സുരേഷ് എടപ്പാൾ

October 25, 2020, 2:31 pm

ഒരേയൊരു ചാപ്പ്മാന്‍

Janayugom Online

കാൽപന്തുകളിയിലെന്നും ആഘോഷിക്കപ്പെടുന്നത് സ്ട്രൈക്കർമാരുടെ വീരേതിഹാസങ്ങളാണ്. അവർ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ നിറക്കുന്ന പ്രതീക്ഷയും ആവേശവും ചെറുതല്ല. പക്ഷേ, ഓരോ ഗോൾ പിറക്കുന്നതിനുപിന്നിലുമുള്ള ആസൂത്രണവും ബുദ്ധിയും കരുനീക്കങ്ങളും വളരെ സമഗ്രമാണ്. എതിർ ഗോൾ വല ചലിക്കുന്നത് യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട മുന്നേറ്റങ്ങളീലുടെയാകുന്നത് വളരെ വിരളമാണ്. എന്നാലും ഗാലറികൾ ആർത്തു വിളിക്കുന്നത് ഒരേഒരു നാമയിരിക്കും. അത് മറ്റാരുടേതുമാകില്ല. മധ്യനിര മെനഞ്ഞെടുക്കുന്ന ഗെയിം പ്ലാനിന് അവസാന ടച്ച് നൽകി എതിർ ഗോളിയെയും കബളിപ്പിക്കുന്ന, അല്ലെങ്കിൽ തകർപ്പനടിയിലൂടെ അയാളെ കീഴപ്പെടുത്തുന്ന ആ വീരന്റെ.… ഗോൾ വേട്ടക്കാരന്റെ. ഐ എം വിജയനും ബൈജിംഗ് ബൂട്ടിയയും നീലക്കുപ്പായത്തിൽ പെനാൽട്ടി ബോക്സിൽ ഇടിമിന്നൽ പോലെ ചാടി വീഴുമ്പോൾ ആ കാലുകളിലേക്ക് കൃത്യമായി പന്തെത്തിച്ചിരുന്ന ഒരു മികച്ച ഫുട്ബോളറുണ്ടായിരുന്നു നമുക്ക്. കാൾട്ടൺ ആന്റണി ചാപ്പ്മാൻ. കളിയെ കായിക ശക്തിക്കും ബുദ്ധിക്കുമൊപ്പം ശാസ്ത്രീയമായി സമീപിച്ച സൗന്ദര്യാത്മക ഫുട്ബോളിന്റെ ആചാര്യൻ. നിസ്വാർത്ഥനായ ഫുട്ബോളർ. പന്ത് വലയിലെത്തിച്ച് സഹകളിക്കാരൻ ഗാലറിയിലേക്ക് കൈകളുയർത്തുമ്പോൾ, ആനന്ദച്ചുവടുകൾ വക്കുമ്പോൾ അയാൾക്കടുത്തേക്ക് കുതിച്ചെത്തിയിരുന്ന ആ മധ്യനിരക്കാരൻ ഇനി ഇല്ല.

മിന്നും താരം

ഫുട്ബോൾ സ്ട്രൈക്കറുടെ മാത്രം കളിയല്ലെന്നും എതിരാളികളുടെ, കാരിരിമ്പിന്റെ കരുത്തുള്ള പ്രതിരോധത്തിന്റെ പിഴവുകൾ തേടുന്ന, എതിർ ഹാഫിൽ അങ്കലാപ്പുന്ന ചൂണ്ടയുമായത്തെുന്ന മികച്ച മധ്യനിരക്കാരന്റേതു കൂടിയാണെന്ന് തെളിയിച്ച രാജ്യം കണ്ട മികച്ച ഫുട്ബോളറായിരുന്നു ചാപ്പ്മാൻ. ഹൃദയാഘാതത്തെ കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരിവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രയം 49. മുന്നേറ്റ നിരതാരങ്ങൾ ചില സന്ദർഭത്തിലെങ്കിലും അൽപ്പം സ്വാർത്ഥരാകുമ്പോൾ കരിയറിൽ ഒരു കാലത്തും സ്വന്തമായൊരു വിലാസത്തിനു

