അനുസരണക്കേടിന്റെ ക്യാന്‍വാസുകള്‍— ഹെന്റി മറ്റിസേ (1869–1954)

Web Desk
Posted on June 23, 2019, 8:29 am

സൂര്‍ദാസ് രാമകൃഷ്ണന്‍

ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ ലോക ചിത്രകല, പാരമ്പര്യത്തിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു. പാരീസ് തന്നെയായിരുന്നു ഈ ആഘോഷത്തിന്റെയും അരങ്ങ്. വരയുടെ പാരമ്പര്യവഴികളില്‍ നിന്നും ബോധപൂര്‍വ്വം വഴുതിമാറി ആവിഷ്‌ക്കാരത്തിന്റെ നൂതനവും മൗലികവുമായ സാധ്യതകള്‍ തേടിയിരുന്ന ചിത്രകാരന്മാരുടെ ഒരുകൂട്ടം അക്കാലത്ത് പാരീസിലുണ്ടായിരുന്നു. അവരിലൂടെയാണ് പാരമ്പര്യനിഷേധത്തിന്റെ മോഹിപ്പിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് ചിത്രകല സര്‍ഗാത്മക ലഹരിയുടെ ചുവടുകള്‍ വച്ച് മുന്നേറിയത്. ഈ നിഷേധികള്‍ സകല പാഠങ്ങളും തിരുത്തി. പൂര്‍വ്വികരെപ്പോലെ പ്രകൃതിയെയും മനുഷ്യരെയും കാണുംപോലെ പകര്‍ത്തിവയ്ക്കാന്‍ ഇവര്‍ക്കറിയാമായിരുന്നു. റാഫേലിനെയും ടിഷ്യനെയും പോലെ വരയ്ക്കാന്‍ കഴിവുള്ളവരായിരുന്നു പലരും. എന്നിട്ടും, അവര്‍ സ്വയം വഴിതെറ്റിച്ചു. പ്രകൃതിക്കും മനുഷ്യര്‍ക്കുമെല്ലാം ബാഹ്യയാഥാര്‍ത്ഥ്യത്തെ തകിടം മറിക്കുന്ന രൂപഭാവങ്ങള്‍ നല്‍കി. പ്രകൃതിയുടെ സ്വാഭാവികമായ വര്‍ണ്ണവിന്യാസ ക്രമങ്ങള്‍ അവരുടെ ചിത്രങ്ങളില്‍ അപ്രത്യക്ഷമായി. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത ഏതോ നിഗൂഢസത്തയെ ക്രമരാഹിത്യത്തിലൂടെ പ്രത്യക്ഷമാക്കുംപോലെയാണ് അവര്‍ വരച്ചത്. മനുഷ്യരെ വരയ്ക്കുമ്പോള്‍ അവയവങ്ങളുടെ സന്തുലിതാവസ്ഥയെ അവര്‍ മറന്നു. മനുഷ്യന്റെ ആന്തരയാഥാര്‍ത്ഥ്യത്തെ ബാഹ്യരൂപത്തില്‍ പ്രത്യക്ഷമാക്കാനുള്ള സാഹസകിതയുടെ വിഭ്രമകാഴ്ചകളായിരുന്നു അത്. കാഴ്ചക്കാരെ അസ്വസ്ഥരാക്കുംവിധം മനുഷ്യരൂപത്തെ വികൃതമാക്കാന്‍ അവര്‍ മടിച്ചില്ല; പ്രത്യേകിച്ചും നഗ്ന സ്ത്രീരൂപങ്ങളെ വരയ്ക്കുമ്പോള്‍. മോഹിപ്പിക്കുന്ന ശരീരഘടനയെ പ്രകോപനപരമായി അപനിര്‍മ്മിച്ചുകൊണ്ട് കാഴ്ചക്കാരന്റെ തരളമായ സൗന്ദ്യര്യസങ്കലപ്ങ്ങളെ അവര്‍ ഞെട്ടിച്ചു. ഇങ്ങനെ, ചിത്രകലയില്‍ നിലനിന്നുപോന്നിരുന്ന സങ്കല്പങ്ങളെ പിടിച്ചുലച്ചുകൊണ്ട്, അനുകരണമല്ല അനുസരണക്കേടാണ് കലയുടെ കാതലെന്ന് അവര്‍ വര കൊണ്ട് ബോദ്ധ്യപ്പെടുത്തി. പാരമ്പര്യനിഷേധികളായ ചിത്രകാരന്മാരുടെ ഈ കൂട്ടത്തെ അന്നത്തെ നിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത് ‘മെരുങ്ങാത്ത കാട്ടുമൃഗങ്ങള്‍’ എന്നായിരുന്നു. ഈ കാട്ടുമൃഗങ്ങളില്‍ ഏറ്റവും വലിയ നിഷേധിയായിരുന്നു ഹെന്റി മറ്റിസേ എന്ന ഫ്രഞ്ച് ചിത്രകാരന്‍.

