Friday
20 Sep 2019

ഞെട്ടിക്കുന്ന ലഹരിപ്പിടി; തലസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങള്‍

By: Web Desk | Friday 15 March 2019 2:34 PM IST


കേരള തലസ്ഥാനത്ത് ലഹരി മാഫിയയുടെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇതിന് ബലിയാടാകുന്നത് യുവതലമുറയും . ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ്  തലസ്ഥാനത്ത് നടക്കുന്നത്.

ഇന്നത്തെ യുവതലമുറ നല്ലൊരുഭാഗം മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം അതില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സ്വന്തം ഇച്ഛാശക്തിയും ദിശാബോധവും നഷ്ടപ്പെട്ട്  ചെയ്ത് കൂട്ടുന്നത് എന്തെന്ന് പോലും തിരിച്ചറിയാത്ത അവസ്ഥയിലൂടെയാണ് ഇക്കൂട്ടർ കടന്ന് പോകുന്നത്. നഷ്ടമാകുന്നത് അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ  പ്രതീക്ഷ കൂടിയാണ്.

രണ്ട് ദിവസം മുമ്പ് തലസ്ഥാന നഗരിയെ നടുക്കി അതിക്രൂരമായൊരു കൊലപാതകം നടന്നു. കൊലപാതകത്തിന് പിന്നില്‍ ലഹരി മാഫിയ എന്ന് കണ്ടെത്തുകയും ചെയ്തു. 21 വയസ്സ് മാത്രം പ്രായമുള്ള അനന്തു എന്ന യുവാവാണ് അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ നഗരപരിസരത്ത്‌ കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു വും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനുള്ള പകപോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം .

മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിൽ 13 അംഗ  സംഘമായിരുന്നു . നഗരഹൃദയത്തില്‍ ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന ഒളിസങ്കേതത്തില്‍ മൂന്നര മണിക്കൂര്‍ മൃഗീയമായി മര്‍ദിച്ചും കൈകാല്‍ ഞരമ്പുകള്‍ മുറിച്ചും കരിക്കും തടിയും കൊണ്ടു തലയടിച്ചു തകര്‍ത്തുമാണു കൊലനടത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും ലഭിച്ചിട്ടുണ്ട്.

ഇതിലുപരി  തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍  ഭാവ വ്യത്യാസമില്ലാതെ കൊലപാതകം എങ്ങനെയാണ് ചെയ്തതെന്ന് വളരെ കൃത്യമായി തന്നെ  വിവരിക്കുകയും അഭിനയിച്ച് കാണിക്കുകയും ചെയ്ത ഇവരുടെ മാനസികനില അന്വേഷണോദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നു . 13 പേരില്‍ പന്ത്രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇനി അവശേഷിക്കുന്നത് ഒരാള്‍ മാത്രമാണ്. അറസ്റ്റിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്.

ലഹരി ഉപയോഗിച്ച ശേഷമാണു സംഘം കൃത്യം നടത്തിയതെന്നതിനു തെളിവായി ചില വിഡിയോ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കാനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഘം സ്ഥിരം ഒത്തുകൂടാറുള്ള സ്ഥലത്താണ് അനന്തുവിന്റെ മൃതദേഹം കിടന്നിരുന്നത്. ഇവിടെ ഇവര്‍ ലഹരിയില്‍ കൂത്താടി ഒരു സംഘാംഗത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. ഈ ആഘോഷത്തിനു ശേഷം അനന്തുവിനെ ഇവിടേക്കു തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയെന്നാണു കരുതുന്നത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അനന്തുവിന്റെ മരണത്തിലൂടെ നഷ്ടമായത്. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലാരുന്നു ചാക്ക ഐടിഐ വിദ്യാര്‍ഥിയായ അനന്തു.

സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി പരാതിയുണ്ട്. അനന്തുവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ചിട്ടും മണിക്കൂറുകള്‍ പാഴാക്കി കളഞ്ഞു. പരാതി കിട്ടുമ്പോള്‍ തന്നെ അതിന് വേണ്ട നടപടികൾ  സ്വീകരിച്ചെങ്കില്‍ ആ ജീവൻ  രക്ഷിക്കാന്‍  സാധിച്ചേനെ. ബൈക്കിലെത്തിയ അക്രമികള്‍ പരസ്യമായി ഒരു യുവാവിനെ അടിച്ചുവീഴ്ത്തി ബൈക്കിലിരുത്തി നാടകീയമായി കടത്തിക്കൊണ്ടുപോയ സംഭവം അറിഞ്ഞിട്ടും പൊലീസ് പ്രതികരിച്ചത് അഞ്ചരമണിക്കൂര്‍ കഴിഞ്ഞ് രേഖാമൂലം വീട്ടുകാരുടെ പരാതി കിട്ടിയിട്ടാണെന്നത് വിദേശ രാജ്യങ്ങള്‍ പോലും പഠിക്കാനെത്തുന്ന നമ്മുടെ പൊലീസ് സേനക്ക് അപമാനമാണ്.

മൃഗീയ കൊലപാതകത്തിന്റെ അമ്പരപ്പുമാറുംമുമ്പ് ഇന്നലെ രാത്രി  തലസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ മറ്റൊരു  ജീവനെടുത്തു . മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബൈക്ക്  യാത്രികനായ ശ്യാം ഇടപെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാനും അധോലോകമെന്ന പേരുകേൾപ്പിക്കാനുംരണ്ടുംകല്പിച്ചിറങ്ങുന്നചിലരും അവർക്കുകരുത്തേകുന്നമയക്കുമരുന്നു സംഘങ്ങളും മതിയാകും. ഇവരെനേരിടാനും അമർച്ചചെയ്യാനും രണ്ടുംകൽപ്പിച്ചു സധൈര്യം രംഗത്തിറങ്ങുന്ന നിയമപാലകരാണ്‌  വേണ്ടത്.

Related News