സാങ്കേതികവിദ്യ വളര്‍ന്നു, ഒപ്പം ഹാക്കര്‍മാരും

Web Desk
Posted on January 29, 2019, 9:22 pm

ന്യൂഡല്‍ഹി: പുത്തന്‍ തലമുറയിലെ റിമോട്ട് നിയന്ത്രിത താക്കോല്‍ കാറുകള്‍ വ്യാപകമായ മോഷണ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുടേതടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്. താക്കോലുകള്‍ക്ക് പകരം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് കാറിന്റെ ലോക്ക് അഴിക്കുന്നതും എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യന്നതും. ഉപകരണത്തില്‍ നിന്നുള്ള സിഗ്നലിനെ ഹാക്ക് ചെയിതുകൊണ്ടാണ് മോഷണം സാധ്യമാക്കുന്നത്.

ജര്‍മ്മന്‍ ജനറല്‍ ആട്ടോമാറ്റിക് ക്ലബ് നടത്തിയ പരീക്ഷണത്തില്‍ 237 മോഡലുകളില്‍ 230 എണ്ണവും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതായി കണ്ടെത്തി. എന്നാല്‍ ഈ തലമുറയിലെ വാഹനങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലാണെന്നും വാഹന മോഷണ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും വാഹന നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റു ആരോപണങ്ങള്‍ തെറ്റാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ക്കായി വര്‍ഷാവര്‍ഷം വന്‍ തുക നിക്ഷേപം നടത്താറുണ്ടെന്നും സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹാവെ പറഞ്ഞു.