ഹെന്റി എമില്‍ ബെനറ്റ് മറ്റിസേ, ആധുനിക ചിത്രകലയിലെ കലാപകാരികളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും കൊണ്ട് നിരന്തരം ആക്രമിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. ‘വലിയ ചിത്രകാരനായി ചമഞ്ഞുനടക്കുന്ന കപടനാട്യക്കാരന്‍’, ‘വൈരൂപ്യങ്ങളുടെ അപ്പോസ്തലന്‍’, ‘കലയിലെ കുറ്റവാളി’ എന്നൊക്കെ മറ്റിസേ ആക്ഷേപിക്കപ്പെട്ടു. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ കലയെ തളര്‍ത്തിയില്ല. കലാനിരൂപകരുടെയും കാഴ്ചക്കാരുടെയും ആക്രമണങ്ങള്‍ക്കിടയിലൂടെ മറ്റിസേ വരയിലെ അനുസരണക്കേട് തുടര്‍ന്നുകൊണ്ടേയിരുന്നു. കലാകാരന്‍ ഒന്നിന്റെയും തടവുകാരനല്ലെന്ന ഉറച്ച നിലപാട് ഈ നിഷേധിക്കുണ്ടായിരുന്നു. ”കലാകാരന്‍ ശൈലിയുടെയോ പ്രശസ്തിയുടെയോ വിജയപ്രതീക്ഷയുടെയോ, എന്തിന് സ്വന്തം വ്യക്തിസത്തയുടെയോ പോലും തടവുകാരനാകരുത്” എന്ന് മറ്റിസേ പറഞ്ഞിട്ടുണ്ട്. സ്വന്തം കലാജീവിതം കൊണ്ട് അദ്ദേഹം ഈ വാക്കുകള്‍ക്ക് അടിവരയിടുകയും ചെയ്തു. ഒരിക്കലും താന്‍ പരിശീലിച്ച ശൈലിയുടെ തടവുകാരനായിരുന്നില്ല അദ്ദേഹം. തന്റെ ചിത്രകലാഗുരുക്കന്മാരായിരുന്ന വില്യം അഡോള്‍ഫ് ബുഹേറോയുടെയും ഗുസ്താവ് മോറോയുടെയും പാരമ്പര്യനിഷ്ഠമായ ശൈലി സ്വായത്തമാക്കിയിട്ടും മറ്റിസേ അതിന്റെ തടവുകാരനായില്ല. തന്റെ അനുസരണ കെട്ട ക്യാന്‍വാസുകള്‍ തന്നെ പ്രശസ്തമാക്കുമെന്ന് സ്വപ്നത്തില്‍ പോലും മറ്റിസേ കരുതിയിരുന്നില്ല. പക്ഷേ, കാലം ഈ ചിത്രകാരനെ മരണാനന്തരം ആധുനിക ചിത്രകലയിലെ ഏറ്റവും വലിയ പ്രതിഭയുടെ പീഠത്തിലിരുത്തി.
