18 April 2024, Thursday

കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 15, 2021 7:51 pm

കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം നാന്ദികുറിക്കുന്നത്. 1990 മുതൽ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു സ്വകാര്യ മാതൃകയിൽ കാരവൻ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര വളർച്ചയ്ക്കും പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളേയും കാരവൻ ടൂറിസം പിന്തുണയ്ക്കും. പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുകയും ചെയ്യും.
പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തിൽ കാരവൻ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്.
സോഫ‑കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും.

മലിനീകരണ വാതക ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക. അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കാരവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കിൽ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കും. വിനോദസഞ്ചാരികൾക്ക് സമ്മർദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവൻ പാർക്ക്. ചുറ്റുമതിൽ, സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിംഗ്, നിരീക്ഷണ ക്യാമറകൾ എന്നിവ പാർക്കിൽ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ പ്രാദേശിക അധികാരികളുമായും മെഡിക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാർക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.
ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡയറക്ടർ കൃഷ്ണതേജ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Eng­lish Sum­ma­ry : car­a­van tourism pol­i­cy declared by kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.