Janayugom Online
captain Lakshmi

ക്യാപ്റ്റന്‍ ലക്ഷ്മി

Web Desk
Posted on October 22, 2018, 9:43 am

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

1914 ഒക്‌ടോബര്‍ 24ന് പ്രശസ്ത അഭിഭാഷകനായ സുബ്ബയ്യ രാമസ്വാമിനാഥന്റെയും സാമൂഹ്യ പ്രവര്‍ത്തകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന അമ്മു സ്വാമിനാഥന്റെയും മകളായിട്ടാണ് ക്യാപ്റ്റന്‍ ലക്ഷ്മി ജനിച്ചത്. ലക്ഷ്മി സ്വാമിനാഥന്‍ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി ഓഫീസര്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്റിലെ വനിതാ ക്ഷേമ വകുപ്പ് മന്ത്രി, ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അവര്‍ കൂടുതല്‍ പ്രസിദ്ധയായത് കാണ്‍പൂരിലെ ദരിദ്രരായ രോഗികളുടെ പ്രിയപ്പെട്ട ഡോക്ടര്‍ എന്ന നിലയിലായിരുന്നു. 98-ാം വയസില്‍ മരിക്കുന്നതുവരെയും തന്നെ സമീപിച്ചിരുന്ന എല്ലാ രോഗികളെയും അവര്‍ സൗജന്യമായി ചികിത്സിച്ചു.
1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ലക്ഷ്മി, പ്രേം സൈഗാളിനെ വിവാഹം ചെയ്തതോടെയാണ് ലക്ഷ്മി സൈഗാള്‍ ആയി മാറിയത്. 1940 ല്‍ സിംഗപ്പൂരില്‍ എത്തിയ അവര്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകനായ സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിലാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഐഎന്‍എ യുടെ റാണി ഝാന്‍സി റജിമെന്റ് രൂപീകൃതമായത്. സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യമായ നീതിയും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്നതായിരുന്നു പ്രസ്തുത സംഘടനയുടെ പ്രധാന ലക്ഷ്യം. സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനി നമ്പ്യാരുമായുള്ള പരിചയവും കമ്യൂണിസത്തെക്കുറിച്ചുള്ള എഡ്ഗാര്‍ സ്‌നോയുടെ ‘റെഡ് സ്റ്റാര്‍ ഓവര്‍ ചൈന’ എന്ന പുസ്തകവുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ മാര്‍ക്‌സിസത്തിലേക്ക് ആകര്‍ഷിച്ചത്.
1981 ല്‍ ‘ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്’ (എഐഡിഡബ്ല്യുഎ) അവര്‍ രൂപം നല്‍കി. വിമോചനത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി പൊരുതുന്ന ഓരോ സ്ത്രീക്കും അവര്‍ കരുത്തും ആവേശവുമായി മാറി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപം കൊണ്ടപ്പോള്‍ അതിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റായി. 1945 ല്‍ ബ്രിട്ടീഷ് പട്ടാളം ക്യാപ്റ്റന്‍ ലക്ഷ്മിയെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം ബര്‍മയിലെ വനാന്തരത്തില്‍ വീട്ടുതടങ്കലിലാക്കി. സിംഗപ്പൂരില്‍ വച്ചാണ് കെ പി കേശവമേനോനെ പരിചയപ്പെട്ടത്. അദ്ദേഹവും ഏറെ പിന്തുണ നല്‍കി. ‘എ റവല്യൂഷണറി ലൈഫ്, മെമോയിസ് ഓഫ് എ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്’ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. സുഭാഷിണി അലി, അനിസ പുരി എന്നിവരാണ് മക്കള്‍. മൃണാളിനി സാരാഭായി സഹോദരിയായിരുന്നു. 2012 ജൂലൈ 23ന് 98-ാം വയസില്‍ ക്യാപ്ടന്‍ ലക്ഷ്മി അന്തരിച്ചു.