Web Desk

ശ്രീനഗര്‍

June 04, 2020, 10:46 pm

കാര്‍ ബോംബാക്രമണ ശ്രമം പരാജയപ്പെടുത്തി; ഭീകരവാദികളുടെ ഒളിത്താവളം തകർത്തു

Janayugom Online

കശ്മീരില്‍ കാര്‍ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ സുരക്ഷാ സേന കണ്ടെത്തി നിര്‍വീര്യമാക്കി. കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ഇത് രണ്ടാം തവണയാണ് സമാനമായ ഭീകരാക്രമണ ശ്രമം സുരക്ഷാ സേനയുടെ ജാഗ്രതയെ തുടര്‍ന്ന് പരാജയപ്പെടുന്നത്. കഴിഞ്ഞ മെയ് 28ന് പുല്‍വാമയിലെ ആയെന്‍ഗുണ്ട പ്രദേശത്ത് കാറിനുള്ളില്‍ സ്‌ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന പറയുന്നത്. തുടര്‍ന്ന് കാര്‍ കണ്ടെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അതിനിടയിൽ ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനിൽ ഭീകരവാദികളുടെ ഒളിത്താവളം തകർത്തു. കലാപങ്ങൾ നടത്താനായി സംഭരിച്ച നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ പുല്‍വാമയിലെ കന്‍ഗന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

ENGLISH SUMMARY:Car bomb attempt unsuc­cess­ful; The ter­ror­ists’ hide­out was destroyed
You may also like this video