
വിട്ടൊഴിയാത്ത കാർമേഘം, എപ്പോൾ വേണമെങ്കിലും ഉതിർന്നുവീഴാവുന്ന മഴച്ചാറ്റലുകൾ, പേരിനെന്നോണം വിരുന്നുപോലെ വന്നുപോകുന്ന വെയിൽ, ആഞ്ഞുവീശുന്ന കാറ്റ്.… അങ്ങനെ കർക്കിടകത്തിൻെറ വശ്യസൗന്ദര്യം പ്രകൃതിയോടൊപ്പം മനുഷ്യജീവിതത്തെ പേടിപ്പെടുത്തുന്ന കർക്കിടക പകലുകളിൽ ഓരോ വീടുകളിലും ആധി വ്യാധിയും അല്ലല്ലും അലച്ചിലും മാത്രമാണ് ബാക്കിയാകുന്നത്. ആ പഞ്ഞമാസ പകലുകളിൽ പാടവരമ്പുകളിലൂടെയും തോട്ടിൻവക്കുകളിലൂടെയും ഒറ്റ ചെണ്ടയുടെ അക്കമ്പടിയിൽ പടി കടന്നെത്തുന്ന കുഞ്ഞുദൈവങ്ങൾ.. മറ്റേതൊരു നാടിനും അവകാശപ്പെടാനില്ലാത്ത അതിജീവനത്തിന്റെ പുതു സൗന്ദര്യശാസ്ത്രമാണ് കർക്കിടകത്തെയ്യങ്ങളിലൂടെ ഉത്തരകേരളം സ്വായത്തമാക്കുന്നത്. മിത്തിൻെറ പിൻബലത്തോടെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അനുഭവം നൽക്കുന്ന പ്രതീക്ഷയുടെ നാളുകളിലൂടെയാണ് പിന്നീടവർ മുന്നോട്ടു പോകുന്നത്. തെയ്യമെന്നത് ഓരോ ഉത്തരകേരളീയന്റെയും ആത്മവിശ്വാസത്തിൻെറ ഭാഗമാണെങ്കിൽ കർക്കിടകത്തെയ്യങ്ങളിലൂടെയാണ് അവർ പഞ്ഞമാസക്കാലത്തിൻെറ ആധിയുടെയും വ്യാധിയുടെയും അതിജീവനം സാധ്യമാക്കുന്നത്.
മൂന്നുതരം കർക്കിടകത്തെയ്യങ്ങളാണ് ഇക്കാലങ്ങളിൽ സാധാരണകെട്ടിയാടുന്നത്. ആടി, വേടൻ, ഗളിഞ്ചൻ എന്നിവയാണവ. സാധാരണ തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രങ്ങളിലോ കാവുകളിലോ അല്ല ഇവ കെട്ടിയാടുന്നത്. പകരം ഓരോ വീടുകളും കയറിയിറങ്ങി സ്നേഹത്തിൻെറയും സമ്പർക്കത്തിന്റെയും പ്രത്യക്ഷോദാഹരണങ്ങളാണിവ. മലയർ, വണ്ണാൻ, നാൽക്കത്തായ എന്നിങ്ങനെ മൂന്നു വ്യത്യസ്തവിഭാഗക്കാരാണ് ഈ തെയ്യങ്ങളോരോന്നും കെട്ടുന്നത്. അതാത് തെയ്യക്കാരുടെ ഏറ്റവും ഇളയ തലമുറക്കാരാണ് കർക്കിടകത്തെയ്യങ്ങളായി വരുന്നത്.
ശിവ‑പാർവ്വതി സങ്കല്പത്തിലുള്ളതാണ് ആടിവേടൻതെയ്യം. ഗളിഞ്ചനാകട്ടെ അർജുനാവതാരവും. ഒറ്റ വേഷത്തിലും ഇരട്ടവേഷത്തിലും ആടിവേടന്മാർ വീടുകളിലെത്തും. വേടനാദ്യവും ആടി കർക്കിടകം പകുതിയോടെയുമാണ് എത്തുക. ഈ ആടിത്തെയ്യങ്ങളെ കർക്കിടോത്തി എന്നും വിളിക്കാറുണ്ട്.