ശ്രമിക്കാതെ കളത്തിൽ ടീമിനായി സമർത്ഥമായി നിലകൊളളുന്ന മധ്യനിരക്കാരുടെ പര്യായമായി കാൾട്ടൺ ചാപ്പ്മാൻ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ നിലകൊണ്ട ചാപ്പ്മാൻ കളിക്കളത്തിൽ നിറഞ്ഞു നിന്ന് മിന്നും താരമായി. ഗോളടി വീരൻമാർ വലകുലുക്കുമ്പോഴെല്ലാം ഓർത്തെടുത്ത പറഞ്ഞു. അയാളാണ് ആ ഗോളിന്റെ അസിസ്റ്റെന്ന്. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തേയും ആ മികച്ച മധ്യനിരക്കാരൻ ഇനി ഓർമ്മമാത്രം. ഇനിയൊരിക്കലും കാൽപന്തുകളിലുയുടെ അനുഭവങ്ങളും പാഠങ്ങളും പങ്കുവെക്കാൻ ആ മിഡ്ഫീൽഡർ വരില്ല.

മികച്ച പോരാളി

1971 ൽ കർണ്ണാടകയിലെ ബംഗളൂരിൽ ജനിച്ച ചാപ്മാൻ 1980 കളിലാണ് ഫുട്ബോളിൽ സാന്നിധ്യമറിയിക്കുന്നത്. ബംഗളൂരു സായ്സെന്ററിലൂടെയായിരുന്നു തുടക്കം. പിന്നീട് ടാറ്റാ ഫുട്ബോൾ അക്കാദമിയിലേക്ക്. കൽക്കട്ടയിലെ വമ്പൻ ക്ലബ്ബുകളായ മോഹൻബഗാനും, ഈസ്റ്റ് ബംഗാളും മുഹമ്മദൻസുമൊക്കെ രാജ്യത്തെ ക്ലബ് ഫുട്ബോൾ രംഗം അടക്കി വാണിരുന്ന കാലം. പല ഫുട്ബളോർമാരും ഈ ക്ലബുകളിൽ സ്ഥാനം നേടുന്നത് സ്വപ്നതുല്യമായി കണ്ട കാലം. ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ മികവു തെളിയിച്ച ചാപ്പ്മാനെ സ്വന്തമാക്കാൻ കൽക്കട്ടക്കാരുടെ പോര്. ഒടുവിൽ ഈസ്റ്റ് ബംഗാളിന്റെ ജേഴ്സിയിൽ താരോദയം. 1993 ഈസ്റ്റ് ബംഗാളിനുവേണ്ടി ഇറാഖി ക്ലബ്ബായ അൽ സാവ്രയുടെ വലയിൽ മൂന്നുഗോളുകൾ നിറച്ച ആ യുവതാരം, പിന്നീട് രാജ്യത്തെ തന്നെ ഒന്നം നിര കളിക്കാരനായി മാറി. 1995 ൽ പഞ്ചാബ് ടീമായ ജെസിടി മിൽസ് ഫഗ്വവാരെയിലെത്തിയതോടെ ദേശീയ ഫുട്ബോളിൽ ജെ സി ടിയുടെ വിജയകാലമായി. 14 ടൂർണ്ണമെന്റുകളിലാണ് ചാപ്പ്മാന്റെ കൂടി ബലത്തിൽ ജെ സി ടി ജയിച്ചു കയറിയത്. തുടർന്ന് ദേശീയ ടീമിലെത്തുന്നു. ഒട്ടും താമസമില്ലാതെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി മാറുകയും ചെയ്തു ചാപ്പ്മാൻ. നെഹ്റുകപ്പിൽ ഇറാഖിനെതിരെ നേടിയ തകർപ്പൻ ഗോളൊന്നു മതി ടീമിനവേണ്ടി ജീവൻ നൽകുന്ന പോരാളിയുടെ ആത്മവീര്യം എത്രമാത്രം ഉന്നതമാണെന്നതിന്. 1991 മുതൽ 2001 വരെ ദേശീയ ടീമിൽ നിറഞ്ഞു കളിക്കുകയും ചെയ്തു. പശ്ചിമബംഗാൾ, കർണ്ണാടക, പഞ്ചാബ് ടീമുകൾക്കുവേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങൾക്കായി സന്തോഷ് ട്രോഫിയിൽ ജേഴ്സി അണിഞ്ഞെന്ന പ്രത്യേകതയും ചാപ്പ്മാനിലെ ഫുട്ബോളർ എത്രമാത്രം മൂല്യമുള്ളതായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു.

