Friday
23 Aug 2019

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തല്‍ സ്ഥാനത്തുനിന്ന് മാറ്റണം: എറണാകുളം അങ്കമാലി രൂപതയിലെ വൈദികര്‍സമരം തുടങ്ങി

By: Web Desk | Thursday 18 July 2019 3:17 PM IST


കൊച്ചി : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തല്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി രൂപതയിലെ വൈദീകര്‍ സമരം തുടങ്ങി. അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയത്. രൂപത ആസ്ഥാനത്തോട് ചേര്‍ന്ന് ഉപവാസവും പ്രാര്‍ഥനയും ആരംഭിച്ചുവെന്ന് വൈദീകനായ ജോസ് വൈലികോടത്ത് മാധ്യമങ്ങളോട് പറഞ്ഞു . അടുത്ത സ്ഥിരം സിനഡ് കൂടുമ്പോള്‍ മാര്‍പാപ്പയുടെ പ്രതിനിധി അധ്യക്ഷത വഹിക്കണം. കാരണം കാണിക്കാതെ മാറ്റി നിര്‍ത്തിയ സഹായ മെത്രാന്മാരെ തിരികെ കൊണ്ടുവരണം. മേജര്‍ആര്‍ച്ചു ബിഷപ്പിനെ തല്‍ സ്ഥാനത്തുനിന്ന് മാറ്റണം. സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ചു ബിഷപ്പിനെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിമത വൈദീകര്‍ ഉന്നയിക്കുന്നത്. ഇതിനിടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തൃശൂരില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്തു.

കര്‍ദിനാളിന്റെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും സഭ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു സംഘര്‍ഷത്തിന് വഴിവെയ്ക്കാന്‍ സാധ്യത ഉണ്ട് . ഇന്നലെ എറണാകുളംഅങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കൂര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ വിമത വൈദീകര്‍ പരസ്യമായി രംഗത്തുവരികയായിരുന്നു . വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ എന്തെങ്കിലും അറിയാമോയെന്നായിരുന്നുഇന്നലെ പ്രധാനമായും ഫാ.കുര്യാക്കോസ് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം. വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷംസമരം കൂടുതല്‍ ശക്തമാക്കുകയാണ്. കര്‍ദിനാളിനെതിരെ വ്യജ രേഖ ചമച്ചു വെന്ന കേസില്‍ ഫാ.പോള്‍ തേലക്കാട്ടില്‍, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്,ആദിത്യ,ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ നാലുവരെയുളള പ്രതികളാക്കി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ മൂന്നാം പ്രതി ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

 

ഇത്തരത്തില്‍ ചമച്ച വ്യാജ രേഖ ആദിത്യ ഇ മെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസില്‍ ആദിത്യയെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഫാ.പോള്‍ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്ക് ലഭിച്ച രേഖയുടെ നിജ നിസ്ഥിതി അറിയുന്നതിനായി മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ഫാ.പോള്‍ തേലക്കാട്ടില്‍ പറഞ്ഞത്. ലഭിച്ച രേഖയുടെ സത്യാവസ്ഥ അറിയുന്നതിനായി കര്‍ദിനാളിന് രേഖ കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.സിനഡില്‍ രേഖ അവതരിപ്പിച്ച കര്‍ദിനാള്‍ തനിക്ക് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആദിത്യയെ അറസറ്റു ചെയ്യുകയുമായിരുന്നു. ആദിത്യയുടെ സുഹൃത്തായ വിഷ്ണു റോയിയെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു.

Related News