Web Desk

വാഷിങ്ടണ്‍

January 07, 2021, 11:57 am

ക്യാപിറ്റോള്‍ സംഭവം; അപലപിച്ച് ലോക നേതാക്കള്‍

Janayugom Online

ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അമേരിക്ക ജനാധിപത്യത്തിന് പ്രധാന്യം നല്‍കുന്ന രാജ്യമാണ്. ലോകത്തിന് മുന്നിലും അത് അത്തരത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സമാധാനപരമായി അധികാരകൈമാറ്റം ഉണ്ടാകേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണം, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണും വ്യക്തമാക്കി. വിവിധ രാഷട്ര നേതാക്കള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി എത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപലപിക്കേണ്ടി വന്നു, അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് മോദി പ്രതികരിച്ചു.നിയമവിരുദ്ധ പ്രതിഷേധം വഴി ജനാധിപത്യത്തെ അട്ടിമറിക്കാനാകില്ലെന്നും മോദി പറഞ്ഞു.വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദുഃഖമുണ്ട്. അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനാകില്ല, മോദി ട്വീറ്റ് ചെയ്തു.

ENGLISH SUMMARY:Capitol inci­dent; Con­demned world leaders
You may also like this video