ഏലയ്ക്ക വില കിലോയ്ക്ക് 3000; നേട്ടമില്ലാതെ കര്‍ഷകര്‍

Web Desk
Posted on April 27, 2019, 12:40 pm
കട്ടപ്പന:ഏലയ്ക്ക വില കിലോയ്ക്ക് 3000 ആയി ഉയര്‍ന്നെങ്കിലും നേട്ടമില്ലാതെ കര്‍ഷകര്‍. പ്രളയക്കെടുതിയില്‍ ഏലം കൃഷി വ്യാപകമായി നശിച്ചതോടെ വിളവ് കുത്തനെ കുറഞ്ഞിരുന്നു.ഇതേതുടര്‍ന്നാണ് ചരിത്രത്തിലാദ്യമായി ഏലയ്ക്ക വില കിലോയ്ക്ക് 3000 രൂപയിലെത്തിയത്. കഴിഞ്ഞ ദിവസം പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന വണ്ടന്‍മേട് മാസ് എന്റര്‍പ്രൈസസിന്റെ ഏലയ്ക്ക ലേലത്തിലാണ് ചരിത്രവിലയായ 3000 രേഖപ്പെടുത്തിയത്.
151 ലോട്ടുകളിലായി 27030.4 കിലോയാണ് വിറ്റുപോയത്. ശരാശരി വില 2154.1 രൂപയാണ്. രാവിലെ നടന്ന നെടുങ്കണ്ടം ഹെഡ്ഡര്‍ സിസ്റ്റത്തിന്റെ ലേലത്തില്‍ 2400 ആയിരുന്നു ഉയര്‍ന്ന വില. 279 ലോട്ടുകളിലായി 46168.4 കിലോ വിറ്റിരുന്നു. 2124.51 രൂപയായിരുന്നു ശരാശരി വില. ഉച്ചയ്ക്കുശേഷം നടന്ന ലേലത്തില്‍ 600 രൂപയാണ് വര്‍ധിച്ചത്.വ്യാഴാഴ്ച നടന്ന ലേലത്തില്‍ 2168, 2112 എന്നിങ്ങനെയായിരുന്നു വില നിലവാരം.
പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഏലം മേഖലയില്‍ ഉണ്ടായത്. ഇരുട്ടടിയായി തുടര്‍ന്നു വന്ന കനത്ത വേനലും.കനത്ത മഴയ്ക്കുശേഷം തോട്ടങ്ങളില്‍ രോഗങ്ങളും വ്യാപിച്ചു. അഴുകല്‍, തട്ട ചീയല്‍, ശരം അഴുകല്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം ഹെക്ടര്‍ കണക്കിന് ഏലം കൃഷിയാണ് നശിച്ചത്. രോഗം ബാധിച്ച ചെടികള്‍ നശിച്ചു.വരള്‍ച്ചയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി. ഏലത്തിന്റെ തട്ടകള്‍ ഒടിഞ്ഞുവീഴുകയും പൂര്‍ണമായും നശിക്കുകയും ചെയ്തു,
ഉല്‍പാദനത്തില്‍ വന്‍ ഇടിവ് ഉണ്ടായി. ഇത്് വിപണിയില്‍ ഏലയ്ക്ക വില ഉയര്‍ത്തി.  ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ നിന്നുള്ള ആവശ്യമേറിയതും വില ഉയര്‍ത്തി.
കഴിഞ്ഞ സെപ്റ്റംബറില്‍ ഏലയ്ക്ക കിലോഗ്രാമിന് 2227 രൂപയിലെത്തിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ 1500 രൂപയാണ് ഉയര്‍ന്നത്. ആറ് വര്‍ഷംമുമ്പ് കിലോഗ്രാമിന് 1938 വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്് ആദ്യവാരത്തില്‍ ഏറ്റവും ഉയര്‍ന്ന വില 1265ഉം ശരാശരി വില 963 രൂപയുമായിരുന്നു.