കാറുകളിലെ ബേബി സീറ്റുകൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവന് ഭീഷണി

Web Desk
Posted on May 23, 2019, 2:22 pm

കുഞ്ഞുങ്ങള്‍ക്ക് യാത്രകളിൽ സുരക്ഷയൊരുക്കാനാണ് ബേബി സീറ്റുകൾ, എന്നാൽ അമേരിക്കന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടൊരു പഠനം പറയുന്നത് ബേബി സീറ്റുകള്‍ പോലും സുരക്ഷിതമല്ല എന്നാണ്.

യാത്രാവേളകളില്‍ അല്ലാതെ ബേബി സീറ്റ് ഉപയോഗിച്ച വേളകളിൽ പോലും കുട്ടികളുടെ അപകടമരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനത്തില്‍ പറയുന്നു.

അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 3,700 കുഞ്ഞുങ്ങളുടെ മരണമാണ് Sud­den Infant Death Syn­drome (SIDS) മൂലം നടക്കുന്നത്. ശ്വാസം ലഭിക്കാതെയോ മറ്റു അശ്രദ്ധകള്‍ മൂലമോ ആണ് ഇത്തരം മരണങ്ങളില്‍ അധികവും. 2004- 2014 കാലഘട്ടത്തില്‍ ഏകദേശം 11,779 കുട്ടികളുടെ മരണം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 348 കുട്ടികള്‍ മരണപ്പെട്ടത്‌ ഇത്തരം സീറ്റിങ് സംവിധാനങ്ങളില്‍ വച്ചാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ 63% മരണവും കാര്‍ സീറ്റില്‍ വച്ചാണ്.

ചില മരണങ്ങള്‍ കുഞ്ഞ് കാര്‍ സീറ്റില്‍ നിന്നും താഴെ വീണും മറ്റു ചിലത് കാര്‍ സീറ്റ് തന്നെ മറിഞ്ഞു വീണും ആയിരുന്നു. മണിക്കൂറുകള്‍ കുഞ്ഞിനെ തനിച്ചു കാറിനുള്ളില്‍ ഇരുത്തി രക്ഷിതാക്കള്‍ പുറത്തുപോയത് വഴിയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.