Janayugom Online
election commission

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 10:39 pm

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതാണെന്നും നിർദ്ദേശത്തിലുണ്ട്.

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന ദിവസത്തിനു മുൻപുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യത്തെയും അഞ്ച് മുതൽ എട്ടു വരെയുള്ള ദിവസത്തിനുള്ളിൽ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം. പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ ഒൻപത് ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് വരെ അവസാനത്തെ അറിയിപ്പ് നൽകാം.

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും അവരെ നാമനിർദ്ദേശം ചെയ്ത രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വോട്ടിംഗ് സമയം ദീർഘിപ്പിക്കാൻ ഓർഡിനൻസ് കൊണ്ടുവരും

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. ഇതിനായി കേരള മുനിസിപ്പാലിറ്റി ആക്ടിലും, കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

പോളിംഗ് സമയം രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണി വരെയാകും. കോവിഡ്19 രോഗം ബാധിച്ചവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യുന്നതിന് അവസരം പുതിയ നിയമ ഭേദഗതിയിലൂടെ ഉണ്ടായിരിക്കും.

 

ENGLISH SUMMARY:Candidates’ crim­i­nal back­ground should be pub­lished: Elec­tion Com­mis­sion
You may also like this video