മിഡ് ഫീൽഡ് മാസ്ട്രോ

കേരളത്തിന്റെ ഫുട്ബോൾ ടീമിൽ അംഗമായില്ലായിരുന്നെങ്കിലം എ ഫ് സി കൊച്ചിനുവേണ്ടി 1997–98 സീസണിൽ അദ്ദേഹം കളിക്കുകയുണ്ടായി. രാമൻവിജയൻ, ഐ എം വിജയൻ, ജോപോൾ പിന്നെ ചാപ്പ്മാനും എഫ് സി കൊച്ചിൻ കൽക്കട്ട ക്ലബ്ബുകളുടെ ഉറക്കം കെടുത്തുന്നതായിരുന്ന ആ കാലം. മിഡ് ഫീൽഡ് മാസ്ട്രോ എന്ന് സഹകളിക്കാർ വിശേഷിപ്പിച്ച ചാപ്പ്മാൻ ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ നെടും തൂണായിരുന്നു. ചാപ്പ്മാനോടൊപ്പം ബൈജിംഗ് ബൂട്ടിയയും ഐ എം വിജയനും ചേർന്നാൽ ആ ത്രയങ്ങൾ ഏതൊരു എതിരാളിക്കും പേടിസ്വപ്നം തന്നെ. ബൈജിംഗ് ബൂട്ടിയയും വിജയനും ഗോളടിക്കാതിരിക്കാൻ എതിരാളികൾ സമർത്ഥമായി പൂട്ടിയിരുന്നത് ചാപ്പ്മാനെയായിരുന്നു. എതിർ ടീമിന്റെ ശക്തമായ മാർക്കിങ്ങിന് വിധേയനായ

കളിക്കാരൻ കൂടിയായിരുന്ന ചാപ്പമാൻ. മുന്നേറ്റത്തിന്റെ മുനയൊടിക്കാൻ സ്ട്രൈക്കർമാർക്ക് കൃത്യമായി പന്തെത്തിക്കുന്ന റൂട്ടകളിൽ ഇടപെടുക എന്ന എതിർ ടീമിന്റെ തന്ത്രത്തിൽ പ്രഥമ നോട്ടപ്പുള്ളി ചാപ്പമാൻ തന്നെയായിരുന്നു.

പരിശീലകന്‍

2002 മുതൽ ചാപ്പ്മാൻ പരിശീലനത്തിൽ സജീവമായി. ടാറ്റാ ഫുട്ബോൾ അക്കാദമി, ഭവാനിപൂർ എഫ് സി, സുദേവ മൂൺലൈറ്റ് തുടങ്ങി ആറോളം ക്ലബ്ബുകളുടെ മുഖ്യ പരിശീലകനായിരുന്നു. കോഴിക്കോട് ആസ്ഥാനമായ

ക്വാർട്ട്സ് എഫി സി യുടെ മുഖ്യ പരിശീലകനും ടെക്നിക്കൽ ഡയറക്ടറുമായിരുന്നു. കേരളത്തോടും കാൽപന്തുകളിയോടുള്ള കേരള കളിക്കാരുടെസമർപ്പണത്തോടും വലിയ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്ന ചാപ്മാ,ൻ ഐ എം വിജയന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുമായിരുന്നു. 2017 മുതൽ ക്വാർട്ട്സ് എഫി സി യുടെ പരിശീലനത്തിനായി ഇടക്കിടെ കേരളത്തിലെത്തിയിരുന്ന ചാപ്പാമാൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ആരാധകരെ ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഹൃദയം തുറന്ന ചിരിച്ചും തമാശകൾ പങ്കുവച്ചും കോഴിക്കോടിന്റെ പല സായാഹ്നങ്ങളിലും ഒരു സാധാരണക്കാരനെപ്പോലെ ഫുട്ബോൾ സ്നേഹികൾക്കൊപ്പം കോഴിക്കോട് നഗരത്തിന്റെ ജനപഥങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു അദ്ദേഹം. 2017 മുതൽ ക്വാർട്സിനെ പരിശീലപ്പിച്ചു തുടങ്ങിതിനെ തുടർന്ന് ആ സീസണിൽ തന്നെ ടീമിനെ കേരളപ്രീമിയർ ലീഗിൽ ഫൈനലിലെത്തിക്കാനും ചാപ്പ്മാന് കഴിഞ്ഞു. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനകരുടെ സംഘത്തിലും ചാപ്പ്മാനുണ്ടായിരുന്നു. കഴിഞ്ഞ വർഷം ക്വാർട്സി വിട്ട ചാപ്പ്മാൻ ഗോകുലം എഫ് സിയുടെ റിസേർവ്വ് കോച്ചായി മടങ്ങി വരാനിരിക്കെയാണ് ജീവതമൈതാനിയിലെ അവസാന വിസിൽ.

