കാർ പറന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു: ആറ് പേര്‍ക്ക് പരിക്ക് — വീഡിയോ പുറത്ത്

Web Desk
Posted on November 23, 2019, 6:20 pm

ഹൈദരബാദ്: അമിതവേഗതയിൽ എത്തിയ കാർ താഴേക്ക് പതിച്ചു. അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ ആളുകൾ ഞെട്ടി. ഹൈദരബാദില റായ് ദുർഗം ഫ്ലൈ ഓവറിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴേക്ക് പതിക്കുകയായിരുന്നു. ബയോഡൈവേഴ്സിറ്റി ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അമിതവേഗതയില്‍ എത്തിയ കാര്‍ ഫ്ലൈഓവറിന്‍റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അപകടത്തില്‍ കാര്‍ ശരീരത്തിലേക്ക് വീണ് യുവതി മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചുവന്ന കാര്‍ അമിതവേഗതയില്‍ ഫ്ലൈഓവറിലേക്ക് എത്തുകയും പിന്നീട് ചെറിയ വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി, കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഏറ്റവും തിരക്കേറിയ ഭാഗത്താണ് അപകടമുണ്ടായത്. എയര്‍ബാഗ് ഉപയോഗിച്ചതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.