മനുഷ്യന്റെ മറുപിള്ളയില്‍ കാര്‍ബണിന്റെ സാനിധ്യം

Web Desk
Posted on September 20, 2019, 12:24 pm

ലണ്ടന്‍: വാഹനങ്ങളിലെയും ഫാക്ടറികളിലെയും കല്‍ക്കരി വൈദ്യുതി പ്ലാന്റുകളിലെയും പുകഗര്‍ഭിണികളുടെ മറുപിള്ളയിലേക്ക് എത്തിച്ചേരുന്നുവെന്ന് പഠനം. ഭ്രൂണത്തിന്റെ മറുപിള്ളയില്‍ കറുത്ത നിറത്തിലുള്ള കാര്‍ബണിന്റെ അംശം കണ്ടെത്തിയതായി നാച്വര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ സാനിധ്യമാണ് കണ്ടെത്തിയതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ദൈനംദിന ജീവിതത്തില്‍ മലിനീകരണം വലിയ തോതില്‍ നേരിടേണ്ടി വരുന്ന സ്ത്രീകളിലെ മറുപിള്ളയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
ബെല്‍ജിയത്തിലെ ഹാസാള്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ സ്‌കാനിംഗ് രീതി ഉപയോഗിച്ചാമ് ഇവ കണ്ടെത്തിയത്. 28 ഗര്‍ഭിണികളെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഇത്തരം കാര്‍ബണ്‍ മാലിന്യങ്ങള്‍ നവജാത ശിശുക്കളിലെ ഭാരക്കുറവിനും നേരത്തെയുള്ള പിറവിക്കും കാരണമാകുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.

അമ്മയുടെ ശ്വാസകോശം വഴിയാകും ഇത് മറുപിള്ളയില്‍ എത്തിച്ചേര്‍ന്നത് എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ടിം നവ്‌റോട്ട് പറഞ്ഞു. അതേസമയം ഭ്രൂണത്തില്‍ ഇത്തരം മാലിന്യ സാനിധ്യം കണ്ടെത്താനായിട്ടില്ല. അതേസമയം മറുപിള്ള ഭേദിച്ച് ഭ്രൂണത്തിലെത്തി ഈ കാര്‍ബണ്‍ മാലിന്യങ്ങള്‍ക്ക് ഭ്രൂണത്തിന് കേടുവരുത്താനാകുമെന്ന് ഈ പഠനത്തിലൂടെ വ്യക്തമായിട്ടില്ലെന്ന് മറ്റൊരു വിദഗ്ധ ചൂണ്ടിക്കാട്ടി. മറുപിള്ളയില്‍ കാര്‍ബണിന്റെ സാനിധ്യമെന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് എന്നാല്‍ ഇവ എത്ര അളവില്‍ എത്തിയാല്‍ ഇത് ഭ്രൂണത്തിന് ദോഷകരമാകുമെന്നത് സംബന്ധിച്ച ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഡോ.യോയെല്‍ സഡോവ്‌സ്‌കി പറഞ്ഞു.
മറുപിള്ളയില്‍ നിന്നാണ് ഭ്രൂണത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നത്. അമ്മയുടെ രക്തചംക്രമണ വ്യവസ്ഥയിലെ ദോഷകരമാകുന്ന ഘടകങ്ങള്‍ ഭ്രൂണത്തിലെത്താതെ തടയുന്നതും മറുപിള്ളയാണ്.