ദേവേന്ദു ദാസ്

കഥ

July 25, 2021, 3:46 am

കരോൾ ബാഗ്

Janayugom Online

കളുടെ കൈപിടിച്ച് പൊടിപടലങ്ങൾ വലയം വച്ച് നോയിഡാസിറ്റിയിൽ നിൽക്കുമ്പോൾ ദിക്കറിയാത്ത യാത്രക്കാരിയുടെ പരിഭ്രമം കണ്ണിൽ തിരയടിച്ചു, ഇണ നഷ്ടപ്പെട്ട പക്ഷിയുടെ ഗദ്ഗദം തൊണ്ടയിൽ കുരുങ്ങി.
എത്തേണ്ടത് കരോൾബാഗിലാണ്. അവിടെ ക്വീൻ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. നാളെ നടക്കാനുള്ള ഇന്റർവ്യൂ ജീവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മുപ്പതിയഞ്ച് വയസിൽ എത്തി നിൽക്കുമ്പോൾ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുടെ അതിർ വരമ്പിൽ കൂടിയാണ് നിൽക്കുന്നത്. വിധവകൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകുമോ? വിധവയോ? വിവാഹിതയാകാതെ വിധവയാകുമോ. വിവാഹം എന്ന സ്ഥാപനത്തോട് ഒട്ടും താൽപര്യമില്ലാത്ത ഉപാധികളില്ലാത്ത പ്രണയത്തിന്റെ വക്താക്കളായി ലിവിങ് ടുഗതർ എന്ന പുരോഗമനാശയത്തോടൊപ്പം നിന്ന് പ്രണയിച്ച കാലത്തിന് പകരം വയ്ക്കാനൊന്നുമില്ല. എങ്കിലും കടുത്ത ജീവിതസത്യങ്ങൾ തുറിച്ചു നോക്കുമ്പോൾ വിധവകൾക്ക് കിട്ടാമായിരുന്ന പ്രായപരിധിയിലെ ഇളവുപോലും നഷ്ടങ്ങളുടെ പട്ടികയിലേക്ക് കൂടിച്ചേർക്കാവുന്ന ഒന്നാകുന്നു. കടുത്ത ട്രാഫിക്ക് നോക്കി നിൽക്കുമ്പോൾ തന്നെ പരിഭ്രമം തോന്നി. മുന്നിലുള്ള വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന ദൂരത്തിലോടുന്നു ഓരോ വണ്ടിയും. ഇടയ്ക്ക് ചെറിയ ഗാപ്പിലേക്ക് നുഴഞ്ഞു കയറി പരക്കം പായൽ എന്ന കർമ്മം സംതൃപ്തിയോടെ ചെയ്യുന്ന വണ്ടികൾ.
അതുകണ്ടു നിന്നപ്പോൾ ടാക്സി പിടിക്കാൻ ധൈര്യം വന്നില്ല. മെട്രോ സ്റ്റേഷൻ അടുത്തുണ്ടെന്ന് മനസ്സിലായി.
മോളുടെ വാടിയ മുഖത്തേക്ക് നോക്കി- “മോൾക്ക് വിശക്കുന്നോ? ”
“കുറേശ്ശേ..”
ഉരുട്ടു വണ്ടിയിൽ പാനിപൂരി വിൽക്കുന്ന കച്ചവടക്കാരന്റെ അടുത്തു നിന്നും പാനിപൂരി വാങ്ങി രണ്ടുപേരും കൂടി കഴിച്ചു. ബോട്ടിലിലെ ശേഷിച്ച വെള്ളത്തിൽ വായും കൈയും കഴുകി. രണ്ടു ബാഗും രണ്ടു കൈകളിലായി എടുത്തു ഹാൻഡ് ബാഗ് തോളിൽ തൂക്കി മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. മകൾ ഒപ്പം ചേർന്നു നടന്നു. കൊച്ചി മെട്രോയിൽ കയറിയിട്ടില്ല. ഡൽഹി മെട്രോയിൽ കയറാൻ പോകുന്നു! മെട്രോ ട്രെയിന്റെ സിസ്റ്റം എന്താണ്? അൽപമൊരു പരിഭ്രമത്തോടെയാണ് സ്റ്റേഷനിലേക്ക് കാലെടുത്തു വച്ചത്.