1869ല്‍ ഫ്രാന്‍സിലെ വടക്കന്‍ പ്രവിശ്യയില്‍ ഒരു ധാന്യകച്ചവടക്കാരന്റെ മകനായിട്ടാണ് മറ്റിസേ ജനിച്ചത്. നാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നിയമപഠനത്തിനായി 1887ല്‍ പാരീസിലേക്ക് പോയി. പഠനശേഷം പാരീസില്‍ തന്നെ കോടതി അഡ്മിനിസ്‌ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും ചിത്രകലയുടെ മാസ്മരികലോകം മറ്റിെസയെ കീഴടക്കിക്കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ പഠനത്തിനായി പാരീസിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റിസേ വരയ്ക്കാന്‍ തുടങ്ങി. അമ്മയില്‍ നിന്നും വലിയ പ്രോത്സാഹനമാണ് മറ്റിസേയ്ക്ക് ലഭിച്ചത്. വരയ്ക്കാനുള്ള ചായവും മറ്റ് സാമഗ്രികളും അമ്മയാണ് വാങ്ങിനല്‍കിയത്. ചിത്രകലയില്‍ സ്വര്‍ഗീയമായ ഒരു ആനന്ദം താന്‍ കണ്ടെത്തിയതായി ഈ ഘട്ടത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ആ ആനന്ദാതിരേകത്തില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ മറ്റിസേ തന്റെ ഉദ്യോഗം ഉപേക്ഷിച്ചു. ചിത്രകലയിലേക്ക് എടുത്തുചാടിയ മകന്റെ സാഹസിക പ്രവര്‍ത്തി പിതാവിനെ കൊടിയ നിരാശയിലാഴ്ത്തി. പക്ഷേ അതൊന്നും മറ്റിസേയ്ക്ക് വിഷയമായിരുന്നില്ല. വരെയുടെ ലഹരിയിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് വില്യം ബുഹേറോയുടെയും മോറോയുടെയും ശിഷ്യനായത്. അവരുടെ ശൈലിയില്‍ ഏതാണ്ട് പതിനഞ്ചുവര്‍ഷത്തോളം മറ്റിസേ വരച്ചുകൊണ്ടേയിരുന്നു. ക്രമേണ പ്രകൃതിയുടെ അനുകരണമല്ല ചിത്രകല എന്നൊരു തിരിച്ചറിവിലേക്ക് ആ മനസ് ഉണര്‍ന്നുതുടങ്ങി. അതോടെ പിന്‍തുടര്‍ന്നതിനെയൊക്കെ ഉപേക്ഷിക്കണമെന്നൊരു അദമ്യമായ ത്വര മറ്റിസേയുടെ ചിന്തയെ ഇളക്കിമറിച്ചു. അതിന് ആക്കം കൂട്ടിയത് ഓസ്‌ട്രേലിയന്‍ ചിത്രകാരനായ ജോണ്‍ റസ്സലുമായി യാദൃച്ഛികമായുണ്ടായ പരിചയമായിരുന്നു. റസ്സല്‍, അസ്വസ്ഥനായ പുതിയ സുഹൃത്തിനെ പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രശൈലിയുടെ ആവേശകരമായ വൈവിദ്ധ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. വാന്‍ഗോഗിന്റെ ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു. മറ്റിസേ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു ഈ സംഭവിത്തിലൂടെ. ‘ഞാന്‍ എന്റെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്തി’ എന്നാണ് റസലുമായുള്ള കൂടിക്കാഴ്ചയെ മറ്റിസേ വിശേഷിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹം പൗരസ്ത്യദേശത്തുനിന്നും കൊണ്ടുവന്നിരുന്ന മനോഹരമായ പരവതാനികളിലെ ചിത്രശൈലിയെക്കുറിച്ചും ബൈസന്റൈന്‍ മാര്‍ബിളിലെ നിറങ്ങളുടെ പ്രകൃതിദത്തമായ ക്രമങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിച്ചു. ഇവ രണ്ടും തന്റെ ശൈലിയുടെ ആത്മചൈതന്യമാക്കി മാറ്റി മറ്റിസേ. അത്, അതുവരെ ക്യാന്‍വാസുകളില്‍ കണ്ടിട്ടില്ലാത്ത നിറങ്ങളുടെ വിസ്മയിപ്പിക്കുന്ന പാറ്റേണുകള്‍ സൃഷ്ടിച്ചു. വസ്തുക്കളുടെ യഥാര്‍ത്ഥ രൂപങ്ങളെ ഈ പാറ്റേണുകളില്‍ അദ്ദേഹം അപനിര്‍മ്മിച്ചു. സ്ത്രീശരീരം അതിന്റെ എല്ലാ മോഹഭാവങ്ങളും കൈവിട്ട് സങ്കല്പാതീതമായ ക്രമരാഹിത്യം പ്രകടിപ്പിച്ചു. മറ്റിസേ തന്നെ പറയുന്നുണ്ട്, ‘എന്റെ ക്യാന്‍വാസിലേത് പോലെയുള്ള ഒരു സ്ത്രീയെ തെരുവില്‍ കണ്ടാല്‍ ഞാന്‍ ബോധംകെട്ട് വീണുപോകും.’ അത്രത്തോളം വിചിത്ര രൂപങ്ങളായിരുന്നു മറ്റിസേ സ്ത്രീക്ക് നല്‍കിയത്. ഇതൊക്കെ കൊണ്ടാണ് പൊതുജനം അദ്ദേഹത്തെ ‘വൈരൂപ്യങ്ങളുടെ അപ്പോസ്തലന്‍’ എന്ന് പരിസഹിച്ചത്. അപ്പോഴും മറ്റിസേ സമൂഹത്തിന്റെ യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു.


1905ലാണ് മറ്റിസേയുടെ ചിത്രം ആദ്യമായി പാരീസ് സലോണില്‍ പ്രദര്‍ശിപ്പിച്ചത്. ‘തൊപ്പി ധരിച്ച സ്ത്രീ’ എന്ന ചിത്രമായിരുന്നു അത്. ചിത്രം കണ്ടവര്‍ അസ്വസ്ഥരായി. ‘കുറേ കുത്തും വരകളും’ എന്നവര്‍ ആക്ഷേപിച്ചു. പക്ഷേ, ഈ ആദ്യചിത്രം കൊണ്ടുതന്നെ മറ്റിസേ പാരീസിലെ യുവചിത്രകാരന്മാര്‍ക്കിടയില്‍ ശ്രദ്ധേയനായി. അവര്‍ മറ്റിസയുടെ ശൈലിയില്‍ മോഹിതരായി. അതിന്റെ നവീനതയില്‍ ആവേശം കൊണ്ടു. പക്ഷേ പൊതുജനം അപ്പോഴും മുഴുവട്ടന്റെ കോമാളിത്തമായിട്ടാണ് ചിത്രത്തെ കണ്ടത്.

