Saturday
16 Feb 2019

വയോജനങ്ങളുടെ സംരക്ഷണം കര്‍ശനമായി ഉറപ്പുവരുത്തണം

By: Web Desk | Wednesday 6 February 2019 10:49 PM IST

ല്ലാ നല്ല മനസുകളെയും വേദനിപ്പിക്കുന്നതാണ് വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയോ മന്ദിരങ്ങളില്‍ തള്ളുകയോ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതുവഴി വയോജനങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് വയോജനങ്ങളുടെ വിഭാഗത്തില്‍പ്പെട്ട 10.4 കോടി പേരാണുള്ളത്. കേരളത്തില്‍ ജനസംഖ്യയുടെ 12.83 ശതമാനം ഇവരാണ്. ജനസംഖ്യയിലെ വലിയൊരു വിഭാഗമാണ് ഇതിലുള്‍പ്പെടുന്നത് എന്നതിനാല്‍തന്നെ അവരുടെ സുരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 25 ലക്ഷം പേര്‍ വീതമെങ്കിലും ഈ ജനസംഖ്യയില്‍ കൂടുതലായെത്തുന്നുണ്ടെന്നാണ് നിഗമനം. അതിനാല്‍തന്നെ വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നയങ്ങളും നിയമനിര്‍മാണങ്ങളും കേന്ദ്ര – സംസ്ഥാന തലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