വൃത്തിയും വെടിപ്പും വെൺമയും നിറഞ്ഞ ഇടം. മലിനമായ ഈ സ്ഥലത്ത് ഇങ്ങനെ വിമലീകരിക്കപ്പെട്ട ഇടമുണ്ടാകുമെന്ന് കരുതിയതേയില്ല. മറ്റുള്ളവർ ചെയ്യുന്നത് ശ്രദ്ധിച്ച് കണ്ടുപഠിച്ച് എല്ലാം ചെയ്തു ഡെസ്റ്റിനേഷൻ കരോൾബാഗടിച്ചു രണ്ടു ടിക്കറ്റിനുള്ള കാശിട്ടപ്പോൾ രണ്ടു ടോക്കണുകൾ യന്ത്രം നൽകി. ടോക്കൺ തൊടുമ്പോൾ നമുക്കായി തുറക്കപ്പെടുന്ന ചെറിയ എൻട്രി ഡോറിലൂടെ ആദ്യം മോളും പിന്നെ ഞാനും കടന്നു പോയി. ഞങ്ങൾക്ക് പോകേണ്ടത് ദ്വാരകാ സെക്ടറിലേക്കുള്ള മെട്രോ ട്രെയിനിലാണ്. ഓരോ സ്ഥലത്തേക്ക് ഓരോ നിറത്തിലുള്ള വരകളുണ്ടെന്ന് മനസ്സിലായി. വയലറ്റ് ലൈനാണ് ഞങ്ങളുടെ വഴി. മിനുസമുള്ള തറയിൽ വയലറ്റ് നിറത്തിലുള്ള കാലടികൾ ശ്രദ്ധിച്ചാൽതന്നെ നമ്മുടെ പ്ലാറ്റ്ഫോമിലെത്തും. മെട്രോ ട്രെയിൻ ഒരു അത്ഭുതം പോലെ ഞാനും മോളും നോക്കി നിന്നു. വളരെ വേഗം ഓരോന്നു വരുന്നു നിറയുന്നു പോകുന്നു. പ്ലാറ്റ്ഫോമിൽ നിറഞ്ഞു നിൽക്കുന്ന ജനസഞ്ചയം ഓരോ ട്രെയിനും നിറയ്ക്കുന്ന ആളുകൾ, എല്ലാം ആ മഹാ നഗരത്തിലെ ജനപ്പെരുപ്പത്തെ ഓർമ്മിപ്പിച്ചു. മെട്രോ ട്രെയിനില്ലായിരുന്നെങ്കിൽ ഈ മഹാ നഗരത്തിലെ ഗതാഗതസംവിധാനം എന്താകുമായിരുന്നു? ഇത്രയധികം ആളുകൾ, അവരുടെ തിരക്കുകൾ, അവരുടെ ജീവിതങ്ങൾ… തന്നെ പോലെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന എത്ര ജീവിതങ്ങളു ണ്ടാകും ഇക്കൂട്ടത്തിൽ അവൾ കാഴ്ചക്കാരിയായി ആ ആൾക്കൂട്ടത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും വിവിധ തരത്തിലുള്ള വാക്കുകൾ വിവിധ ശബ്ദത്തിൽ കർണങ്ങളിൽ ഒന്നിനുമീതേ ഒന്നായി പതിഞ്ഞു.
മെട്രോ ട്രെയിനുകളെല്ലാം പ്രൗഢിയോടെ വന്നു നിൽക്കുകയും പോകുകയും ചെയ്യുന്നു. നമ്മുടെ സാദാ ട്രെയിനുകൾ മെട്രോ ട്രെയിനിനെ കണ്ടുമുട്ടിയാൽ പട്ടണത്തിലെ പരിഷ്ക്കാരിയെ കണ്ട നാട്ടുമ്പുറത്തുകാരിയെ പോലെ ഒന്നു ചുളിയേനെ. കുറച്ചു നേരം കാഴ്ച കണ്ടതിന് ശേഷം വന്ന ട്രെയിനിൽ തിരക്കിനൊപ്പം കയറി. പുറംമോടി പോലെ തന്നെ അകവും ഗംഭീര എ സി. നിൽക്കുമ്പോൾ പിടിക്കാൻ വരിവരിയായി തൂക്കൽ. അമ്മൂട്ടിക്ക് കയറിയപ്പോൾ തന്നെ സീറ്റുകിട്ടി. ഇംഗ്ലീഷിൽ നിർദ്ദേശങ്ങൾ മുറയ്ക്ക് വന്നു കൊണ്ടിരുന്നു. കരോൾബാഗായി എന്ന് എങ്ങനെയറിയും എന്ന ആശങ്കയ്ക്ക് നിമിഷങ്ങളുടെ ദൈർഘ്യമെ ഉണ്ടായിരുന്നുള്ളു. ഇലക്ട്രോണിക്ക് വേമാപ്പ് വാതിലുകൾക്ക് മുകളിൽ ഉണ്ടായിരുന്നു. എൽഇഡി വെട്ടം എത്തിയ സ്ഥലവും പിന്നിടേണ്ട വഴിയും വ്യക്തമായി കാട്ടിത്തന്നു. മുഴക്കമുള്ള ശബ്ദം ഓരോ സ്റ്റേഷൻ എത്തുമ്പോഴും അറി യിച്ചു കൊണ്ടേയിരുന്നു. നെക്സ്റ്റ് സ്റ്റേഷൻ ഈസ് ബൊട്ടാണിക്കൽ ഗാർഡൻ എന്നിങ്ങനെ. മയൂർ വിഹാർ ആയപ്പോൾ അമ്മൂട്ടിയുടെ അടുത്ത് എനിക്കും സീറ്റുകിട്ടി. അമ്മൂട്ടി ആഹ്ലാദവതിയായിരുന്നു. ആ ആറു വയസുകാരി കൗതുകത്തോടെ കണ്ണുകൾ വിടർത്തി ചുറ്റും നോക്കിക്കൊണ്ടിരുന്നത്, നാട്ടിൽ ചെല്ലുമ്പോൾ പുതുതായി താൻ കയറിയ വണ്ടിയുടെ പ്രത്യേകത കൂട്ടുകാരികളോട് പങ്കു വയ്ക്കുന്നതിന്റെ ഗമ സങ്കൽപ്പിച്ചു കൊണ്ടായിരുന്നു. “നെക്സ്റ്റ് സ്റ്റേഷൻ ഈസ് മണ്ടി ഹൗസ്.”
“അയ്യോ അമ്മവീട് അടുത്ത സ്റ്റേഷനിലാ അമ്മ ഇറങ്ങിക്കോ…” അറിയിപ്പിനൊപ്പം ഉച്ചത്തിൽ ചിരിച്ചു കൊണ്ടവൾ ബഹളം കൂട്ടി. അന്തംവിട്ട് എന്നോട് അവൾ കണ്ണിറുക്കിക്കൊണ്ട്, “അമ്മ‑മണ്ടി” എന്ന് ഉറക്കെപ്പറഞ്ഞു. അടുത്തു നിന്നു പുഞ്ചിരിച്ച സ്ത്രീ മലയാളിയെന്ന് ഞാനൂഹിച്ചു. “പോടീ…” എന്ന് അവളോട് കള്ള ദേഷ്യപ്പെട്ടു.
മണ്ടി ഹൗസ് കഴിഞ്ഞ് രാജീവ് ചൗക് കഴിഞ്ഞ്, ആർ കെ.ആശ്രമ് മാർഗ് കഴിഞ്ഞ് ത്സണ്ഡവാലൻ കഴിഞ്ഞായിരുന്നു ഞങ്ങൾക്കിറങ്ങേണ്ട കരോൾബാഗ്. “പാസഞ്ചർസ് പ്ലീസ് കീപ് അവേ ഫ്രം ദ ഡോർ” ഓരോ സ്റ്റേഷൻ കഴിഞ്ഞ് ഡോറടയുമ്പോൾ ലൗഡ് സ്പീക്കർ ഈ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത സ്റ്റേഷൻ ഏതെന്ന് പറയുന്നതിനൊപ്പം ”ദ ഡോർ ഓപ്പൺസ് ടു ദ റൈറ്റ് അല്ലെങ്കിൽ ലെഫ്റ്റ്” എന്ന നിർദ്ദേശങ്ങളും ഉണ്ടാവും. അതനുസരിച്ച് യാത്രക്കാർ അവരവരുടെ വാതായനങ്ങളുടെ അടുത്തെത്തും.
കരോൾ ബാഗിലിറങ്ങുമ്പോൾ ഇങ്ങോട്ടുള്ള യാത്ര ഏതാണ്ടവസാനിച്ച ആശ്വാസത്തിലാ യിരുന്നു. ഇനി ബുക്ക് ചെയ്ത ഹോട്ടലിലെത്തണം.
മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വലിയൊരു പൊടിപിടിച്ച തിരക്കിലാണ് ചെന്നുപെട്ടത്. ഫോണെടുത്ത് ബുക്കിങ്ങ് ഡീറ്റെയിൽസ് നോക്കി ഹോട്ടലിന്റെ പേരു മനസ്സിൽ പതിപ്പിച്ചു.
