ഡോ. മൃണാല്‍

May 18, 2021, 6:11 pm

കോവിഡിന്റെ രണ്ടാം വരവ് കരുതലോടെ നമുക്ക് നേരിടാം

Janayugom Online

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കണ്ടുവരുന്നത്. കഴിഞ്ഞ പ്രാവശ്യത്തെക്കാളേറെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്റെ ആവശ്യം കണ്ടുവരുന്നുണ്ട്. കൂടുതല്‍ രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ ആവശ്യമുള്ളതായി കാണുന്നു. പട്ടം എസ് യു ടി ആശുപത്രിയിലും മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജനും മരുന്നുകളും ലഭ്യമാണ്, അതുപോലെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗികളുടെ വരവ് അനുസരിച്ച് കോവിഡ് ബെഡിന്റെ എണ്ണവും കൂട്ടിയിട്ടുണ്ട്.

ഇതുകൂടാതെ ചെറിയ ലക്ഷണങ്ങളോടുകൂടി വീടുകളില്‍ തന്നെ ഐസൊലേറ്റ് ചെയ്ത കോവിഡ് രോഗികളുമുണ്ട്. അവരെ Catago­ry A (mild dis­ease) ല്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവര്‍ക്ക് ഓക്‌സിജന്റെ ആവശ്യം വരുന്നില്ല. അവരെ സംബന്ധിച്ച് അവര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുസരിച്ച് ചികിത്സ ലഭ്യമാക്കിയാല്‍ മതി. കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും പനി കുറയാന്‍ പാരസെറ്റമോള്‍ കൊടുക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക. അതുപോലെ സാധാരണ കഴിക്കുന്ന ലളിത ആഹാരം കഴിക്കുക, അതിനോടൊപ്പം വിശ്രമിക്കുക. അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ടെലി മെഡിസിന്‍ വഴി ആശുപത്രിയുമായി ബദ്ധപ്പെടുക. എസ് യു ടി ആശുപത്രിയിലും മറ്റ് മിക്ക സ്വകാര്യ ആശുപത്രികളിലും ‘ഹോം കെയര്‍ സൗകര്യം’ ഉണ്ട്. അതുപോലെ ടെലിമെഡിസിനിലൂടെ ഡോക്ടറുമായി സംസാരിച്ച് ചികിത്സ തുടരാനുള്ള സംവിധാനവുമുണ്ട്.

എസ് യു ടി ആശുപത്രിയിലെ ‘എസ് യു ടി ഹോം കെയര്‍’ സൗകര്യത്തില്‍ രോഗികള്‍ക്ക് ആവശ്യമുള്ള ബ്ലഡ് ടെസ്റ്റുകള്‍, കോവിഡ് രോഗനിര്‍ണയത്തിനുള്ള ആന്റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളും മരുന്നുകളും ഒക്കെ ലഭ്യമാണ്.

Catago­ry A വിഭാഗം രോഗികള്‍ വീടുകളില്‍ തന്നെ ശരീരതാപനില നോക്കുകയും അതുപോലെ സാച്ചുറേഷന്‍( രക്തത്തിലെ ഓക്‌സിജന്റെ അളവ്) നോക്കുകയും വേണം. സാച്ചുറേഷന്‍ 94 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ തല്‍ക്കാലത്തേക്ക് കുഴപ്പമില്ല വീട്ടില്‍ തന്നെ തുടരാവുന്നതാണ്. 94 ശതമാനത്തില്‍ താഴെ പോവുകയാണെങ്കില്‍ ഓക്‌സിജന്റെ ആവശ്യമുണ്ട് എന്ന് സൂചിപ്പിക്കുന്നു. അങ്ങനെയുള്ളവരെ ആശുപത്രിയിലെത്തിക്കുകയും കൃത്യസമയത്ത് ഓക്‌സിജന്‍ കൊടുക്കുകയും വേണം.

എന്നാല്‍ ചില സാഹചര്യത്തില്‍ രോഗിക്ക് ഓക്‌സിജന്‍ മാത്രം കൊടുത്താല്‍ സാച്ചുറേഷന്‍ കൂടുകയില്ല. ഇതിനെ severe dis­ease എന്ന് പറയുന്നു. ഈ രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു.

Mod­er­ate dis­ease ഉള്ളവര്‍ക്ക് സിലിണ്ടറില്‍ കൂടിയല്ലാതെ സെന്‍ട്രല്‍ ഓക്‌സിജന്‍ ലഭ്യമാണ്. സിലിണ്ടര്‍ ഓക്‌സിജന്‍ ഉപയോഗിക്കുമ്പോള്‍ 6 മണിക്കൂര്‍ ഇടവിട്ട് ഓക്‌സിജന്‍ തീരുകയും അത് മാറ്റിവയ്‌ക്കേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ സെന്‍ട്രല്‍ സപ്ലൈ തുടര്‍ച്ചയായി ലഭിക്കുന്നു. ഇതു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്നതാണ്.