കളത്തിനു പുറത്ത് ഏറ്റവും നല്ല സുഹത്തും കളത്തിൽ സഹകളിക്കാരനുമായി

ചാപ്പ്മാനിൽ ഉണ്ടാകുന്ന ഭാവഭേദം സർവ്വരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെക്കാല മൈതാനങ്ങളെ അടക്കി വാണ, ഗാലറികളിൽ ആരവങ്ങൾ തീർത്ത, സഹകളിക്കാരിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം നിറച്ച കാൾട്ടൺ ചാപ്പ്മാൻ

”മികച്ച ഫോർവേഡിനെ ചാലഞ്ച് ചെയ്യുമ്പോൾ അയാളെ പിടിച്ചു നിർത്താൻ

കഴിഞ്ഞാൽ നമ്മളിലെപ്രതിരോധക്കാരൻ വിജയിച്ചു. അയാളെ ടാക്ക്ൾ

ചെയ്യാൻ കഴിഞ്ഞാൻ നമുക്ക് മേൽക്കൈ കിട്ടി എന്നർത്ഥം. അതേസമയം

അറ്റാക്കർ ഡിഫന്ററെ ടാക്കിൾ ചെയ്താൽ നമ്മൾ ഇനിയും

പഠിക്കാനുണ്ട്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന് നാം സ്വയം മനസ്സിലാക്കണം.”

-കാൾട്ടൺ ആന്റണി ചാപ്പ്മാൻ

വിജയൻ

ചാപ്പ്മാന്റെ മരണം രാജ്യത്തിന്റെ ഫുട്ബോളിനും അതിനെ സ്നേഹിക്കുന്നവ്ർക്കും പുതിയഫുട്ബോളർമാർക്കുമുണ്ടായ കനത്ത നഷ്ടമാണ്. സമ്മർദ്ദങ്ങളേതുമില്ലാതെ നിറ പുഞ്ചിരിയുമായി പന്തിനെ പ്രണിയിച്ച ഫുട്ബോളർ. എനിക്ക് അദ്ദേഹം സഹോദരനായിരുന്നു. ഞങ്ങൾ ഒരു കുടുംബം തന്നെയായിരുന്നു.

സഹിക്കാനാവുന്നില്ല ഈ വിയോഗത്തെ.… ഒരിക്കൽ പോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല കാൾട്ടണെ, കളത്തിനകത്തും പുറത്തും നന്മ നിറഞ്ഞ മനുഷ്യർ തന്നെ അപൂർവ്വം. കണ്ണ് നിറഞ്ഞു കൊണ്ട് രാജ്യം കണ്ട എക്കാലത്തേയും

മികച്ച ഫുട്ബോർമാരിലൊരാളായ ഐ എം വിജയൻ അനുസ്മരിച്ചു.

വിജയനും ചാപ്പ്മാനും ജെ സി ടിയിലും എഫ് സി കൊച്ചിനിലും ദേശീയ

ടീമിലുമൊക്കെയായി നിരവധി ഒരുമിച്ചു കളിച്ചു.

എ ഐ എഫ് എഫ്

കളിച്ചു കളി പരിശീലിപ്പിച്ചും തലമുറകളെ ഫുട്ബോളിനോട് ചേർത്തു

നിർത്താൻ ചാപ്പ്മാൻ സമർപ്പിച്ചത് സ്വന്തം ജീവിതമായിരുനെന്നും

രാജ്യത്തിന്റെ കളിക്കളങ്ങൾക്ക് അദ്ദേഹത്തിന്റെ വിയോഗം

പരിഹരാക്കാനാകാത്ത നഷ്ടമാണ് എഫ് എഫ് പ്രസിഡണ്ട് പ്രബുൽപട്ടേലും ജനറൽ

സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.