അടുത്തു നിന്ന വൃദ്ധനോട് ഓട്ടോ എവിടെ കിട്ടുമെന്ന് ചോദിച്ചു. അയാൾ വഴി ചൂണ്ടിക്കാട്ടുന്നതിനൊപ്പം മോളേ നോക്കിയിട്ട് പറഞ്ഞു. “ബിടിയാ കോ സംഭാൽക്കർ ലേ ജാവോ.” അയാളുടെ വാക്കുകളിൽ, തിരക്കിൽ മകളെ സൂക്ഷിക്കണം എന്ന ധ്വനിയിൽ ഞാൻ ഒന്നു കൂടി ജാഗരൂ കയായി.
“എന്റെ രണ്ടു കൈകളിലും ലഗേജാണ്. അമ്മുട്ടി അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കൂടെ വരണം.”
അമ്മൂട്ടി എന്റെ കൈത്തണ്ടയിൽ മുറുകെ തന്നെ പിടിച്ചു. ഞങ്ങൾ കരോൾബാഗിലെ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങുകയായി. സമയം ആറുമണിയായി. വഴിയോര കച്ചവടത്തിന്റെ വലിയൊരു കേന്ദ്രമാണ് കരോൾ ബാഗ്. വസ്ത്രങ്ങൾ, പഴങ്ങൾ, ബെൽറ്റുകൾ, ഒരുക്കസാധനങ്ങൾ, ബെഡ്ഷീറ്റുകൾ, കമ്പിളിപ്പുതപ്പുകൾ, തൊപ്പികൾ, വാച്ചുകൾ… ഇങ്ങനെ അനേകം കച്ചവടങ്ങൾ. അതിനു ചുറ്റും ആളുകൾ. തെരുവിലൂടെ ജനം തിക്കിത്തിരക്കി നീങ്ങുന്നു. ഓട്ടോയൊന്നും കിടപ്പില്ല.
കുറേ ദൂരെ ഒരു ഓട്ടോ കാണുന്നുണ്ട്. ഞാൻ ബാഗുകളുമായി നടന്നു. “മോളേ അമ്മേടെ കൂടെ നടക്കണേ. സൂക്ഷിക്കണേ…” മോൾ സമ്മതഭാവത്തിൽ ഒന്നുകൂടി മുറുകെ പിടിച്ചു. ഞങ്ങൾ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പെൺകുട്ടി നീട്ടിപ്പിടിച്ച പാത്രവുമായി മുന്നിലെത്തിയത്. ഏതാനും നാണയത്തുട്ടുകൾ ആ പാത്രത്തിലുണ്ടായിരുന്നു. ചെമ്പിച്ച തലമുടി പിന്നിൽ കെട്ടിയിരുന്നു. ആ കെട്ടിൽ നിന്നിറങ്ങി ചെമ്പൻ മുടികളിൽ ഒത്തിരിയെണ്ണം പാറിക്കളിച്ചു കൊണ്ടിരുന്നു. അഴുക്കും കരിയും മുഖത്തും വസ്ത്രത്തിലും പുരണ്ടിരുന്നു. “ആ പെൺകുട്ടിക്ക് അമ്മൂട്ടിയുടെ പ്രായമുണ്ടാവും. കഷ്ടം ഹാൻഡ് ബാഗിൽ നിന്ന് കാശെടുക്കാൻ രണ്ടു കൈയും ഒഴിയില്ല. മാത്രമല്ല ആ ഓട്ടോ നഷ്ടപ്പെടരുത്. ഞാൻ കാലുകളുടെ വേഗത കൂട്ടി. പിന്നെയാണ് കണ്ടത് അവളോടൊപ്പം അവളുടെ അമ്മയുമുണ്ട്. ഏതാണ്ട് അവളേപോലൊക്കെത്തന്നെ ചെമ്പൻ മുടിയും പഴകിയ കീറിയ വസ്ത്രവും. ഞാൻ അവരോട് മനസ്സിൽ ക്ഷമാപണം നടത്തി. അവരെ അവഗണിച്ച് ധൃതിയിൽ നടന്നു. ഒരുവിധം ഓട്ടോറിക്ഷയുടെ അടുത്തു ചെന്നു.
“ഭയ്യാ ക്വീൺ ഹോട്ടൽ ജാനാ ഹേ… ” ഞാൻ ലഗേജുകൾ തറയിൽ വച്ചു കൊണ്ട് പറഞ്ഞു. അമ്മൂട്ടി എന്നിട്ടും പിടിവിടാത്തതിനാൽ കൈയൊന്നു അടർത്തി അവളെ നോക്കി. ഞാൻ അതിഭയങ്കരമാംവിധം നടുങ്ങി. എന്റെ കൈയ്യിൽ പിടിച്ചിരുന്നത് ആ ഭിക്ഷക്കാരിപ്പെണ്ണായിരുന്നു..!

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