കമ്പനിയുടെ പേരും ലോഗോയും ഉൾപ്പെടുന്ന ക്യാരിബാഗിന് പ്രത്യേകം പണമീടാക്കുന്ന സൂപ്പർമാർക്കറ്റുകൾക്കെതിരെ ഉത്തരവുമായി ഹൈദരാബാദിലെ ഉപഭോക്തൃ കോടതി. സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പണമടക്കുമ്പോൾ കമ്പനിയുടെ പേരിലുള്ള ക്യാരിബാഗിന് പ്രത്യേകം പണമീടാക്കുന്നത് അന്യായമായ വിപണനരീതിയാണെന്നും ഇത് നിർത്തലാക്കണമെന്നും ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
‘മോർ മെഗാസ്റ്റോറി‘നെതിരെ നിയമവിദ്യാർത്ഥിയായ ഭഗ്ലേക്കർ ആകാശ് കുമാർ നൽകിയ പരാതിയിലാണ് നടപടി. ലോഗോയുള്ള ക്യാരിബാഗ് പണമീടാക്കി നൽകുന്നതിലൂടെ ഉപഭോക്താവിനെ പരസ്യ ഏജന്റാക്കി മാറ്റുകയാണ് കമ്പനി ചെയ്യുന്നതെന്നും ഇത് 1986‑ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമാനമായ ഒരു കേസിൽ റീട്ടെയിൽ ഭീമന്മാരായ ബിഗ് ബസാറിനെതിരെ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പുറപ്പെടുവിച്ച വിധിയും വക്കണ്ടി നരസിംഹറാവു, പി.വി.ടി.ആർ ജവഹർ ബാഹു, ആർ.എസ് രാജശ്രീ എന്നിവരടങ്ങുന്ന ബെഞ്ച് ഉദ്ധരിച്ചു. പരാതിക്കാരന് 15000 രൂപ നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
ക്യാരിബാഗിന് അധികമായി മൂന്ന് രൂപ വാങ്ങുന്നത് നിയമവിരുദ്ധമല്ലെന്ന് മോർ മെഗാസ്റ്റോറിനു വേണ്ടി ഹാജരായ അഡ്വ. കെ. ചൈതന്യ വാദിച്ചു. ക്യാരി ബാഗ് വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കാറില്ലെന്നും പൂർണമായും തന്നിഷ്ടപ്രകാരമാണ് ബാഗുകൾ വാങ്ങാറുള്ളതെന്നും അവർ പറഞ്ഞു. എന്നാൽ, ലോഗോ പതിക്കാത്ത ക്യാരി ബാഗുകൾക്ക് പണം ഇൗടാക്കാമെന്നും ലോഗോ പതിക്കുകയാണെങ്കിൽ ബാഗ് ഫ്രീ ആയി നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.
english summary;Carrybag must be provided free of charge if the shop has a name: Consumer Court
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.