Web Desk

ഭോപ്പാല്‍

June 05, 2020, 7:08 pm

സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ല! കാരണം വ്യക്തമാക്കി പൂജാരി

Janayugom Online

ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആരാധനായലയങ്ങള്‍ തുറക്കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍  ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണമെന്ന് നിബന്ധനകളും ഉണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മധ്യപ്രദേശിലെ ഭോപ്പാലിലുള്ള മാ വൈഷ്ണവധാം നവ് ദുര്‍ഗാ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്രശേഖര്‍ തിവാരി.

മദ്യപിച്ചിട്ട് ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല. അങ്ങനെയുള്ളപ്പോള്‍ സാനിറ്റൈസര്‍ കൈകളില്‍ തേച്ചിട്ട് എങ്ങനെ അകത്ത് കയറുമെന്ന് പൂജാരി ചോദിച്ചു. കൈകള്‍ ശുദ്ധിയാക്കാനുള്ള മെഷീന്‍ ക്ഷേത്ത്രിന് പുറത്ത് സ്ഥാപിക്കാം. അവിടെ സോപ്പും വയ്ക്കാം. എങ്ങനെ ആയാലും വീട്ടില്‍ നിന്ന് കുളിച്ച ശേഷമേ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. കണ്ടെയ്ന്‍മെന്‍്‌റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ, തീര്‍ത്ഥമോ നല്‍കരുതെന്നാണ് ക്ഷേത്രങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശം. ആരാധനാലയങ്ങളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും. പള്ളികളില്‍ ക്വൊയര്‍ അനുവദിക്കില്ല. ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും പാടില്ല.

Eng­lish Sum­ma­ry: Cant allow Sani­tis­er in tem­ple said priest

You may also like this video