2007 ല്‍ പ്രാബല്യത്തില്‍വന്ന മാതാപിതാക്കളുടെയും വയോജനങ്ങളുടെയും ക്ഷേമവും പരിപാലനവും നിയമമാണ് ഇതില്‍ സുപ്രധാനമായത്. ഈ നിയമത്തിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനത്തുണ്ടാക്കിയ ചട്ടങ്ങള്‍ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരെ പരിപാലന ഓഫീസര്‍മാരായി നിയമിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മക്കള്‍ സംരക്ഷിക്കാത്ത വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനുമാണ് ട്രൈബ്യൂണലുകള്‍ പ്രധാനമായും ശ്രമിക്കാറുള്ളത്. ഇതിന് പുറമേ ക്രിമിനല്‍ നടപടിക്രമത്തിന്റെ 125-ാം വകുപ്പ് പ്രകാരം മക്കളാല്‍ മാതാപിതാക്കള്‍ ശരിയായ രീതിയില്‍ ഏതുവിധേനയും സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള കാര്യം അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ മതങ്ങളോ മതസ്ഥാപനങ്ങളോ ഒന്നും തന്നെ മാതാപിതാക്കളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാനല്ലാതെ ഉപേക്ഷിക്കുന്നതിനെ ശക്തമായി തടയുകയും ചെയ്യുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യത്ത് മാതാപിതാക്കള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. വൃദ്ധസദനങ്ങളുടെ എണ്ണപ്പെരുപ്പത്തിനുള്ള പ്രധാനകാരണവും ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതുതന്നെയാണ്. കൊച്ചുസംസ്ഥാനമായ കേരളത്തില്‍ മാത്രം അറുനൂറോളം വൃദ്ധസദനങ്ങളും 11,000 ത്തിലധികം അന്തേവാസികളുമുണ്ടെന്നത് നമ്മെ ഞെട്ടിക്കേണ്ട കണക്ക് തന്നെയാണ്. 2007ല്‍ കേന്ദ്ര നിയമത്തിന്റെ തുടര്‍ച്ചയായി ചട്ടങ്ങളുണ്ടാക്കുകയും കര്‍ശനമായ ഉദ്യോഗസ്ഥ – പൊതുജന നിരീക്ഷണസംവിധാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടും ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. അണുകുടുംബങ്ങളുടെ ആവിര്‍ഭാവവും തൊഴില്‍പരമായ പ്രത്യേക സാഹചര്യങ്ങളുമാണ് ഇതിന് കാരണമാകുന്നതെന്ന ന്യായീകരണം സ്വാഭാവികമാണ്. മനുഷ്യബന്ധങ്ങള്‍ക്ക് വിലയില്ലാതാകുന്ന, സൗഹൃദങ്ങള്‍ക്കപ്പുറം സ്വന്തംകാര്യത്തിനും ഉപഭോഗതൃഷ്ണയ്ക്കും പ്രചോദനമേകുന്ന ആധുനികകാല ജീവിതവ്യവസ്ഥയും ഇതിന് കാരണമാകുന്നുണ്ട്. എന്നാല്‍ മാനുഷികമായും ധാര്‍മികമായും പരിശോധിക്കുമ്പോള്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രധാനമായും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് ‘അനാഥമാകുന്ന’ ഇവരുടെ ദുരിതങ്ങള്‍ കര്‍ശന നടപടികളിലൂടെ തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ വ്യവസ്ഥ ചെയ്തുകൊണ്ട് നിയമഭേദഗതി വരുത്താനുള്ള ശ്രമം ശ്രദ്ധേയമാകുന്നത്. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കുന്ന വിധത്തിലാണ് ഭേദഗതി. നിലവില്‍ മൂന്ന് മാസം തടവും 5,000 രൂപ പിഴയുമായിരുന്നത് ആറ് മാസം തടവും 10,000 രൂപ പിഴയുമായി ഉയര്‍ത്തും. ജീവനാംശപരിധി നിശ്ചയിച്ചതിലും മാറ്റം വരും. 10,000 രൂപ വരെ എന്നത് ഒഴിവാക്കി രക്ഷിതാക്കളുടെ മാന്യമായ ജീവിതവും ആവശ്യവും മക്കളുടെ സാമ്പത്തികശേഷിയും മാനദണ്ഡമായി നിശ്ചയിക്കാനാണ് തീരുമാനം. ഇതടക്കം 2007 ലെ കേന്ദ്ര നിയമത്തിനുള്ള ഭേദഗതി രൂപരേഖ തയ്യാറാക്കിയെന്നാണ് വാര്‍ത്തകള്‍. നിലവിലെ നിയമത്തില്‍ മക്കള്‍ എന്ന നിര്‍വചനത്തിലും മാറ്റമുണ്ട്. ദത്തെടുത്തവര്‍, രണ്ടാം വിവാഹത്തിലെ മക്കള്‍, മരുമക്കള്‍ തുടങ്ങിയവര്‍ക്ക് എല്ലാം പരിപാലന ചുമതലയുമുണ്ടാകും. ഭക്ഷണം, താമസം, ചികിത്സ എന്നിവയ്ക്ക് പുറമേ അവര്‍ക്ക് സുരക്ഷയും ഉറപ്പുവരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈദ്യസഹായം, പൊലീസ് സഹായം, എന്നിവയ്ക്ക് ബന്ധപ്പെടാനും പരാതി നല്‍കാനും കഴിയുന്ന ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാന സര്‍ക്കാന്‍ സജ്ജമാക്കണമെന്നും (കേരളത്തില്‍ നേരത്തേ തന്നെ ഇത് നിലവില്‍ വന്നിട്ടുണ്ട്) വ്യവസ്ഥയുണ്ട്.

ചെറുപ്പം മുതല്‍ പരിപാലിക്കുകയും വളര്‍ത്തി ഒരു നിലയിലെത്തിക്കുകയും ചെയ്യുന്ന സ്വന്തം രക്ഷിതാക്കളെ നടതള്ളുകയെന്നത് പൊറുക്കാനാവാത്ത ക്രൂരതയാണ്. അതിന് തക്കതായ ശിക്ഷ തന്നെയാണ് മറുമരുന്ന്. കൂടുതല്‍ കര്‍ശനമായ ശിക്ഷാ വിധികളോടൊപ്പം മാതൃജനസ്‌നേഹവും സ്‌നേഹബന്ധങ്ങളും സൗഹൃദത്തിന്റെ ആവശ്യകതയും ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കാനാവുന്ന വിധത്തില്‍ വിദ്യാഭ്യാസ രീതികളിലും മാറ്റം വരേണ്ടതുണ്ട്.