14 October 2024, Monday
KSFE Galaxy Chits Banner 2

മൂലധനവും തൊഴിലും

Janayugom Webdesk
May 1, 2022 12:46 am

ർഗവിഭജിത സമൂഹത്തിന്റെ ചരിത്രം പുതിയൊരു വഴിത്തിരിവിലാണ്. മുതലാളിത്തത്തിന്റെ പ്രയാണത്തിന് കുതിപ്പേകുന്നത് തൊഴിലാളിയുടെ അധ്വാനമാണ്. അധ്വാനത്തിന്റെ മിച്ചം മുതലാളിത്ത ഉല്പാദന ശക്തികളെ മുന്നോട്ട് നയിക്കുന്നു. ആധുനിക സമൂഹത്തിലെ സാമ്പത്തിക വളർച്ചയുടെ മുൻഗണനകളിൽ സുപ്രധാനമാണ് തൊഴിൽ. എന്നാൽ ഇന്ന് അധ്വാനത്തിൽ നിക്ഷേപിക്കുന്നതിൽ മുതലാളിക്ക് താല്പര്യമില്ല. സാമ്പത്തിക വളർച്ചയോടുള്ള ഈ നിസംഗത മുതലാളിത്ത സമൂഹം നേരിടുന്ന പ്രതിസന്ധിയെ അത്യന്തം വഷളാക്കുന്നു. 2016–17 മുതൽ 2020–2021 വരെയുള്ള ആറ് വർഷത്തിനിടയിൽ 445 ദശലക്ഷത്തിൽ നിന്ന് 435 ദശലക്ഷമായി തൊഴിൽശക്തിയുടെ പങ്കാളിത്തം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. വ്യവസായവൽക്കരണ പ്രക്രിയയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകളിലാകട്ടെ, നിയമാനുസൃത പ്രായത്തിലുള്ള തൊഴിൽ പങ്കാളികളിൽ 40 ശതമാനം പേർ മാത്രമാണ് തൊഴിൽ അന്വേഷിക്കുന്നത്. 2020–21ലെ കണക്കുകളാണിത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ കണക്കുകൾ അനുസരിച്ച് 2016–17ൽ നിയമാനുസൃത പ്രായമുള്ള ആകെ തൊഴിലാളികളുടെ എണ്ണം 46 ശതമാനമാണ്.


ഇതുകൂടി വായിക്കൂ: തൊഴിലാളിവർഗത്തോടൊപ്പം നിന്ന നേതാവ്


2020 ഏപ്രിൽ‑ജൂൺ പാദത്തിൽ 24 ശതമാനത്തിന്റെ ഇടിവ് ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണക്കാർ കൊടിയ ദുരിതത്തിലാണ്. ഉപജീവനമാർഗത്തിന് വഴിയില്ലാതെ വലയുന്നു എന്നതാണ് യാഥാർത്ഥ്യം. ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം രാജ്യത്തെ മുഴുവൻ ജനതയെയും ബാധിച്ച പ്രതിസന്ധിയുടെ തുടർഫലങ്ങളും ഇത് വിളിച്ചുപറയുന്നു. സിഎംഐഇയുടെ കണക്കുകളിൽ തൊഴിലിനുള്ള സർവ അവകാശങ്ങളുമുള്ള 1085 ദശലക്ഷം ആളുകൾ രാജ്യത്തുണ്ട്. പക്ഷെ തൊഴിലിടങ്ങളിലെ പങ്കാളിത്തത്തില്‍ ഇത് പ്രതിഫലിക്കുന്നില്ല. വനിതകളുടെ തൊഴിൽ പങ്കാളിത്തമാകട്ടെ നാമമാത്രമാണ്. 2016–17ല്‍ പതിനഞ്ച് ശതമാനമുണ്ടായിരുന്ന ഇത്. 2021–2022ൽ 9.5 ശതമാനം മാത്രമായി താഴ്ന്നു. പുരുഷ പങ്കാളിത്തം 74 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞു. തൊഴിൽപങ്കാളിത്ത നിരക്കിൽ നഗരപ്രദേശങ്ങൾ ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് ഇടിവ് കൂടുതല്‍ പ്രകടമാക്കുന്നുമുണ്ട്. നഗരപ്രദേശങ്ങളിലെ ഇടിവ് 37.5 ശതമാനമാണ്. 44.7 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനം ഇടിവ്. ഗ്രാമീണ മേഖലയിൽ 46.9 ശതമാനത്തിൽ നിന്ന് 41.4 ശതമാനമായി താഴ്ന്നു. രാജ്യത്ത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ പങ്കാളിത്ത നിരക്ക് 2016 നെ അപേക്ഷിച്ച് അതിവേഗത്തിൽ കുറയുകയായിരുന്നു. തമിഴ്‌നാട്ടിൽ 54 ശതമാനവും ആന്ധ്രയിൽ 56 ശതമാനവുമായി തൊഴിൽ പങ്കാളിത്തം ഉയർന്നു നിന്നു. 2016 മാർച്ചിലെ കണക്കുകളാണിത്. എന്നാൽ 2016 നും 2022 നും ഇടയിലുള്ള കാലയളവിൽ കാര്യങ്ങൾ കൈവിട്ട നിലയിലായി. തമിഴ്‌നാട്ടിൽ 20 ശതമാനവും ആന്ധ്രാപ്രദേശിൽ 17 ശതമാനവും തൊഴിൽ പങ്കാളിത്തം ഇടിഞ്ഞു.


