീമ മേഖലയിലും അര്‍ബുദ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ബനാറസ്, കാളിസിന്ദ് നദികളിലെ വെള്ളത്തിലും സമീപപ്രദേശത്തെ കുടിവെള്ളത്തിലും അര്‍ബുദത്തിന് കാരണമാകുന്ന ലോഹാംശങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വ്യാവസായിക ജില്ലകളായ വെല്ലൂര്‍, ഈറോഡ്, റാണിപേട്ട് എന്നിവിടങ്ങളിലെ കുടിവെള്ളത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന കാര്‍സിനോജെനിക് വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തി.
ചിറ്റൂര്‍, കഡപ്പ, നെല്ലൂര്‍, അനന്ത്പൂര്‍ എന്നീ ജില്ലകളിലെ കുടിവെള്ളത്തില്‍ ലിഥിയം ലോഹത്തിന്റെ സാന്നിധ്യം കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമാനമായ അവസ്ഥയാണ് തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ നേരിടുന്നതെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അര്‍ബുദ രോഗബാധിതരുടെ എണ്ണം, രോഗം ബാധിക്കാനുള്ള സാധ്യത, ആശുപത്രികളുടെ പരാധീനത എന്നിവ ചൂണ്ടിക്കാട്ടി വിവിധ ആരോഗ്യ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇനിയും വെളിച്ചം കണ്ടിട്ടില്ല.