സ്ഥാനര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: അഞ്ച് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Web Desk
Posted on February 02, 2019, 7:35 pm
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണ്ണയത്തെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. 25ന് കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം നടക്കാനിരിക്കെ യുവാക്കള്‍ തഴയപ്പെട്ടു എന്ന സൂചന ലഭിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ പൊട്ടിത്തെറി ഉയര്‍ന്നത്. നിരവധി തവണ മത്സരിച്ചവര്‍ രംഗത്ത് വന്നാല്‍ അതിനെതിരെ മത്സരിക്കണമെന്ന അഭിപ്രായംപോലും യോഗത്തില്‍ ഉയര്‍ന്നു. പീന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കടുത്തഭാഷയില്‍ തന്നെ തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചു. എല്ലാത്തവണയും യൂത്ത് കോണ്‍ഗ്രസ്സിന് അര്‍ഹമായ സീറ്റുകള്‍ നല്‍കാം എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ തങ്ങളെ തഴയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അത് നടക്കില്ല.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് നല്‍കാമെന്നു പറഞ്ഞിട്ടുള്ള പരിഗണന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നല്‍കിയില്ലെങ്കില്‍ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായി ദേശിയ നേതൃത്വം നിബന്ധനകള്‍ നല്‍കിയിട്ടുണ്ട്. ഈ നിബന്ധനകള്‍ അനുസരിച്ച് മാത്രമേ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാവു. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കും എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ യുവാക്കളെ കൂടുതലായി പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവണം. ഇതിന് വിപരീതമായാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നതെങ്കില്‍ ദേശിയ തലത്തിലും സംസ്ഥാന തലത്തിലും തങ്ങളുടെ എതിര്‍പ്പ് അറിയിക്കാനാണ് തീരുമാനമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് അഞ്ചു സീറ്റുകള്‍ നല്‍കണം. അനിവാര്യരല്ലാത്തവരെയും നിരവധി തവണ മത്സരിച്ചവരെയും വിജയ സാധ്യത ഇല്ലാത്തവരെയും മത്സരപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല.  പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ നിന്നും ഉണ്ടാവരുത്. പരസ്ര ഒത്തുതീര്‍പ്പിന്റെ ഭാഗമായുള്ള സീറ്റ് വീതംവയ്ക്കല്‍ നടത്താതെ അവിടങ്ങളില്‍ യുവാക്കളെ പരിഗണിക്കണം. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ലോക്സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിക്കുന്നവരില്‍ അനിവാര്യരല്ലാത്തവരെ ഇത്തവണ മാറ്റി നിര്‍ത്തണം. ഇറക്കുമതിയെന്നു തോന്നിക്കുന്ന ഒരു സ്ഥാനാര്‍ഥികളെയും അംഗീകരിക്കില്ല. മാര്‍ച്ച് ഒന്നിന് സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രസിഡന്റിനെ പരിഗണിക്കണമെന്ന് സംസ്ഥാന വക്താവ് ജോഷി പറഞ്ഞു. എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.