പക്ഷേ, ആ ചിത്രം വിറ്റുപോയി. അമേരിക്കക്കാരനായ ലിയോസ്റ്റീന്‍ എന്ന ചിത്രകലാപ്രണയിയാണ് അത് വാങ്ങിയത്. ലിയോയും ആദ്യം ചിത്രം കണ്ടപ്പോള്‍ ‘വെറും ചവറ്’ എന്നാണ് മനസില്‍ വിചാരിച്ചത്. എന്നിട്ടും തന്നെ ആകര്‍ഷിക്കുന്നതെന്തോ അതിലുണ്ടെന്ന തോന്നല്‍ ലിയോയെ ചിത്രത്തിനരികിലെത്തിച്ചു. നൂറ് ഡോളറിന് അയാള്‍ ചിത്രം വാങ്ങി. ലിയോസ്റ്റിന്‍, പ്രശസ്ത അമേരിക്കാന്‍ എഴുത്തുകാരി ഗര്‍ട്രൂഡ് സ്റ്റീനിന്റെ സഹോദരനായിരുന്നു. ഗര്‍ട്രൂഡ് താമസിച്ചിരുന്നത് പാരീസിലായിരുന്നു. അവരുടെ വീട് കലാകാരന്മാരുടെയും ചിന്തകളുടെയും താവളമായിരുന്നു. അവരുടെ ക്ഷണമനുസരിച്ച് മറ്റിസെയും അവിടുത്തെ നിത്യസന്ദര്‍ശകരിലൊരാളായി. അവിടെ വച്ചാണ് പാബ്ലോ പിക്കാസോ എന്ന ചിത്രകലയിലെ മറ്റൊരു താന്തോന്നിയെ മറ്റിസേ പരിചയപ്പെടുന്നത്. വലിയ കലാനിരൂപകരായ ബര്‍ണാഡ് ബറിന്‍സണ്‍, റോജര്‍ ഫ്രൈ തുടങ്ങിയവരെയും ഹെമിംഗ്‌വേ, ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ എഴുത്തുകാരെയും ഒക്കെ മറ്റിസേ അവിടെവച്ചായിരുന്നു അടുത്തറിഞ്ഞത്. ഈ സൗഹൃദങ്ങളൊക്കെ മറ്റിസയുടെ കലാജീവിതത്തിന്റെ അനുസരണക്കേടിന് കൂടുതല്‍ കരുത്ത് നല്‍കി. 1906ല്‍ മറ്റിസേയുടെ മികച്ച ചിത്രങ്ങളിലൊന്നായി പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ട ‘ജോയി ഓഫ് ലൈഫ്’ പാരീസില്‍ പ്രദര്‍ശിപ്പിച്ചു. ഏദന്‍തോട്ടത്തെ വിഷയമാക്കി ഒരമൂര്‍ത്തരചനയായിരുന്നു അത്. ജനം ചിത്രത്തിലെ നഗ്നതാ ചിത്രീകരണത്തിലെ വിചിത്രമായ ശൈലിയെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. പ്രദര്‍ശിപ്പിച്ചിടത്തൊക്കെ ജനങ്ങളുടെ പ്രതികരണം ഈ മട്ടിലായിരുന്നു. പക്ഷേ ലിയോസ്റ്റീന്‍ ‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹത്തായ രചന’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആ ചിത്രവും വാങ്ങുകയാണുണ്ടായത്.
മറ്റിസേ രണ്ട് വിവാഹം കഴിച്ചിരുന്നു. 1894ല്‍ തന്റെ ചിത്രങ്ങള്‍ക്ക് മോഡലായിരുന്ന കരോലിനെ. അവരില്‍ ഒരുമകള്‍ മാര്‍ഗിരറ്റി. പിന്നെ 1898ല്‍ അമേലി എന്നൊരു സ്ത്രീ. മാര്‍ഗിരറ്റിയും അമേലിയും മറ്റിസയുടെ അനേകം ചിത്രങ്ങള്‍ക്ക് മോഡലുകളായിട്ടുണ്ട്. ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളില്‍ മറ്റിസേ രോഗാതുരനായിരുന്നു. കടുത്ത അര്‍ബുദരോഗിയായിരുന്നു അദ്ദേഹം. പഴയതുപോലെ വരയ്ക്കാനുള്ള ശേഷി ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. അവസാന നാളുകളില്‍ പേപ്പര്‍ കട്ടിംഗുകള്‍ കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കുന്നൊരു കലയില്‍ തന്റെ അനുസരണക്കേടിനെ തളച്ചിടാന്‍ അദ്ദേഹം ശ്രമിച്ചു. 1954ല്‍ 85ാം വയസില്‍ മരണത്തിന്റെ കരങ്ങളില്‍ അനുസരണയോടെ ഒതുങ്ങുംവരെ നിഷേധത്തിന്റെ യൗവ്വനം ജ്വലിച്ചുനിന്നൊരു മനസായിരുന്നു മറ്റിസേയുടേത്.