കാര്‍ കൊക്കയില്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Web Desk
Posted on March 05, 2018, 8:55 pm

ഇരിട്ടി : മാക്കുട്ടത്ത് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് വീരാജ് പേട്ട സ്വദേശിയായ യാത്രക്കാരന്‍ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 ഓടെ മാക്കൂട്ടം കുട്ടപ്പാലം വളവിലാണ് അപകടം. വീരാജ്‌ പേട്ടയില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന മാരുതി റിറ്റ്‌സ് കാര്‍ ആണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികനായ വിരാജ് പേട്ട സ്വദേശി മുസ്തഫ (45) ആണ് മരിച്ചത്. യാത്രക്കാരായ യൂസഫ്(65) കുഞ്ഞഹമ്മദ് (64), ഇബ്രാഹിം (50), അലി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട മുസ്തഫയുടെ ഭാര്യാ സഹോദര പുത്രിയുടെ വിവാഹാലോചനയുമായി ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടം. പരിക്കേറ്റവരെ ഇതുവഴി വന്ന വാഹനയാത്രക്കാര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുസ്തഫയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.