അസുഖം വന്ന് 10 ദിവസം കഴിയുമ്പോള്‍ ഒരു ആന്റിജന്‍ ടെസ്റ്റ് ചെയ്യാം, അത് നെഗറ്റീവ് ആയാല്‍ ഏഴുദിവസം കൂടി ക്വാറന്റൈന്‍ തുടരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികള്‍ mod­er­ate covid dis­ease ആണ് കാണിക്കുന്നതെങ്കില്‍ (അതായത് ഓക്‌സിജന്‍ കൊടുക്കുമ്പോള്‍ സാച്ചുറേഷന്‍ കൂടുന്നുണ്ടെങ്കില്‍) അവര്‍ക്ക് ഓക്‌സിജന്റെ ആവശ്യമില്ലാതെ സാച്ചുറേഷന്‍ സ്ഥിരത ആകുന്ന ഘട്ടം എത്തി, പനി ഒന്നും ഇല്ല എന്നുണ്ടെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. വെന്റിലേറ്ററില്‍ ആണ്, ഗുരുതര അവസ്ഥയാണെങ്കില്‍ ഉദാഹരണത്തിന് എച്ച്‌ഐവി രോഗി, സ്റ്റീറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍ ഒക്കെ ആണെങ്കില്‍ അവരെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യില്ല. ഇവരെ ഏകദേശം 14 ദിവസം കഴിഞ്ഞ് രോഗം ഭേദമയശേഷം ഡിസ്ചാര്‍ജ് ചെയ്യും.

ഐസിയു രോഗികളെ വാര്‍ഡിലേക്ക് എപ്പോ മാറ്റണം എന്നുള്ളത് അവിടുത്തെ ഡോക്ടര്‍മാരുടെ തീരുമാനമാണ്. കോവിഡ് രോഗി ആണെന്ന് മനസ്സിലാക്കിയാല്‍ ആ രോഗിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. രോക തീവ്രത കൂടുന്നത് മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു.

ഈ ഒരു അവസ്ഥ വരാതിരിക്കാന്‍ മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. വീടിനുള്ളിലും മാസ്‌ക് ധരിക്കുക, എല്ലാവരും ഒരേ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക.

എല്ലാവരും പരസ്പരം മാനസികമായി പ്രചോദിപ്പിക്കുക. ശാരീരിക പിന്തുണ മാത്രമല്ല
മാനസിക പിന്തുണയും പ്രധാനമാണ്. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ പങ്കിടാത്ത ഇരിക്കുക. നെഗറ്റീവായ ടിവി പ്രോഗ്രാമുകള്‍, നെഗറ്റീവായ വാര്‍ത്തകള്‍ മാനസികാരോഗ്യത്തെ ബാധിക്കും, അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

ഏതൊരു അസുഖം ആണെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്താലും രോഗം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആ അസുഖത്തിന്റെ തീവ്രത കുറവായിരിക്കും. വളരെ അപൂര്‍വ്വമായി മാത്രമേ പ്രതിരോധ കുത്തിവെപ്പ് എടുത്ത ആള്‍ക്കാര്‍ക്ക് രോഗത്തിന് ശരിക്കുമുള്ള തീവ്രതയില്‍ അസുഖം വരികയുള്ളൂ.

എത്രത്തോളം നമ്മള്‍ അശ്രദ്ധ കാണിച്ചു എന്നത് ആശ്രയിച്ചാണ് വാക്‌സിനേഷന് ശേഷം വരുന്ന രോഗത്തിന്റെ തീവ്രത. വാക്‌സിനേഷന്‍ ലഭ്യത ഇപ്പോള്‍ കുറവാണ് ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ലഭിക്കുന്ന സെന്ററില്‍ തിക്കുംതിരക്കും കൂടാതെ സുരക്ഷിതമായി വാക്‌സിനേഷന്‍ എടുക്കണം.

കോവിഡ് രോഗികളുടെ പ്രവേശനം എങ്ങനെയൊക്കെ ആണെന്ന് ഗവണ്‍മെന്റ് നിരന്തരമായി വീക്ഷിക്കുന്നുണ്ട്. അതുപോലെ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടോ എന്നും ഗവണ്‍മെന്റ് പരിശോധിക്കുന്നു. ഈ ഒരു അവസ്ഥയില്‍ വെന്റിലേറ്ററിന്റെ കുറവ് വന്നാല്‍ വേറെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണവും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സിജന്‍ കുറവ് വന്നാല്‍ അത് സ്വകാര്യ ആശുപത്രികളിലാണെങ്കിലും ഗവണ്‍മെന്റ് ആശുപത്രികളിലാണെങ്കിലും ഗവണ്‍മെന്റ് ഇടപെട്ട് കുറവ് നികത്തും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ വൈകിയതിനാലാണ് ഈ waveല്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് രോഗം പിടിപെട്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയാണ് രോഗം വരാനുള്ള സാധ്യത. കഴിഞ്ഞ waveല്‍ കുട്ടികള്‍ക്ക് അധികം രോഗം ബാധിച്ചിരുന്നില്ല. രോഗവ്യാപനം കൂടിയതിനാലാണ് കോവിഡിന്റെ രണ്ടാം വരവില്‍ മരണനിരക്ക് കൂടിയത്.

കൃത്യമായി ഗവണ്‍മെന്റിന്റെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരമാവധി സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാതെ സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിക്കുകയും ജോലിക്ക് പോകുന്ന ആള്‍ക്കാര്‍ കൃത്യമായി മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ഹാന്‍ഡ് ഹൈജീന്‍ ശീലമാക്കുകയാണെങ്കില്‍ കോവിഡിനെ ഒരുപരിധിവരെ നമ്മള്‍ക്ക് പ്രതിരോധിക്കാവുന്നതാണ്.

Eng­lish Sum­ma­ry : Care and pre­cau­tion in Covid sec­ond wave 

You may also like this video :