ഇതുകൂടി വായിക്കൂ: ചങ്ങാത്ത മുതലാളിത്തത്തിലെ അവിശുദ്ധ ബന്ധങ്ങള്‍


2022 ജനുവരിയിൽ സിഎംഐഇ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ തൊഴിൽ വിപണിയിൽ നിന്ന് കുറഞ്ഞത് 6.6 ദശലക്ഷം ആളുകളെങ്കിലും പുറത്തുപോയതായി വ്യക്തമാണ്. തൊഴിൽ തേടാൻ പോലും കഴിയാത്തവിധം അർഹരായവർ നിരാശരായി മാറി. വിപണിയിൽ തൊഴിൽ സാധ്യതകളില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. തൊഴിലിന് അർഹരായവർ തൊഴിൽ വിപണിയിൽ നിന്ന് പുറന്തള്ളപ്പെട്ടു. സംവിധാനത്തിൽ അവർ എണ്ണപ്പെടുന്നുപോലുമില്ല. അവരുടെ നിലനില്പിനെ പോലും നിഷേധിക്കുന്നതായിരുന്നു ഭരണകൂട സംവിധാനങ്ങളുടെ നിലപാട്. തൊഴിൽ രഹിതരുടെ കൂട്ടത്തിൽ ഒരിടത്തും അവരെ എണ്ണിയില്ല. അർഹരായവരെ മാറ്റിനിർത്തിയപ്പോൾ രാജ്യത്തെ തൊഴിൽ രംഗം പൊയ്‌മുഖമണിഞ്ഞു. തൊഴിലില്ലാത്തവരുടെ എണ്ണം കുറഞ്ഞു എന്നായി കണക്കുകൾ. തൊഴിൽ സാഹചര്യങ്ങൾ വഷളായെങ്കിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും ചിത്രീകരിക്കപ്പെട്ടു. വ്യാജനിർമ്മിതിയുടെ കണക്കുകൾ വലിയ നേട്ടമായി കേന്ദ്രഭരണകൂടം പ്രചരിപ്പിക്കുന്നു. തൊഴിലില്ലായ്മ നിരക്കിലെ ഇടിവ് സാമ്പത്തിക വീണ്ടെടുക്കലിന്റെ അടയാളമായി സാധാരണ ജനതയോട് പറയുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിനാൽ തൊഴിലവസരങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യത്തോട് കള്ളം വിളിച്ചു പറയുന്നു. കള്ളം, തെറ്റായ കണക്കുകൾ, എല്ലാം അവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.