Web Desk

കൊച്ചി

January 19, 2020, 8:51 pm

കർദിനാൾ ആലഞ്ചേരിയുടെ ലൗ ജിഹാദ് സർക്കുലർ പള്ളികൾ ബഹിഷ്കരിച്ചു

Janayugom Online

കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സീറോ മലബാർ സഭ മെത്രാൻ സിനഡിനു ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളും വായിക്കാതെ ബഹിഷ്കരിച്ചു. വായിച്ച ഏതാനും പള്ളികളിൽ ലൗ ജിഹാദ് എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തതായാണ് വിവരം.
ഈ മാസം 10 മുതൽ 15 വരെയായിരുന്നു സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ സീറോ മലബാർ സഭയിലെ മുഴവൻ മെത്രാൻമാരും പങ്കെടുത്ത് സിനഡ് നടന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണെന്നായിരുന്നു സിനഡ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് നടപടിയാവശ്യപ്പെട്ട് സിനഡ് ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തയക്കുകയും ഇതിൽ കമ്മീഷൻ ഡിജിപിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സിനഡിന്റെ വിലയിരുത്തലിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറിയായിരുന്ന ഫാ. കുര്യാക്കോസ് മുണ്ടാടൻ കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സീറോ മലബാർ സഭയുടെ പരാമർശത്തിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.