ഈ തെയ്യങ്ങളുടെ ഐതിഹ്യം കിരാതം കഥയുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആദിവേടന്റെ ഇതിവൃത്തം. ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള പൂജ തുടങ്ങി. എന്നാൽ തന്റെ ഭക്തനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മഹേശ്വരനും മഹേശ്വരിയും കിരാതവേഷം പൂണ്ട് ആ വനത്തിൽ എത്തി. തപസ്സിനിടയിൽ ഒരു കാട്ടുപന്നി തന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അർജുനനൻ അതിനുനേരെ അസ്ത്രം പ്രയോഗിച്ചു. ഇതുകണ്ട് കിരാതവേഷധാരിയായ പരമശിവനും പന്നിക്കുനെരെ അമ്പെയ്‌തു. അമ്പേറ്റു പന്നി നിലത്തുവീണു. പക്ഷെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കിരാതനും അർജുനനും തമ്മിൽ വഴക്കായി. ആ വഴക്ക് യുദ്ധത്തിന് വഴിവെച്ചു.
കിരാതന്റെ അമ്പേറ്റു വില്ലാളിവീരനാം കുന്തീപുത്രൻ ബോധരഹിതനായിവീണു. പിന്നെ ബോധം തിരിച്ചുവന്നപ്പോൾ വെറുമൊരു കിരാതനോട് ഏറ്റുമുട്ടി അമ്പേറ്റുവീണത് അർജുനനിൽ നാണക്കേടുളവാക്കി. കിരാതനെ തോല്പ്പി ക്കുവാനുള്ള ശക്തിനേടുവാനായി വിജയൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി. പക്ഷെ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം ചെന്ന് വീണത് കിരാതന്റെ മേയ്യിൽ. ഒടുവിൽ ശ്രീപരമേശ്വരനാണ് തന്നെ പരീക്ഷിക്കാൻ കിരാതരൂപിയായി വന്നതെന്ന് മനസിലാക്കിയ അർജുനനൻ ഉമാമഹേശ്വരന്മാരുടെ കാൽക്കൽ വീണു നമസ്കരിച്ചു. തന്റെ വത്സനിൽ സംപ്രീതരായ അർദ്ധനാരീശ്വരന്മാർ പാർഥന് പാശുപതാസ്ത്രം സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി. മഹാദേവന്റെ ഈ കിരാതരൂപമാണത്രേ ആദിവേടനായി ഗൃഹസന്ദർശനം നടത്തുന്നത്. വേഷപ്രച്ഛന്നരായ ശിവനും പാർവതിയും നാട്ടകങ്ങളിലൂടെ വന്ന് കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പന്നതയും പ്രധാനം ചെയ്യുമെന്നാണ് പഴമക്കാരുടെ വിശ്വാസം.
ഗളിഞ്ചൻ ഉഗ്രനായ അർജുനൻ ആണ്. ഗളിഞ്ചൻ ആടിയൊഴിഞ്ഞാൽ ഭവനത്തിനു ഐശ്വര്യം വന്നു ചേരുന്നതിനു പുറമേ മനസിലെ പേടി വിട്ടകലും എന്നുള്ള വിശ്വാസം പ്രബലമായി തന്നെ നിലനിൽക്കുന്നു.‘നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ’ എന്ന അർത്ഥം വരുന്ന ‘കളഞ്ച’ എന്ന തുളുവാക്കിൽ നിന്നാണ് ഗളിഞ്ചൻ എന്ന വാക്കിന്റെ ഉത്ഭവം. ഈ കുഞ്ഞിത്തെയ്യങ്ങൾ ആടിയ ശേഷം മഞ്ഞൾപൊടിയും ചുണ്ണാമ്പും ചേർത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങൾ പടിയിറങ്ങിയെന്നാണ് വിശ്വാസം. ആടിവേടന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നൽകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.