Web Desk

തിരുവനന്തപുരം

December 03, 2020, 9:07 pm

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിങ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിങ് നാളെ

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിങ് നാളെ (04 ഡിസംബർ) നടക്കും. വരണാധികാരികളുടെ ഓഫിസുകളിൽ സ്ഥാനാർഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണു കാൻഡിഡേറ്റ് സെറ്റിങ് നടക്കുന്നത്.

ത്രിതല പഞ്ചായത്തുകളിൽ ജില്ലാ — ബ്ലോക്ക് — ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണു പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15‑ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിങ്ങിനു ശേഷം കുറച്ചു മെഷീനുകളിൽ മോക് പോൾ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാർഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റും.

കോവിഡിന്റെ പശ്ചാത്തലത്തിൽ കാൻഡിഡേറ്റ് സെറ്റിങ്ങിനും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത ഖോസ പറഞ്ഞു. സ്ഥലസൗകര്യമുള്ളതും വായൂ സഞ്ചാരമുള്ളതുമായ ഹാളുകളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിന് ഒരുക്കേണ്ടത്. ഈ ഹാളുകൾ ഇന്നലെ അണുവിമുക്തമാക്കി. ഒരു സ്ഥാനാർഥിക്ക് ഒരാൾ എന്ന നിലയിലാകും ഹാളിലേക്ക് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേരെയേ ഹാളിൽ അനുവദിക്കൂ. സാമൂഹിക അകലം നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു.

കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ട്രോങ് റൂമുകളിലാണു സൂക്ഷിക്കുന്നത്. ഇവിടെനിന്നാകും പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ഡിസംബർ ഏഴിനാണ് ജില്ലയിൽ ഇ.വി.എമ്മുകളുടേയും പോളിങ് സാമഗ്രികളുടേയും വിതരണം.

തിരുവനന്തപുരം കോർപ്പറേഷനിലെ 51 മുതൽ 75 വരെയുള്ള വാർഡുകളിലെ മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള കാൻഡിഡേറ്റ് സെറ്റിങ് ഇന്നു (04 ഡിസംബർ) രാവിലെ ഏഴു മുതൽ മാർ ഇവാനിയോസ് കോളജ് കോമ്പൗണ്ടിലെ സർവോദയ വിദ്യാലയയിൽ നടക്കുമെന്ന് വരണാധികാരികൂടിയായ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസുകൾ വിതരണം ചെയ്യും. പാസില്ലാതെ ആരെയും കോമ്പൗണ്ടിനുള്ളൽ പ്രവേശിപ്പിക്കില്ലെന്നും സബ് കളക്ടർ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ പരിശീലന ക്ലാസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ എന്നീ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി നാളെ(ഡിസംബർ 04) പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നാളെ ഉച്ചയ്ക്ക് 1.30 മുതൽ 5.30 വരെ വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ മഹാത്മഗാന്ധി ബ്ലോക്കിലും പാറശാല, പെരുങ്കടവിള, അതിയന്നൂർ, നേമം, പോത്തൻകോട്, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂർ, ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവർക്ക് അന്നേ ദിവസം രണ്ടു ഘട്ടങ്ങളിലായി നെടുമങ്ങാട് ഗവൺമെന്റ് ജി.എച്ച്.എസ്.എസിലുമാണു ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. പരിശീലനത്തിൽ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish sum­ma­ry: can­di­date set­ting in vot­ing machine

You may also like this video: